'റൊണാള്‍ഡോ പോയതോടെ നേട്ടമുണ്ടാക്കിയത് രണ്ട് താരങ്ങള്‍'; വെളിപ്പെടുത്തി സൂപ്പര്‍താരം
Football
'റൊണാള്‍ഡോ പോയതോടെ നേട്ടമുണ്ടാക്കിയത് രണ്ട് താരങ്ങള്‍'; വെളിപ്പെടുത്തി സൂപ്പര്‍താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 14th February 2023, 3:40 pm

പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടതോടെ നേട്ടമുണ്ടാക്കിയത് രണ്ട് താരങ്ങളാണെന്ന് മുന്‍ ലിവര്‍പൂള്‍ സൂപ്പര്‍താരം ജോണ്‍ ബാണ്‍സ്. മാര്‍ക്കസ് റാഷ്‌ഫോര്‍ഡും ജെയ്ഡണ്‍ സാഞ്ചോയുമാണ് റൊണാള്‍ഡോയുടെ വിടവാങ്ങലിന് ശേഷം യുണൈറ്റഡില്‍ തിളങ്ങിയതെന്ന് ബാണ്‍സ് ചൂണ്ടിക്കാട്ടി.

നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോവുകയായിരുന്ന യുണൈറ്റഡിനെ റാഷ്ഫോര്‍ഡ് കരക്കെത്തിക്കുന്ന കാഴ്ചക്കാണ് ആരാധകര്‍ സാക്ഷ്യം വഹിക്കുന്നതെന്ന് ബാണ്‍സ് പറഞ്ഞു. അതേസമയം ലോകകപ്പ് കഴിഞ്ഞ് ഒരിടവേളക്ക് ശേഷം ടീമിലെത്തിയ സാഞ്ചോയും യുണൈറ്റഡിനായി മികച്ച പ്രകടനം കാഴ്ച വെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘റൊണാള്‍ഡോ പോയിക്കഴിഞ്ഞതിന് ശേഷം സാഞ്ചോയെയും റാഷ്‌ഫോര്‍ഡിനെയും നോക്കൂ.  അവര്‍ മാത്രമല്ല, റൊണാള്‍ഡോ ഉണ്ടായിരുന്നപ്പോള്‍ അവസരം ലഭിക്കാതിരുന്ന പലരും ഇപ്പോള്‍ ഉയര്‍ന്നുവരുന്നുണ്ട്.

റാഷ്‌ഫോര്‍ഡിനെ പോലെയുള്ള താരങ്ങള്‍ റൊണാള്‍ഡോ നിഴലിലാലയതിനാല്‍ അവരുടെ ആത്മവിശ്വാസം ചോര്‍ന്ന് പോവുകയായിരുന്നു. എന്നാലിപ്പോഴത് മാറി. യുവതാരങ്ങള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ മികച്ച് മുന്നേറുകയാണ്,’ ബാണ്‍സ് പറഞ്ഞു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഇതുവരെ കളിച്ച 34 മത്സരങ്ങളില്‍ 21 ഗോളുകള്‍ അക്കൗണ്ടിലാക്കാന്‍ റാഷ്‌ഫോര്‍ഡിന് സാധിച്ചു.കഴിഞ്ഞ ദിവസം ലീഡ്സിനെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് യണൈറ്റഡ് ലീഡ്സിനെ തോല്‍പ്പിച്ചിരുന്നു.

മാര്‍ക്കസ് റാഷ്ഫോര്‍ഡും അലജാന്‍ഡ്രോ ഗാര്‍നാച്ചോയുമാണ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഗോള്‍ നേടിയത്.

പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും വാര്‍ത്താ അവതാരകനുമായ പിയേഴ്സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിന് പിന്നാലെയാണ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടത്.

അഭിമുഖത്തില്‍ കോച്ച് എറിക് ടെന്‍ ഹാഗുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ചും ക്ലബ്ബില്‍ താന്‍ അഭിമുഖീകരിച്ചിരുന്ന അസ്വാരസ്യങ്ങളെ കുറിച്ചുമെല്ലാം റൊണാള്‍ഡോ പരാമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും റൊണാള്‍ഡോയും പരസ്പരണ ധാരണയോടെ പിരിഞ്ഞത്.

യുണൈറ്റഡ് വിട്ടതിന് ശേഷം ഫ്രീ ഏജന്റായ റൊണാള്‍ഡോ ജനുവരിയില്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറുമായി സൈനിങ് നടത്തുകയായിരുന്നു. 200 മില്യണ്‍ ഡോളര്‍ നല്‍കിയാണ് താരത്തെ അല്‍ നസര്‍ സ്വന്തമാക്കിയത്. അല്‍ നസറില്‍ മികവോടെ കളിക്കുകയാണ് റൊണാള്‍ഡോ.

ഇതുവരെ നാല് മത്സരങ്ങളില്‍ നിന്നും അഞ്ച് ഗോളുകളാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. കൂടാതെ ലീഗ് ഫുട്ബോളില്‍ 500 ഗോളുകള്‍ എന്ന നേട്ടം അല്‍ നസറില്‍ പൂര്‍ത്തിയാക്കിയ റൊണാള്‍ഡോ, ഈ വര്‍ഷം മെസി നേടിയ ഗോളുകളെക്കാള്‍ സ്‌കോര്‍ ചെയ്യുകയും ചെയ്തു.

Comntent Highlights: John Barnes names 2 Manchester United players who benefitted from Cristiano Ronaldo exit