കുഴപ്പമുണ്ടെങ്കില്‍ അത് തുറന്നു തന്നെ പറയും, സംവിധായകന്‍ ഇവിടിരിക്കുന്നത് കൊണ്ട് അവനെ പുകഴ്ത്തണമെന്നില്ല: ജോണി ആന്റണി
Entertainment news
കുഴപ്പമുണ്ടെങ്കില്‍ അത് തുറന്നു തന്നെ പറയും, സംവിധായകന്‍ ഇവിടിരിക്കുന്നത് കൊണ്ട് അവനെ പുകഴ്ത്തണമെന്നില്ല: ജോണി ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 28th August 2022, 8:07 pm

ജോജിക്ക് ശേഷം ഭാവന സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ബേസില്‍ ജോസഫ് ചിത്രമാണ് പാല്‍തു ജാന്‍വര്‍. സെപ്റ്റംബര്‍ രണ്ടിനാണ് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്. പുതുമുഖ സംവിധായകനായ സംഗീത് പി. രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടനും സംവിധായകനുമായ ജോണി ആന്റണി ഒരു പ്രധാന റോളിലെത്തുന്നുണ്ട്.

സിനിമയുടെ സംവിധായകനെ കുറിച്ച സംസാരിക്കുകയാണ് ഇപ്പോള്‍ ജോണി ആന്റണി. വളരെ അച്ചടക്കത്തോടെയാണ് സംഗീത് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് എന്നാണ് സംഗീതിനെ കുറിച്ച് പാല്‍തു ജാന്‍വറിന്റെ പ്രൊമോഷന്റെ ഭാഗമായി ഡൂള്‍ന്യൂസിലെ മായാ ഗിരീഷ് നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്.

‘ഞങ്ങള്‍ സംഗീതിന്റെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നുണ്ട്. നമ്മള്‍ കൃത്യ സമയത്തെത്തിയാല്‍ അല്ലെങ്കില്‍ കൂടുതല്‍ സ്‌ട്രെയിന്‍ ചെയ്താല്‍ സംവിധായകന്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള റിസല്‍ട് കിട്ടുമെന്ന ബോധ്യം എനിക്കുണ്ട്. അപ്പോള്‍ നമ്മള്‍ക്കെന്താണോ ഒരാര്‍ട്ടിസ്റ്റില്‍ നിന്നും ആവശ്യമുള്ളത്, അത് തിരിച്ചു നല്‍കാന്‍ നമ്മുക്ക് കഴിയും. അതാണ് നല്‍കിയിട്ടുള്ളതും’, ജോണി ആന്റണി പറഞ്ഞു.

‘അനാവശ്യമായ കാര്യങ്ങളൊന്നും സംഗീത് ആവശ്യപ്പെട്ടിട്ടില്ല. ആവിശ്യമുള്ളതേ അദ്ദേഹം ചോദിച്ചിട്ടുള്ളു. അതിനു നമ്മള്‍ കൂടെ നിക്കണമല്ലോ, എന്നാലല്ലേ സിനിമ നന്നാവുകയുള്ളു. വളരെ അച്ചടക്കത്തോടെയാണ് സംഗീത് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. വളരെ വൃത്തിയായിട്ട് ചെയ്തിട്ടുണ്ട്.

ഞാന്‍ സംഗീതിനെ ഇരുത്തികൊണ്ട് പുകഴ്ത്തി പറയുന്നതല്ല. കുഴപ്പമാണെങ്കില്‍ കുഴപ്പമാണെന്നു തന്നെ പറയും. പക്ഷെ വളരെ ഭംഗിയായിട്ട് സംഗീത് അത് നിര്‍വഹിച്ചിട്ടുണ്ട്. ബേസിലും ഞാനും ദിലീഷ് പോത്തനും ഒക്കെ അടങ്ങിയ ഒരു സീനുണ്ട് സിനിമയില്‍. ആ ഭാഗങ്ങളൊക്കെ മനോഹരമായാണ് സംഗീത് സംവിധാനം ചെയ്തിരിക്കുന്നത്,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഒരു ഗ്രാമത്തിലേക്ക് ലൈവ്സ്റ്റോക്ക് ഇന്‍സ്‌പെക്ടറായെത്തുന്ന പ്രസൂല്‍ എന്ന ചെറുപ്പക്കാരനായാണ് ബേസില്‍ ജോസഫ് ചിത്രത്തില്‍ വേഷമിടുന്നത്. ബേസില്‍ ജോസഫിന് പുറമെ ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ രചന. ഛായാഗ്രഹണം
നിര്‍വഹിച്ചിരിക്കുന്നത് രണ്‍ദീവെയണ്. എഡിറ്റിങ് കിരണ്‍ ദാസാണ്.

Content Highlight: Johnny Antony Talks about Sangeeth  the  director of Palthu Janvar