വാഷിംഗ്ടണ്‍: ഇതര വംശജരോട് അമേരിക്കയിലെ വെളുത്ത വര്‍ഗക്കാര്‍ പുലര്‍ത്തുന്ന വിവേചനത്തിനെതിരെ ശക്തമായ നിലപാടുകളുമായി വീണ്ടും രംഗത്തെത്തിയികരിക്കുകയാണ് പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്കയുടെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ ദിവസം തന്നെ അമേരിക്കയില്‍ വ്യവസ്ഥാപിതമായ വംശീയത ഇല്ലാതാക്കാനുള്ള വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഇപ്പോള്‍ പുതിയ നാല് കര്‍മപദ്ധതികള്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ബൈഡന്‍.
സ്വകാര്യ ജയിലുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും യു.എസ് സര്‍ക്കാരിനെ നിയന്ത്രിക്കുക, ഭവന പദ്ധതികളിലെ വിവേചനം ഒഴിവാക്കുക, അമേരിക്കയിലെ ഗോത്രവിഭാഗങ്ങളുടെ പരമാധികാരത്തോടുള്ള പ്രതിബദ്ധത ഉറപ്പാക്കല്‍, കൊവിഡ് വ്യാപനസമയത്ത് ഏഷ്യന്‍ അമേരിക്കക്കാരും പസഫിക് ദ്വീപ് സമൂഹങ്ങളില്‍ നിന്നുള്ളവരും നേരിട്ട വിവേചനത്തെ അപലിപിക്കുക എന്നീ നാല് ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള വിവിധ കര്‍മപരിപാടികളാണ് ബൈഡന്‍ പ്രഖ്യാപിച്ചത്.
നാളെ തന്നെ വംശീയത അവസാനിപ്പിക്കാനാകുമെന്നല്ല താന്‍ പറയുന്നതെന്നും എന്നാല്‍ വ്യവസ്ഥാപിതമായ വംശീയതയെ അവസാനിപ്പിക്കാനായി പരിശ്രമിച്ചുകൊണ്ടേയിരിക്കണമെന്നും ബൈഡന്‍ പറഞ്ഞു.
‘ഒരിക്കല്‍ കൂടി പറയുകയാണ്, നാളെ തന്നെ വംശീതയയെല്ലാം അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് വാഗ്ദാനം ചെയ്യുകയല്ല ഞാന്‍, പക്ഷെ വ്യവസ്ഥാപിതമായി വംശീയത അവസാനിപ്പിക്കാനുള്ള നടപടികള്‍ നമ്മള്‍ തുടരും എന്ന് ഉറപ്പുനല്‍കുകയാണ്. വൈറ്റ് ഹൗസിന്റെയും ഈ സര്‍ക്കാരിന്റെയും എല്ലാ വിഭാഗങ്ങളും അതിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കും.’ ബൈഡന്‍ പറഞ്ഞു.
അമേരിക്കയിലെ പൗരവകാശ സംഘടനകള്‍ മുതല്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സ് വരെയുള്ള വ്യത്യസ്ത മേഖലയിലെ നിരവധി സംഘടനകള്‍ ബൈഡന്റെ പുതിയ പദ്ധതികളെ സ്വാഗതം ചെയ്ത് രംഗത്തെത്തി.
അടുത്ത കാലത്തായി അമേരിക്ക കണ്ട ഏറ്റവും വലിയ ജനകീയ പ്രതിഷേധമായ ബ്ലാക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ബൈഡന്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. വര്‍ണ്ണവിവേചനവും വംശീയതയും അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളില്‍ ബൈഡന്‍ ഉറപ്പ് നല്‍കിയിരുന്നു.
ക്യാപിറ്റോള്‍ ആക്രമണം നടത്തിയവര്‍ തീവ്രവാദികളാണെന്ന് പറഞ്ഞ ബൈഡന്‍ ബ്ലാക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധക്കാരായിരുന്നു പാര്‍ലമെന്റിലെത്തിയിരുന്നെങ്കില്‍ അമേരിക്ക സൈന്യം വ്യത്യസ്തമായ രീതിയിലായിരിക്കും നേരിട്ടിട്ടുണ്ടാവുക എന്നും ചൂണ്ടിക്കാട്ടിയിരുന്നു. അമേരിക്കയില്‍ വിവിധ മേഖലകളില്‍ നിലനില്‍ക്കുന്ന വ്യവസ്ഥാപിതമായ വംശീയതയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക