നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2017 ജൂണ്‍ മുപ്പതിന്, ഡല്‍ഹിയിലെ സാകേതില്‍ നിന്ന് ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ കണ്ട് വന്ന രാത്രി, വൈകുവോളമിരുന്ന് അതേ കുറിച്ചൊരു കുറിപ്പ് എഴുതിയിരുന്നു. ഒരു വാക്കും വാചകവും തിരുത്താതെ ഒറ്റയടിക്ക് എഴുതിയ അപൂര്‍വം സിനിമാനുഭവകുറിപ്പുകളിലൊന്നായിരിക്കുമത്.
അത് എഴുതി തീര്‍ത്തത് ഈ വാചകത്തിലാണ്- ‘പോത്തന്‍, ഞങ്ങള്‍ സിനിമ പ്രേമികളുടെ ലോക്കല്‍ പടച്ചവനാണ് നിങ്ങള്‍, കെട്ടിപ്പിടുത്തംസ്!’. അത് തെറ്റായിരുന്നുവെന്ന് ഇപ്പോഴറിയാം. ദൈവം ലോകവ്യാപിയാണ്. പോത്തന്റെ സിനിമ നമ്മുടെ ലോക്കല്‍ ആകാശങ്ങളെയെല്ലാം ഭേദിച്ച് ലോകത്ത് എവിടെയുമുള്ള പ്രേക്ഷകരേയും ആനന്ദത്തിലാക്കുന്ന ഉയരത്തില്‍ സഞ്ചരിക്കുന്നതിന്, ദാ ഈ മൂന്നാം സിനിമ സാക്ഷ്യം പറയുന്നു. ജോജി, മാക്ബത്തല്ല. അവിടെ നമ്മള്‍ ‘ഇരകളേ’യും തിരയേണ്ടതില്ല. മാക്ബത്തും ഇരകളുമൊക്ക ചുറ്റി സഞ്ചരിക്കുന്ന ലോകസിനിമയാണിത്. മലയാളത്തില്‍ നിന്നുള്ള എണ്ണം പറഞ്ഞ മാസ്റ്റര്‍പീസുകളിലൊന്ന്.
സിനിമകളെങ്ങനെയാണ് രൂപപ്പെടുന്നത് എന്നത് പ്രേക്ഷകര്‍ക്കെന്നും ഒരത്ഭുതമാണ്. സര്‍ഗാത്മകതയുടെ ഒരു കുത്തൊഴുക്കാണോ സിനിമ? അതോ അതൊരു അച്ചടക്കപൂര്‍ണ്ണമായ, സുസംഘിടതമായ, പല തലത്തിലുമുള്ള ആലോചനകളുടെ, തിരുത്തലുകളുടെ ആകെത്തുകയാണോ? എങ്ങനെയാണ് മാസ്റ്റര്‍പീസുകള്‍ രൂപപ്പെടുന്നത്?
ജോജിയെ കുറിച്ച് മനോരമ ന്യൂസിന്റെ ‘പുലര്‍വേള’യില്‍ സംസാരിക്കുമ്പോള്‍ തിരക്കഥാകൃത്തായ ശ്യാം പുഷ്‌കരന്‍ പറയുന്നത്, ഇത് പല തരത്തിലും സ്വയം നിയന്ത്രിതമായ ഒരു സിനിമയാണ് എന്നാണ്- കോവിഡ് കാലത്തെ നിലനില്‍പ്പിന്റെ സിനിമ. ലോകാരോഗ്യസംഘടനയുടെ മേധാവി ഇനിയെന്നാണ് സാധാരണ ജീവിതം സാധ്യമാവുക എന്നറിയില്ല എന്ന അനിശ്ചതത്വത്തിലേയ്ക്ക് നിസഹായനാകുമ്പോള്‍ പൊതുജനത്തേയും അവരുടെ പൊതുജീവിതത്തേയും ആശ്രയിച്ച് നില്‍ക്കുന്ന സിനിമ വ്യവസായത്തിനെ ആശ്രയിച്ച് ജീവിക്കുന്നവരുടെ സൃഷ്ടി.
