രാജ്യദ്രോഹക്കേസില്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം; പക്ഷെ ജയിലില്‍ തുടരും
national news
രാജ്യദ്രോഹക്കേസില്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം; പക്ഷെ ജയിലില്‍ തുടരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th September 2022, 9:36 pm

ന്യൂദല്‍ഹി: രാജ്യദ്രോഹക്കേസില്‍ ജെ.എന്‍.യു സര്‍വകലാശാല വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിന് ജാമ്യം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ ഷര്‍ജീല്‍ നടത്തിയ പ്രസംഗം ആക്രമണങ്ങള്‍ക്ക് കാരണമായെന്ന് ആരോപിക്കപ്പെട്ട കേസിലാണ് ദല്‍ഹി സാകേത് കോടതി ജാമ്യം നല്‍കിയത്.

പൗരത്വ സമര കാലത്ത് ജാമിയ നഗറില്‍ ഷര്‍ജീല്‍ നടത്തിയ പ്രസംഗം രാജ്യദ്രോഹക്കുറ്റമാണെന്ന് ആരോപിച്ചാണ് ദല്‍ഹി എന്‍.എഫ്.സി പൊലിസ് 2019ല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ഷര്‍ജീലിന് ജയിലില്‍ തുടരേണ്ടിവരും.

2020ല്‍ ബീഹാറില്‍ നിന്നായിരുന്നു ഷര്‍ജീലിനെ അറസ്റ്റ് ചെയ്തിരുന്നന്. രാജ്യദോഹം, സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയവയാണ് കുറ്റങ്ങള്‍. നിലവില്‍ സുപ്രീം കോടതി ഉത്തരവോടെ രാജ്യദോഹക്കുറ്റം മരവിപ്പിച്ചിരിക്കുകയാണ്.

പൗരത്വനിയമത്തിനെതിരായ പ്രതിഷേധസമയത്ത് ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ നടന്ന അക്രമത്തിന്റെ ആസൂത്രകന്‍ എന്നാരോപിച്ചായിരുന്നു ഷര്‍ജീല്‍ ഇമാമിനെതിരെ ദല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി ദല്‍ഹിയില്‍ കര്‍ഷക പ്രതിഷേധത്തിനിടെ ഭാരതീയ കിസാന്‍ യൂണിയന്‍ ഷര്‍ജീല്‍ ഇമാം അടക്കമുള്ള നിരവധി ആക്ടിവിസ്റ്റുകളുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും മോചനം ആവശ്യപ്പെട്ടിരുന്നു.