ജോസേട്ടൻ ലോകകപ്പിൽ നിന്നും മടങ്ങുന്നത് ഐതിഹാസികനേട്ടത്തോടെ; കണ്ണുനീരിലും തലയുയർത്തി ഇംഗ്ലണ്ട് നായകൻ
Cricket
ജോസേട്ടൻ ലോകകപ്പിൽ നിന്നും മടങ്ങുന്നത് ഐതിഹാസികനേട്ടത്തോടെ; കണ്ണുനീരിലും തലയുയർത്തി ഇംഗ്ലണ്ട് നായകൻ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 28th June 2024, 10:50 am

ഐ.സി.സി ടി-20 ലോകകപ്പിന്റെ സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. ഗയാന പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 16.4 ഓവറില്‍ 103 റണ്‍സിന് പുറത്താവുകയായിരുന്നു.

മത്സരം പരാജയപ്പെട്ട് ലോകകപ്പില്‍ നിന്നും പുറത്തായെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടമാണ് ജോസ് ബട്‌ലര്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ 15 പന്തില്‍ 23 റണ്‍സ് നേടിയാണ് ബട്‌ലര്‍ പുറത്തായത്. നാലു ഫോറുകളാണ് ഇംഗ്ലണ്ട് നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഇതിന് പിന്നാലെ ഐ.സി.സി ടി-20 ലോകകപ്പില്‍ 1000 റണ്‍സ് എന്ന പുതിയ നാഴികക്കല്ലിലേക്കാണ് ഇംഗ്ലണ്ട് നായകന്‍ കാലെടുത്തുവെച്ചത്. ടി-20 ലോകകപ്പില്‍ 34 ഇന്നിങ്‌സില്‍ നിന്നും 1013 റണ്‍സാണ് ബട്‌ലര്‍ നേടിയത്. ഇതോടെ ടി-20 ലോകകപ്പില്‍ 1000 റണ്‍സ് നേടുന്ന ചരിത്രത്തിലെ നാലാമത്തെ താരമായി മാറാനും ഇംഗ്ലീഷ് നായകന് സാധിച്ചു.

ടി-20 ലോകകപ്പില്‍ 1000 റണ്‍സ് നേടിയ താരം, ടീം, ഇന്നിങ്‌സ്, റണ്‍സ് എന്നീ ക്രമത്തില്‍

വിരാട് കോഹ്‌ലി-ഇന്ത്യ-32-1216

രോഹിത് ശര്‍മ-ഇന്ത്യ- 43-1211

മഹേള ജയവര്‍ധനെ-ശ്രീലങ്ക-31-1016

ജോസ് ബട്‌ലര്‍- ഇംഗ്ലണ്ട്-34-1013*

അതേസമയം 39 പന്തില്‍ 57 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമാണ് രോഹിത് നടത്തിയത്. ആറ് ഫോറുകളും രണ്ട് സിക്‌സുകളുമാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ ബാറ്റില്‍ നിന്നും പിറന്നത്. നാല് ഫോറുകളും രണ്ട് സിക്‌സുകളും ഉള്‍പ്പെടെ 36 പന്തില്‍ 47 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവും നിര്‍ണായകമായി.

ഇന്ത്യന്‍ ബൗളിങ്ങില്‍ കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതവും ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റുകളും വീഴ്ത്തിയപ്പോള്‍ ഇംഗ്ലണ്ട് ബാറ്റിങ് തകര്‍ന്നടിയുകയായിരുന്നു.

 

Content Highlight: Jos Butler Compleated 1000 Runs in T20 World Cup