ഒത്തുതീര്‍പ്പുകളും പരിമിതികളും ഉള്ള, പ്രീ പ്ലാന്‍ഡ് അല്ലാത്ത, ഓര്‍ഗാനിക് ആയി രൂപപ്പെടാത്ത, ക്രൈം എന്നത് വീട്ടിലടച്ചിരുന്ന് ലോകത്തെ ജനലിലൂടെ മാത്രം കാണുന്ന മനുഷ്യരുടെ എല്ലാ കാലത്തേയും പ്രൈമല്‍ ഫീലിങ് ആണെന്ന് മനസിലാക്കി രൂപപ്പെടുത്തിയ, മാക്ബത്തിന്റെ പരിസരങ്ങളെ ചുറ്റിയുള്ള സിനിമ. എന്നിട്ടും ഓര്‍ഗാനിക് ആയ, മിനിമലിസവും അത്യപൂര്‍വ്വമായ സൂക്ഷ്മതയും ഉള്ള ബ്രില്യന്‍സ് ആയി ജോജി നമ്മുടെ മുന്നിലെത്തുന്നു.
കാരണം പതിനൊന്നാം നൂറ്റാണ്ടില്‍ സ്‌കോട്ട്ലാന്‍ഡ് വാണ മാക്ബത്തിന്റേയും മാക്ഡഫിന്റേയും ഡങ്കണിന്റേയും ചരിത്രത്തില്‍ നിന്ന് പ്രേരണയുള്‍ക്കൊണ്ട് പതിനേഴാം നൂറ്റാണ്ടില്‍ വില്യം ഷേ്കസ്പിയര്‍ രചിച്ച് ലോകം വാഴ്ത്തിയ ‘ദ ട്രാജഡി ഓഫ് മാക്ബത്ത്’ അല്ല ഇത്. കേരളത്തിലെ ഒരു കുടുംബത്തിലെ കഥയാണ്. ഈ കാരണവരൊന്ന് ചത്തൊടുങ്ങിയെങ്കില്‍ എന്ന് ഏതൊക്കെ കുടുംബങ്ങളില്‍ നിന്ന് പ്രാര്‍ത്ഥനകള്‍, ഏതെല്ലാം കാലത്തുയര്‍ന്ന് കേട്ടിട്ടില്ല!
മരുമക്കത്തായ തറവാടുകളിലെ അമ്മാവന്മാര്‍ മുതലിങ്ങോട്ട് പ്രതാപശാലികളായ, അധികാരിയായ, കര്‍ക്കശക്കാരനായ ഏത് കാരണവരും കുടുംബത്തിലെ അംഗങ്ങളെ കൊണ്ട് ഇത്തരമൊരു നിശബ്ദ പ്രാര്‍ത്ഥന നടത്തിക്കാതെ കടന്ന് പോയിട്ടില്ല. കുടുംബങ്ങളില്‍ മാത്രമല്ല, വ്യവസായ സ്ഥാപനങ്ങളില്‍, രാഷ്ട്രീയ സംഘടനകളില്‍, കുടുംബ ട്രസ്റ്റുകളില്‍.. പലയിടങ്ങളിലും. അത്തരമൊരു കാരണവരാണ് പനച്ചേല്‍ കുട്ടപ്പന്‍.
വലുതും പരപ്പേറിയതുമായ പനച്ചേല്‍ ബംഗ്ലാവില്‍ തൂങ്ങിയാടുന്ന ഇരട്ട പുള്‍ അപ് റിങ്സ് ഉണ്ട്. ഇരട്ടക്കയറില്‍ തൂക്കിയിട്ടിരിക്കുന്ന ഈ വളയങ്ങളില്‍ ഇരുകൈയ്യുകളും പിടിച്ച് നിലത്തുനിന്നുയര്‍ന്ന് തൂങ്ങി, വ്യായാമം ചെയ്യുന്ന ആ 74 കാരനെ കണ്ടാലറിയാം ആ ബംഗ്ലാവിന് മുകളിലൂടെ ഒരു ഈച്ച പോലും അയാളുടെ അനുവാദമില്ലാതെ പറക്കില്ലെന്ന്. അയാളുടെ ആകാരം മാത്രമല്ല, ആജ്ഞാശക്തിയും ആദ്യസീനിലേ പ്രകടമാണ്.
