ഇവനെ ദേഷ്യം പിടിപ്പിക്കരുതെന്ന് കോഹ്‌ലിക്ക് വരെ മനസിലായതാ, എന്നിട്ടും... പിച്ച് നശിപ്പിക്കാന്‍ വന്നവനെ കൈകാര്യം ചെയ്ത് ബെയര്‍‌സ്റ്റോ; വീഡിയോ
THE ASHES
ഇവനെ ദേഷ്യം പിടിപ്പിക്കരുതെന്ന് കോഹ്‌ലിക്ക് വരെ മനസിലായതാ, എന്നിട്ടും... പിച്ച് നശിപ്പിക്കാന്‍ വന്നവനെ കൈകാര്യം ചെയ്ത് ബെയര്‍‌സ്റ്റോ; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 28th June 2023, 4:45 pm

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് ലോര്‍ഡസില്‍ തുടക്കം കുറിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ നേരിടേണ്ടി വന്ന പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ടാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങിയിരിക്കുന്നത്.

എന്നാല്‍ മത്സരം തുടങ്ങി ആദ്യ നിമിഷങ്ങളില്‍ തന്നെ കളി അല്‍പസമയം തടസ്സപ്പെട്ടിരുന്നു. ഗ്രൗണ്ടിലേക്ക് കാണികളിലൊരാള്‍ കടന്നുകയറിയതോടെയാണ് കളി നിര്‍ത്തിവെക്കേണ്ടി വന്നത്.

‘ജസ്റ്റ് സ്റ്റോപ് ഓയില്‍’ ക്യാമ്പെയ്‌നിന്റെ ഭാഗമായ പ്രതിഷേധക്കാരനാണ് ഗ്രൗണ്ടിലേക്ക് ഓടിക്കയറിയത്. ഗ്രൗണ്ടില്‍ പെയിന്റ് ഉപയോഗിച്ച് എഴുതാനും ഇയാള്‍ ശ്രമിച്ചിരുന്നു.

പിച്ച് നശിപ്പിക്കാനുള്ള ഇയാളുടെ ശ്രമത്തിന് പിന്നാലെ സെക്യൂരിറ്റികള്‍ ഓടിയെത്തിയിരുന്നു. എന്നാല്‍ സെക്യൂരിറ്റി ഗാര്‍ഡുകളെ കാക്കാതെ കാര്യങ്ങള്‍ സ്വയം പരിഹരിക്കാനായിരുന്നു ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോ ശ്രമിച്ചത്.

പിച്ചിലേക്ക് കടന്നുകയറിയവനെ ബെയര്‍‌സ്റ്റോ തൂക്കിയെടുത്ത് പുറത്തേക്ക് കൊണ്ടുപോയി മാറ്റുകയായിരുന്നു. നിറഞ്ഞ കൂവലുകളായിരുന്നു ലോര്‍ഡ്‌സില്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നത്.

ഇതിനിടെ ബെയര്‍സ്‌റ്റോയുടെ ജേഴ്‌സിയിലും അല്‍പം പെയിന്റായിരുന്നു. മത്സരം തടസ്സപ്പെട്ടു എന്ന കണ്ട ബെയര്‍‌സ്റ്റോ ഉടന്‍ തന്നെ ഡ്രസ്സിങ് റൂമിലേക്ക് പാഞ്ഞുപോവുകയും പുതിയ ജേഴ്‌സി ധരിച്ച് വിക്കറ്റ് കീപ്പിങ് ഡ്യൂട്ടിയിലേക്ക് മാറുകയുമായിരുന്നു. ബെയര്‍‌സ്റ്റോയുടെ ഈ പ്രവൃത്തിയെ കയ്യടികളോടെയാണ് ആരാധകര്‍ സ്വീകിരിച്ചത്.

അതേസമയം, മത്സരം മഴമൂലം തടസ്സപ്പെട്ടിരിക്കുകയാണ്. ഓസീസ് ഒമ്പത് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 20 റണ്‍സ് നേടിയപ്പോഴാണ് മഴയെത്തിയിരിക്കുന്നത്. 27 പന്തില്‍ നിന്നും 14 റണ്‍സുമായി ഡേവിഡ് വാര്‍ണറും 27 പന്തില്‍ നിന്നും ആറ് റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയുമാണ് ക്രീസില്‍.

ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍

ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സ്റ്റാര്‍ക്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), നഥാന്‍ ലയണ്‍, ജോഷ് ഹെയ്‌സല്‍വുഡ്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ബെന്‍ ഡക്കറ്റ്, സാക് ക്രോളി, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍), സ്റ്റുവര്‍ട്ട് ബ്രോഡ്, ഒലി റോബിന്‍സണ്‍, ജോഷ് ടങ്ക്, ജെയിംസ് ആന്‍ഡേഴ്‌സണ്‍.

Content highlight: Jonny Bairstow carries pitch invader