വാഷിംഗ്ടണ്‍: പ്രാദേശിക മേഖലകളിലെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ഇസ്രാഈലുമായി കൂടിയാലോചന നടത്തുമെന്ന് യു.എസിന്റെ ഉറപ്പ്. യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനും ഇസ്രാഈല്‍ ഉപദേഷ്ടാവ് മെയര്‍ ബെന്‍ ശബാതുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ സംസാരിച്ചതെന്ന് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
‘ഇസ്രാഈലിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ പ്രസിഡന്റ് ജോ ബൈഡന്റെ ഉറച്ച പ്രതിബദ്ധതയെ ജെയ്ക് സള്ളിവന്‍ ഒരിക്കല്‍ കൂടി ചര്‍ച്ചയിലൂടെ വ്യക്തമാക്കി.’ പ്രസ്താവനയില്‍ പറയുന്നു.
ജോ ബൈഡന്‍ അധികാരമേറ്റതിന് പിന്നാലെ നടക്കുന്ന ഈ ചര്‍ച്ചകള്‍ ഇസ്രാഈലുമായി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുലര്‍ത്തിയിരുന്ന നിലപാടുകളില്‍ നിന്ന് പുതിയ സര്‍ക്കാര്‍ വ്യതിചലിച്ചേക്കില്ല എന്ന സൂചനകളാണ് നല്‍കുന്നത്.
ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് വലിയ പിന്തുണയായിരുന്നു ട്രംപ് നല്‍കിയിരുന്നത്. ജെറുസലേമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീകരിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ ട്രംപ് അംഗീകരിച്ചിരുന്നു.’
യു.എ.ഇ, ബഹ്‌റൈന്‍, സുഡാന്‍, മൊറോക്ക എന്നീ രാജ്യങ്ങളുമായി ഇസ്രാഈല്‍ ഉണ്ടാക്കിയ നോര്‍മലൈസേഷന്‍ കരാറിന് മധ്യസ്ഥത വഹിച്ചതും ട്രംപായിരുന്നു. ഈ കരാറുകള്‍ കടുത്ത വഞ്ചനയാണെന്നായിരുന്ന ഫലസ്തീന്‍ പ്രതികരിച്ചത്.
ഇപ്പോള്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ പുറത്തുവിട്ടിരിക്കുന്ന പ്രസ്താവനയില്‍ ഇസ്രാഈലിന്റെ നോര്‍മലൈസേഷന്‍ കരാറിന് പിന്തുണ നല്‍കുന്നുണ്ട്. ഈ കരാറുകളിലടക്കം ഇസ്രാഈല്‍-അമേരിക്ക ബന്ധം വളര്‍ത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തിയെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇസ്രാഈലിന്റെ സുരക്ഷക്കായി അമേരിക്കക്ക പവിത്രമായ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുമെന്ന് ബൈഡന്റെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥിയായ ആന്റണി ബ്ലിങ്കന്‍ കഴിഞ്ഞ ആഴ്ച പ്രസ്താവിച്ചിരുന്നു.
ഇസ്രാഈലുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ബൈഡന്റെ നീക്കം ഇറാനുമായുള്ള ബന്ധം കൂടുതല്‍ വഷളാക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജെ.പി.സി.ഒ.എ ആണവകരാറില്‍ നിന്ന് ട്രംപ് പുറത്തു പോയതിന് പിന്നാലെയാണ് ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാകുന്നത്. കരാറില്‍ നിന്ന് പുറത്ത് പോയതിന് പിന്നാലെ ട്രംപ് ഇറാനുമേല്‍ ഉപരോധവും ഏര്‍പ്പെടുത്തിയിരുന്നു.
വ്യാഴാഴ്ച ട്രംപിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി രംഗത്തെത്തിയിരുന്നു. ”ട്രംപ് മരിച്ചു, പക്ഷേ ജെ.പി.സി.ഒ.എ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അധികാരത്തിലിരിക്കുമ്പോള്‍ അത് തകര്‍ക്കാന്‍ സാധ്യമാകുന്നതെല്ലാം അദ്ദേഹം ചെയ്തു. സൗദി അറേബ്യയും ഇസ്രഈലും അത് തന്നെയാണ് ചെയ്തത്.
പക്ഷേ ഇപ്പോള്‍ ജെ.പി.സി.ഒ.എ മുമ്പത്തേക്കാള്‍ ശക്തമായി ജീവിച്ചിരിപ്പുണ്ട്. മോശം റെക്കോഡുമായി ട്രംപ് പുറത്തുപോയി. എന്നാല്‍ പ്രതിരോധത്തിന്റെ ഉറച്ച റെക്കോഡുമായി ഇറാന്‍ ഇപ്പോഴുമുണ്ട്,” എന്നായിരുന്നു റുഹാനി ട്വീറ്റ് ചെയ്തത്.
ഇറാനെതിരെ പരാമാവധി സമ്മര്‍ദം ചെലുത്തുക എന്ന ട്രംപ് സര്‍ക്കാരിന്റെ തീരുമാനത്തിന് ഇസ്രാഈല്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു.
ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്തമെന്നായിരുന്നു ജോ ബൈഡന്‍ പറഞ്ഞിരുന്നത്. ബൈഡനോട് ജെ.പി.സി.ഒ.എ കരാറില്‍ ഉടന്‍ തിരികെ എത്തണമെന്ന് റുഹാനിയും ആവശ്യപ്പെട്ടിരുന്നു.
ഇപ്പോള്‍ പ്രാദേശിക സുരക്ഷാ വിഷയങ്ങളില്‍ ഇസ്രാഈലുമായി കൂടിയാലോചിക്കുമെന്ന് ഉറപ്പ് നല്‍കിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പ്രസ്താവന ബൈഡന്‍ നേരത്തെ പറഞ്ഞ നയങ്ങളില്‍ മാറ്റം വരുത്തുമോയെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ലോകം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക