World News
ജനാധിപത്യം വിജയിച്ചു; അമേരിക്കയുടെ 46ാമത് പ്രസി‍ഡന്റായി ബൈ‍ഡൻ അധികാരമേറ്റു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 20, 05:36 pm
Wednesday, 20th January 2021, 11:06 pm

വാഷിം​ഗ്ടൺ: അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ജോ ബൈഡൻ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജനാധിപത്യം വിജയിച്ചു എന്ന് സത്യ പ്രതിജ്ഞയ്ക്ക് പിന്നാലെ ബൈഡൻ പ്രതികരിച്ചു. 536 ഇലക്ട്രറൽ വോട്ടുകളിൽ 306 ഉം നേടിയാണ് ബെെ‍ഡൻ വിജയമുറപ്പിച്ചത്. അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായാണ് കമല ഹാരിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക.

ട്രംപിന്റെ നാല് വർഷത്തെ അമേരിക്ക ഫസ്റ്റ് പോളിസിയിൽ നിന്നും ലോകത്തിലെ എല്ലാ സഖ്യകക്ഷികളുമായുള്ള ബന്ധം അമേരിക്ക പുനഃസ്ഥാപിക്കുമെന്ന സൂചനയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെയുള്ള പ്രസം​ഗത്തിൽ വ്യക്തമാക്കിയത്.
അമേരിക്കയിലെ ക്യാപിറ്റോൾ കലാപത്തെയും ബൈഡൻ അപലപിച്ചു. അത് നടന്നിട്ടില്ല, ഇനിയൊരിക്കലും നടക്കുകയുമില്ല ബൈ‍ഡൻ പറഞ്ഞു. താനെല്ലാ അമേരിക്കക്കാർക്കും വേണ്ടിയുള്ള പ്രസിഡന്റായിരിക്കുമെന്നും എന്നെ പിന്തുണയ്ക്കാത്തവരോടൊപ്പവും ഉണ്ടാകുമെന്നും ബൈഡൻ വ്യക്തമാക്കി. ഐക്യത്തോടെ മാത്രമേ നമുക്ക് പുതിയ തുടക്കം സൃഷ്ടിക്കാൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

”എനിക്കറിയാം ഐക്യത്തിന് വേണ്ടി ഈ സമയത്ത് സംസാരിക്കുന്നത് ഒരു വിഡ്ഡിയുടെ ഫാന്റസി പോലെയാണെന്ന്. നമ്മെ വിഭജിച്ച ശക്തികൾ അത്രമേൽ ശക്തരാണെന്നും അവയെല്ലാം യാഥാർത്ഥ്യമാണെന്നും എനിക്കറിയാം. അവ പുതിയതല്ലെന്നും എനിക്ക് നിശ്ചയമുണ്ട്,” ബൈ‍ഡൻ പറഞ്ഞു. കമല ഹാരിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത് അമേരിക്കയ്ക്ക് എത്രത്തോളം പുരോ​ഗതി കൈവരിക്കാൻ സാധിക്കും എന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡെമോക്രാറ്റിക് പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് കാത്തു നിൽക്കാതെയാണ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ നിന്നിറങ്ങിയത്. ഫ്ളോറിഡയിലേക്കാണ് ഡൊണാൾഡ് ട്രംപും കുടുംബവും പോയത്. ഇതിന് മുൻപ് അമേരിക്കയുടെ പ്രസിഡന്റായ റിച്ചാർഡ് നിക്സൺ മാത്രമാണ് അടുത്ത പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് കാത്തു നിൽക്കാതെ വൈറ്റ് ഹൗസ് വിട്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Joe Biden sworn in as 46th president of the United States – live