ന്യൂദൽഹി: ജവഹർ ലാൽ നെഹ്‌റു സർവകലാശാലയിൽ അക്കാദമിക, ഭരണകൂട കെട്ടിടങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ ധർണ, നിരാഹാര സമരം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾക്ക് വിലക്ക്.
പുതുതായി അംഗീകരിച്ച മാന് വൽ പ്രകാരം പ്രതിഷേധം നടത്തുന്നവർക്ക് 20,000 രൂപ വരെ പിഴയോ രണ്ട് സെമസ്റ്റർ ക്യാമ്പസിൽ നിന്ന് പുറത്താക്കുകയോ ചെയ്യും.
നവംബർ 24നാണ് ജെ.എൻ.യു വിദ്യാർത്ഥികൾക്കുള്ള അച്ചടക്ക നിയമങ്ങളും പെരുമാറ്റ ചട്ടങ്ങളും ഉൾപ്പെടുന്ന ചീഫ് പ്രോട്ടോകോൾ ഓഫീസ് മാന്വൽ സർവകലാശാല എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗീകരിച്ചത്.
അനുവാദമില്ലാതെ ക്യാമ്പസിൽ നവാഗതർക്കുള്ള സ്വാഗത പാർട്ടികൾ, യാത്രയയപ്പ് പരിപാടികൾ, ഡി.ജെ പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നതിനും വിലക്കുണ്ട്. ഇത്തരം പരിപാടികൾ നടത്തുന്ന വിദ്യാർത്ഥികൾക്ക് 6,000 രൂപ പിഴയോ ജെ.എൻ.യു കമ്മൂണിറ്റി സേവനമോ ശിക്ഷ ലഭിക്കും.
സർവകലാശാല അംഗങ്ങളുടെ വസതിക്ക് പുറത്തുള്ള പ്രതിഷേധങ്ങൾക്കും വിലക്കുണ്ട്.
ജെ.എൻ.യുവിനെ ദശാബ്ദങ്ങളായി നിർവചിക്കുന്ന സജീവ ക്യാമ്പസ് സംസ്കാരത്തെ ഇല്ലാതാക്കുക എന്നതാണ് മാന്വലിലെ നിർദേശങ്ങളുടെ ഉദ്ദേശമെന്ന് ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
നിയമങ്ങൾ ദശാബ്ദങ്ങളായി നിലനിക്കുന്നുണ്ടെന്നും ഇപ്പോൾ അതിനെ കൂടുതൽ മെച്ചപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നുമാണ് സർവകലാശാലയുടെ വാദം.
അതേസമയം, യോഗത്തിൽ വിഷയം കാര്യമായി ചർച്ച ചെയ്തിട്ടില്ലെന്നും നിയമങ്ങൾ പ്രസിദ്ധീകരിക്കും മുമ്പുള്ള പ്രക്രിയകളൊന്നും പാലിച്ചിട്ടില്ലെന്നും എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവും സ്കൂൾ ഓഫ് ആർട്സ് അധ്യാപകനുമായ ബ്രഹ്മ പ്രകാശ് സിങ് ആരോപിച്ചു.
ഈ വർഷം മാർച്ചിലും സമാനമായ വിജ്ഞാപനം ജെ.എൻ.യു അധികൃതർ പുറത്തുവിട്ടിരുന്നു. നിരാഹാര സമരങ്ങളിലും ധർണകളിലും പ്രതിഷേധങ്ങളിലും പങ്കെടുക്കുന്നവർക്ക് 20,000 രൂപ വരെ പിഴയും അപമാനിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ പെരുമാറ്റത്തിന് 50,000 രൂപ വരെ പിഴയും ചുമത്തുമെന്നായിരുന്നു വിജ്ഞാപനം. സസ്പെൻഷൻ നടപടികൾ ഉണ്ടാകുമെന്നും താക്കീത് ഉണ്ടായിരുന്നു.
വിദ്യാർത്ഥികളിൽ നിന്നും രാഷ്ട്രീയ നേതാക്കളിൽ നിന്നും വിമർശനം നേരിട്ടതിനെ തുടർന്ന് വിജ്ഞാപനം പിൻവലിക്കുകയായിരുന്നു.
Content Highlight: JNU bans protests near academic complexes; ₹20,000 fine for violators