കരിയറിലെ രണ്ട് പതിറ്റാണ്ടുകള്‍ ബാഴ്സലോണയില്‍ ചെലവഴിച്ച താരമാണ് ലയണല്‍ മെസി. 2020ലാണ് താരം ബാഴ്സയില്‍ നിന്ന് ഫ്രീ ഏജന്റായി ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങിലേക്ക് ചേക്കേറിയത്.
മെസി ബാഴ്സ വിട്ടിറങ്ങിയത് ഇനിയും ഉള്‍ക്കൊള്ളാനാവാത്ത നിരവധി താരങ്ങളുണ്ട്. അവരിലൊരാളാണ് ബാഴ്സലോണ താരം ജോര്‍ധി ആല്‍ബ. ഇരുവരും ചേര്‍ന്ന് ബാഴ്സലോണക്കായി 345 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
മെസിയുമായുള്ള തന്റെ ആത്മബന്ധത്തെ കുറിച്ച് ആല്‍ബ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടുകയാണിപ്പോള്‍. ഇരുവര്‍ക്കും പരസ്പരം അടുത്തറിയാന്‍ സാധിച്ചിട്ടുണ്ടെന്നും കരിയറിലെ തന്റെ ജീവിതം രസകരമാക്കുന്നതില്‍ മെസി പങ്കുവഹിച്ചിട്ടുണ്ടെന്നും ആല്‍ബ പറഞ്ഞു. വാര്‍ത്താ മാധ്യമമായ സ്പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘ബാഴ്സലോണയില്‍ ആയിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് പരസ്പരം മനസിലാക്കാന്‍ സാധിച്ചിരുന്നു. കളിയുടെ എല്ലാ വശങ്ങളിലും മികവ് പുലര്‍ത്തിയ താരമാണ് മെസി.
ഞങ്ങള്‍ക്കിരുവര്‍ക്കും കളിയില്‍ മികച്ച ജോഡികളാവാന്‍ സാധിച്ചിരുന്നു. എന്റെ എല്ലാ അസിസ്റ്റുകളും അദ്ദേഹത്തിനായിരുന്നു. എനിക്കോര്‍മയുണ്ട്, എല്‍ സദാറിന് വേണ്ടിയായിരുന്നു ആദ്യത്തെ കളി. തീര്‍ച്ചയായും അതെ, മെസിയാണ് ഫുട്ബോളില്‍ ഏറ്റവും മികച്ചത്,’ ആല്‍ബ പറഞ്ഞു.
അതേസമയം, ഈ സീസണിന്റെ അവസാനത്തോടെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി പിരിഞ്ഞ മെസി അമേരിക്കന്‍ ക്ലബ്ബിലേക്ക് ചേക്കേറാന്‍ തീരുമാനിക്കുകയായിരുന്നു. യൂറോപ്യന്‍ ലീഗില്‍ നിന്ന് ഇടവേളയെടുത്ത താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മിയാമിക്കൊപ്പം എം.എല്‍.എസ് കളിക്കാനാണ് പദ്ധതിയിട്ടത്.
1230 കോടി രൂപയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്യുക. ഇരുകൂട്ടര്‍ക്കും സമ്മതമെങ്കില്‍ കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരാനും അവസരമുണ്ട്.
ജൂലൈ 16ന് ഇന്റര്‍ മിയാമി മെസിയെ ആദ്യമായി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരത്തെ സ്വന്തമാക്കിയതോടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഇന്റര്‍ മിയാമി മെസിയെ അവതരിപ്പിക്കുന്നതിലൂടെ കൂടുതല്‍ പ്രചാരം നേടാനാണ് പദ്ധതിയിടുന്നത്. അതിനാല്‍ വലിയ രീതിയില്‍ ഇതിഹാസത്തെ അവതരിപ്പിക്കാനാണ് ഇന്റര്‍ മിയാമിയുടെ തീരുമാനം.
മെസിക്ക് പിന്നാലെ ബാഴ്‌സയില്‍ ഇരുവര്‍ക്കുമൊപ്പം ബൂട്ടുകെട്ടിയിരുന്ന സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിനെയും ഇന്റര്‍ മിയാമി സ്വന്തമാക്കുന്നുണ്ട്. വൈകാതെ തന്നെ ആല്‍ബയും ഇന്റര്‍ മിയാമിയില്‍ മുന്‍ സഹതാരങ്ങള്‍ക്കൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.