തീരെ അധികാരമില്ലാത്ത മൂന്ന് ജീവികളാണ് ആ വീട്ടിലുള്ളത്-
ഒന്ന്: ഇളയമകന്‍-ഒട്ടുപാലിനുണ്ടായവന്‍- ജോജി. കിഴക്കോട്ട്, റബ്ബര്‍ മേഖലയിലുള്ളവര്‍ക്കറിയാം, ഇതിലും ഒരാളെ അധിക്ഷേപിക്കാനില്ല. ഒന്നിനും കൊള്ളാത്തവനാണ് അവന്‍. പനച്ചേല്‍ കുട്ടപ്പന്റെ മക്കളില്‍ ഏറ്റവും ഇളയവനായി ജനിക്കുമ്പോള്‍ ജോജിയുടെ ആകാരം പോലും ചെറുതായി. ദുര്‍ബലനായി ജീവിച്ച അവന്‍ തീര്‍ച്ചയായും പല തവണ ആ വിളി കേട്ടുകാണും- ഒട്ടുപാലിനുണ്ടായവന്‍.
രണ്ട്: പോപി. മൂത്തമകന്‍ ജോമോന്റെ പുത്രന്‍. അവന്റെ അവകാശം സ്ഥാപിക്കുന്നതിന് ജോമോന്‍ പിരിഞ്ഞ് പോയ ഭാര്യയുമായി കേസ് നടത്തിയും ഒത്തുതീര്‍പ്പാക്കിയും രൂപ അമ്പത് ലക്ഷമാണ് മുടക്കിയത്. പനച്ചേല്‍ കുട്ടപ്പന്‍ വക പണം. ജോജിയും അവന്റെ കുതിര വായുപുത്രനും പോലെ പനച്ചേല്‍ കുടുംബത്തിന് അധികച്ചെലവാണ് പോപിയും.
മൂന്ന്: ബിന്‍സി. രണ്ടാമത്തെ മകന്‍ ജയ്സണിന്റെ ഭാര്യ. പ്രസവിച്ചിട്ടില്ല. കുട്ടികളുണ്ടാകാന്‍ ചികിത്സയിലാണ്. അഥവാ ചെലവാണ്. പനച്ചേല്‍ കുട്ടപ്പന്‍ ജീവിച്ചിരിക്കുന്ന ഒരു ഫ്രെയ്മിനും ബിന്‍സി ജോലി ചെയ്യാതിരിക്കുന്നില്ല. പാചകം ചെയ്യുന്നു, അലക്കുന്നു, വീട് വൃത്തിയാക്കുന്നു, ഭക്ഷണം വിളമ്പുന്നു, മീന്‍ കഷ്ണിക്കുന്നു. അവളെ നമ്മള്‍ വിശ്രമിച്ച രൂപത്തില്‍ കാണില്ല, ജോജിയെ ജോലിയെടുക്കുന്ന രൂപത്തിലും. അതാണ് കുട്ടപ്പന്റെ നിയമം.
ജോജി ചെയ്യുന്ന ജോലി കുടുംബത്തിന്റെ നഷ്ടമാണ്. അവന്റെ കുതിര ബിസിനസ് പോലെ. ‘നിന്റെ നടുവൊടിച്ച് ഞാനിവിടെ ഇടും. എന്നിട്ട് നിനക്കും നിന്റെ കുതിരക്കും ചെലവിന് തരും. അതാണ് എനിക്ക് ലാഭം’ എന്ന് കുട്ടപ്പന്‍ ജോജിയോട് പറയുന്നുണ്ട്. ജോജി ക്രൂരനാണോ? അറിയില്ല. രണ്ട് പേര്‍ തമ്മില്‍ തല്ലുന്നത് കണ്ടാന്‍ തലകറങ്ങി വീഴാവുന്ന വിധം ദുര്‍ബലനാണ് അവന്‍. പക്ഷേ അവന്റെ ജിവിതം മുഴുവന്‍ അഭിനയമാണ്. കൃത്രിമമായല്ലാതെ സംസാരിക്കാന്‍ അവനറിയില്ല.
