ബാള്‍ട്ടിമോര്‍ പാലം തകര്‍ച്ച: ഇന്ത്യന്‍ ക്രൂ അംഗങ്ങളുടെ പെട്ടെന്നുള്ള നടപടിയെ അഭിനന്ദിച്ച് ജോ ബൈഡന്‍
World News
ബാള്‍ട്ടിമോര്‍ പാലം തകര്‍ച്ച: ഇന്ത്യന്‍ ക്രൂ അംഗങ്ങളുടെ പെട്ടെന്നുള്ള നടപടിയെ അഭിനന്ദിച്ച് ജോ ബൈഡന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th March 2024, 12:44 pm

വാഷിങ്ടണ്‍: ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജില്‍ ഇടിച്ച ചരക്ക് കപ്പലായ ‘ഡാലി’യിലെ ഉദ്യോഗസ്ഥരുടെ പെട്ടെന്നുള്ള നടപടിയെ അഭിനന്ദിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍.

സിംഗപ്പൂര്‍ ഷിപ്പിങ് കമ്പനിയായ സിനര്‍ജി മാരിടൈം ഗ്രൂപ്പിന്റെ ഉടമസ്ഥയിലുള്ളതാണ് ഈ ചരക്ക് കപ്പല്‍. കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ കപ്പലിലെ 22 അംഗങ്ങളും ഇന്ത്യക്കാരാണെന്ന് അറിയിച്ചു.

കപ്പലിലെ ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ട വിവരം മേരിലാന്‍ഡ് ഗതാഗത വകുപ്പിനെ അറിയിക്കാന്‍ കഴിഞ്ഞ ഉടനെ, പാലം അടച്ചിടാന്‍ പ്രാദേശിക അധികാരികള്‍ക്ക് കഴിഞ്ഞു. ഈ നീക്കം ഒരുപാട് ജീവനുകള്‍ രക്ഷിച്ചുവെന്ന് പ്രസിഡന്റ് ബൈഡന്‍ പറഞ്ഞു. ബാള്‍ട്ടിമോര്‍ പാലം തകര്‍ച്ചയെ കുറിച്ച് വൈറ്റ് ഹൗസില്‍ നടത്തിയ പ്രസ്താവനയിലാണ് ബൈഡന്‍ ഇക്കാര്യം പറഞ്ഞത്.

‘ഭയാനകമായ അപകടമായിരുന്നു ഇതെന്നാണ് ഇതുവരെയുള്ളതെല്ലാം സൂചിപ്പിക്കുന്നത്. മറ്റ് സൂചനകളൊന്നും ഇപ്പോള്‍ ഞങ്ങള്‍ക്കില്ല. മനപ്പൂര്‍വ്വമായ എന്തെങ്കിലും പ്രവൃത്തി നടന്നതായി വിശ്വസിക്കാന്‍ മറ്റൊരു കാരണവും ഇപ്പോളില്ല.’ ബൈഡന്‍ പറഞ്ഞു.

ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകര്‍ന്നതിനെ തുടര്‍ന്ന് കാണാതായ ആറ് പേര്‍ മരിച്ചതായി കരുതുന്നതായി മേരിലാന്‍ഡ് സ്റ്റേറ്റ് പൊലീസ് അറിയിച്ചു.

‘സംഭവസ്ഥലത്തെ ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നത്, ഇപ്പോഴും എട്ടുപേരെ കാണാനില്ലെന്നാണ്. ആ എണ്ണം ചിലപ്പോള്‍ മാറിയേക്കാം. രണ്ടുപേരെ രക്ഷിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഇപ്പോള്‍ സംസാരിക്കുന്ന സമയത്ത് പോലും അവശേഷിക്കുന്നവര്‍ക്ക് വേണ്ടി രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്,’ യു.എസ് പ്രസിഡന്റ് പറഞ്ഞു.

ബാള്‍ട്ടിമോര്‍ തുറമുഖം രാജ്യത്തെ ഏറ്റവും വലിയ ഷിപ്പിംഗ് ഹബ്ബുകളിലൊന്നാണെന്നും ബൈഡന്‍ അഭിപ്രായപ്പെട്ടു. ‘കഴിഞ്ഞ വര്‍ഷം ചരക്കുനീക്കത്തില്‍ റെക്കോര്‍ഡ് ഇട്ട തുറമുഖമാണിത്. വാഹനങ്ങളുടെയും ലൈറ്റ് ട്രക്കുകളുടെയും ഇറക്കുമതിക്കും കയറ്റുമതിക്കും വേണ്ടിയുള്ള അമേരിക്കയിലെ ഏറ്റവും മികച്ച തുറമുഖം കൂടിയാണിത്. ഓരോ വര്‍ഷവും ഏകദേശം 850,000 വാഹനങ്ങളാണ് ആ തുറമുഖത്തിലൂടെ കടന്നുപോകുന്നത്,’ ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Joe Biden praises the crew members of Ship in Baltimore Bridge accident