ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടവുമായി ജോസ് ബട്ട്‌ലര്‍. അവസാനം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഇഗ്ലണ്ട് എട്ട് റണ്‍സിന് വിജയിച്ചു.
പരിക്കില്‍ നിന്നും പൂര്‍ണമായും മുക്തനായി തിരിച്ചുവന്നു എന്ന് തെളിയിക്കുന്ന പ്രകടനമാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കാഴ്ചവെച്ചത്.
32 പന്തില്‍ 68 റണ്‍സ് നേടിയാണ് ബട്ട്‌ലര്‍ പുറത്തായത്. എട്ട് ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു ബട്ട്‌ലറുടെ ഇന്നിങ്‌സ്. വെറും 25 പന്തില്‍ നിന്നുമാണ് താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
നേരത്തെ പരിക്കിനെതുടര്‍ന്ന് പാകിസ്ഥാനെതിരായ ഏഴ് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ബട്ട്‌ലര്‍ മാറിനിന്നിരുന്നു. തന്റേതായ സ്ഥിരം ഷോട്ടുകള്‍ കാഴ്ചവെച്ചാണ് ബട്ട്‌ലര്‍ മത്സരത്തില്‍ തിളങ്ങിയത്.
ബട്ട്‌ലര്‍ക്കൊപ്പം 51 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പടെ 84 റണ്‍സ് നേടിയ അലക്‌സ് ഹെയ്ല്‍സും ഇംഗ്ലണ്ടിനായി നിറഞ്ഞുകളിച്ചു. ഇരുവരുടെയും ബാറ്റിങ് മികവില്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് ഇംഗ്ലണ്ട് അടിച്ചുകൂട്ടി.
അതിനിടെ, ടി20 ടീമില്‍ ഒരിടവേളക്ക് ശേഷം തിരിച്ചെത്തിയ ബെന്‍ സ്റ്റോക്‌സിന് ഒമ്പത് പന്തില്‍ ഒമ്പത് റണ്‍സ് നേടാന്‍ മാത്രമേ കഴിഞ്ഞുള്ളു. മൂന്ന് വിക്കറ്റ് നേടിയ നേതന്‍ എല്ലിസ് മാത്രമാണ് ഓസ്‌ട്രേലിയന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.
ഇംഗ്ലണ്ട് ടീം: ജോസ് ബട്ട്ലര്‍(ക്യാപ്റ്റന്‍), അലക്സ് ഹെയ്ല്‍സ്, ഫിലിപ്പ് സാള്‍ട്ട്, ഡേവിഡ് മലാന്‍, ബെന്‍ സ്റ്റോക്സ്, ഹാരി ബ്രൂക്ക്, മൊയീന്‍ അലി, സാം കുറാന്‍, ക്രിസ് വോക്സ്, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, റീസ് ടോപ്ലി, ലിയാം ലിവിംഗ്സ്റ്റോണ്‍, ഡേവിഡ് വില്ലി ക്രിസ് ജോര്‍ദാന്‍.