ഇംഗ്ലണ്ടിന്റെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പടിയിറങ്ങി ജോസ് ബട്‌ലര്‍. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് പിന്നാലെയാണ് ബട്‌ലര്‍ ഇംഗ്ലണ്ടിന്റെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത്.
ചാമ്പ്യന്‍സ് ട്രോഫിയിലെ അഫ്ഗാനിസ്ഥാന്‍ – ഓസ്‌ട്രേലിയ മത്സരത്തിനിടെ കമന്റേറ്റര്‍മാരാണ് ബട്‌ലര്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതായി അറിയിച്ചത്. ടൂര്‍ണമെന്റില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബട്‌ലര്‍ അവസാനമായി ഇംഗ്ലണ്ടിനെ ഒരിക്കല്‍ക്കൂടി നയിച്ചാകും പടിയിറങ്ങുക.
ചാമ്പ്യന്‍സ് ട്രോഫിയില്‍ തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടതിന് പിന്നാലെ ത്രീ ലയണ്‍സ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ പടുകൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയ ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ തോല്‍വി. ജോഷ് ഇംഗ്ലിസിന്റെ ബാറ്റിങ് കരുത്തിലാണ് കങ്കാരുക്കള്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്.
രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് ഇംഗ്ലണ്ടിനെ തകര്‍ത്തുവിട്ടത്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് റണ്‍സിനായിരുന്നു ടീമിന്റെ തോല്‍വി.
അവസാന ഓവര്‍ വരെ ആവേശം അലതല്ലിയ മത്സരത്തില്‍ ജോ റൂട്ടിന്റെ സെഞ്ച്വറി കരുത്തില്‍ ഇംഗ്ലണ്ട് ജയത്തിനായി പൊരുതിയെങ്കിലും അഫ്ഗാന്റെ പോരാട്ട വീര്യത്തിന് മുമ്പില്‍ അടിയറവ് പറയുകയായിരുന്നു.
ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി നടന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലും ബട്‌ലറും സംഘവും പരാജയം രുചിച്ചിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഒറ്റ മത്സരം പോലും വിജയിക്കാന്‍ സാധിക്കാതെയായിരുന്നു ഇംഗ്ലണ്ടിന്റെ തോല്‍വി.
Content Highlight: Jos Buttler step down as England’s ODI Captaincy