വായു എന്ന് അവന്‍ വിളിക്കുന്ന വായുപുത്രന്‍ എന്ന കുതിരയുമായി ബന്ധപ്പെട്ട ടൂറിസം ബിസിനസ് നടക്കാത്തത് കോവിഡ് കാലമായത് കൊണ്ടാണെന്ന് സ്വയം ധരിക്കുകയും നാട്ടുകാരെ ധരിപ്പിക്കുകയും ചെയ്യുന്നുണ്ട്. മാനിപുലേഷന്‍ ആണ് അവന്റെ ആയുധം. പ്രറ്റന്‍ഷന്‍ ആണ് അടിസ്ഥാന ഭാവം. പക്ഷേ അത് അലസതയും ഭയവും ചേര്‍ന്ന ഒരു മിശ്രിതത്തില്‍ നിന്നുണ്ടായതാണ്. കുഴഞ്ഞ് വീണ അപ്പനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വണ്ടിയെടുക്കാന്‍ അവന് ഭയമാണ്. അപ്പനോട് അപ്പോഴും വണ്ടിയെടുക്കാന്‍ അവന്‍ അനുമതി ചോദിക്കുന്നുണ്ട്. പോപ്പിക്കുള്ള പ്രാക്ടിക്കല്‍ ബുദ്ധിപോലും അവനില്ല.
വിദേശത്ത് പോണമെന്നുണ്ടാകും. അതുകൊണ്ടാണ് ഇംഗ്ലീഷ് ടെസ്റ്റിന്റെ വീഡിയോ കോഴ്സ് ചെയ്യുന്നത്. പക്ഷേ അത് കാണാനോ പഠിക്കാനോ അവന്റെ മടി അനുവദിക്കില്ല. പുതപ്പിന്റടിയില്‍ പകല്‍ പോലും അഭയമാണ്. അവന്‍ പണ്ടേ അങ്ങനെയാണോ? അതോ അവന്‍ അങ്ങനെ ആയതോ? വലിയ ഭക്ഷണമേശയുള്ള ആ വീട്ടില്‍ എന്താണ് അടുക്കളയുടെ പാതിയമ്പുറത്ത് മാത്രം അവന് ഭക്ഷണം വിളമ്പുന്നത്? അവനെ അപ്പന്‍ വിലക്കിയിട്ടുണ്ടോ? ജോജിയായി അഭിനയിക്കുന്ന എളുപ്പമല്ല. ജീവിതത്തില്‍ മോശമായി അഭിനയിച്ചുകൊണ്ടേയിരിക്കുന്ന ഒരാളെയാണ് ഒരു നല്ല ആക്ടര്‍ക്ക് സ്‌ക്രീനില്‍ അവതരിപ്പിക്കേണ്ടത്.
പക്ഷേ അപ്പന്‍ മരിച്ചുകഴിയുമ്പോള്‍ ചിരി ഒളിപ്പിക്കാന്‍ മാസ്‌ക് വേണ്ടി വരുന്ന ജോജിയുടെ കണ്ണ് അയാളെയും മാസ്‌കിനേയും സിനിമയേയും കബളിപ്പിച്ച് ചിരിക്കും. സന്തോഷത്തിന്റെ ചിരിയാണോ! അല്ല വിവരിക്കാനാകാത്ത ഒരുന്മാദത്തിന്റെ ചിരി. നമ്മുടെ സാധാരണ കണ്‍സെപ്റ്റില്‍ നടനെന്ന് വിളിക്കാവുന്നതിനപ്പുറമെത്തിയിരിക്കുന്നു ഫഹദ് ഫാസില്‍. അസാധ്യമെന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്നതില്‍ മാത്രമാണെന്ന് തോന്നുന്നു അയാളിലെ ആര്‍ട്ടിസ്റ്റിന്റെ മത്സരബുദ്ധി ഉറയ്ക്കുന്നത്.
ഫിലിം മെയ്ക്കേഴ്സ് എന്ന നിലയിലും മനുഷ്യരെന്ന നിലയിലും മുതിരുമ്പോള്‍ ‘ലോകം നമ്മള്‍ വിചാരിക്കുന്നത് പോലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് അല്ല എന്ന ബോധ്യം വര്‍ദ്ധിക്കുന്നുണ്ട്’ എന്നും ശ്യാം പറയുന്നുണ്ട്. കൃത്യമായും ശരിതെറ്റുകള്‍ നമുക്ക് കളം തിരിച്ച് മനസിലാക്കാനാവില്ല. ബിന്‍സി സ്നേഹം ഇല്ലാത്തവളാണോ? ഒരിക്കലുമല്ല. ക്ഷമയും സ്നേഹവും കരുതലും ഉള്ള സാധാരണ മനുഷ്യത്തിയാണ്. പക്ഷേ അസംതൃപ്തിയുടെ ഒരു മരുഭൂമി അവളുടെ മനസില്‍ വെന്തുരുകി കിടക്കുന്നുണ്ട്.
പനച്ചേല്‍ കുട്ടപ്പന്‍ മരിച്ചതിന് ശേഷം ആദ്യമവള്‍ ചെയ്യുന്നത് ആ വീട്ടില്‍ ജോലിക്ക് ഒരാളെ നിര്‍ത്തുന്നതാണ്. എന്നിട്ട് വലിയൊരു സോഫായില്‍ ഇരുന്ന് വിശ്രമിക്കുന്നു. കൊടുംവലിപ്പമുള്ള ഒരു ബംഗ്ലാവാണ്. അഞ്ചു പുരുഷന്മാര്‍, ഇളയ പോപ്പിയടക്കം, ഇരുന്നുണ്ട് പാത്രമെടുക്കാതെ പോലും എഴുന്നേറ്റ് പോകുന്ന വീടാണ്. എത്രമാത്രം ജോലിയാണ് അവള്‍ ചെയ്തു പോരുന്നത്. മാറിയൊരിടത്ത് പോയി ഭര്‍ത്താവുമൊത്ത് ജീവിക്കണം എന്നവള്‍ക്കില്ലേ?- ഉണ്ട്.
സാവകാശം നെയ്ല്‍ പോളീഷിടുന്ന, ജോലിക്കാരിക്ക് നിര്‍ദേശം നല്‍കുന്ന ഒരു സാധാരണ സ്ത്രീയായി അവള്‍ക്ക് ജിവിക്കണം. മീന്‍ മുറിച്ചുകൊണ്ടിരിക്കുമ്പോള്‍ ‘നിന്റെ കൂടി വീടല്ലേടാ’ എന്ന് തികച്ചും സമാധാനപരമായി ഒരു വെടിക്കെട്ടിന് തീ കൊളുത്തുന്ന, അപ്പനെ ആസ്പത്രിയിലാക്കി തളര്‍ന്ന് വരുന്ന ഭര്‍ത്താവിനോട്, അപ്പന്റെ മുറിയിലെ ചൂടുവെള്ളം വരുന്ന കുളിമുറിയില്‍ കുളിച്ചുകൊള്ളാന്‍ പറയുന്ന- സൗകര്യങ്ങളുടെ ആപ്പിള്‍ തിന്നാന്‍ പ്രേരിപ്പിക്കുന്ന, കണ്ണാടിയില്‍ കണ്ടത് കണ്ണടച്ച് കളയുന്ന, ഒരു പ്രാര്‍ത്ഥന പോലെ ‘മരിച്ചവരൊന്നും തിരിച്ച് വരില്ല, ജീവിച്ചിരിക്കുന്നവരെ നീ സൂക്ഷിച്ചാല്‍ മതി’ എന്ന് നിര്‍ദ്ദേശിക്കുന്ന ബിന്‍സി ലേഡി മാക്ബത്തിനേക്കാള്‍ ആഴമുള്ള കടലാണ്.