ഒരു കരുണയുമില്ലാതെ വിവേക് ഹര്‍ഷന്‍ ആ സീന്‍ കട്ട് ചെയ്തു, അതുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ കൈയടി കിട്ടിയേനെ: ജിത്തു മാധവന്‍
തിയേറ്ററില്‍ ഈ വര്‍ഷം മികച്ച അഭിപ്രായം നേടിയ സിനിമകളിലൊന്നാണ് ആവേശം. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത സിനിമയില്‍ ഫഹദായിരുന്നു നായകന്‍. വിഷു റിലീസായെത്തിയ ചിത്രം 150 കോടിയാണ് കളക്ട് ചെയ്തത്. ഫഹദ് എന്ന നടന്റെ വണ്‍മാന്‍ ഷോ തന്നെയായിരുന്നു ആവേശം. ചിത്രത്തില്‍ നിന്ന് എഡിറ്റ് ചെയ്ത് കളയേണ്ടി വന്ന ഒരു സീനിനെപ്പറ്റി സംസാരിക്കുകയാണ് സംവിധായകന്‍ ജിത്തു മാധവന്‍.
വളരെ ഇഷ്ടത്തോടുകൂടി ചെയ്ത സീന്‍ ഒരെണ്ണം ഉണ്ടായിരുന്നുവെന്നും തിയേറ്ററില്‍ ആ സീന്‍ ഉണ്ടായിരുന്നെങ്കില്‍ അടുത്ത സീനിലെ ഡയലോഗ് കേള്‍ക്കില്ലായിരുന്നുവെന്നും ജിത്തു പറഞ്ഞു. എന്നാല്‍ ഒട്ടും കരുണയില്ലാത്ത ആളായ വിവേക് ഹര്‍ഷന്‍ അത് വേണ്ടെന്ന് പറഞ്ഞ് കട്ട് ചെയ്തുവെന്നും ജിത്തു പറഞ്ഞു. രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് ജിത്തു ഇക്കാര്യം പറഞ്ഞത്. കരുണയില്ലാത്ത എഡിറ്റര്‍മാരാണ് മലയാളസിനിമയുടെ വിജയമെന്നും ജിത്തു കൂട്ടിച്ചേര്‍ത്തു.
‘തിയേറ്ററില്‍ കാണിച്ചിരുന്നെങ്കില്‍ കൈയടി കാരണം അടുത്ത സീനിലെ ഡയലോഗ് കേള്‍ക്കാന്‍ പറ്റില്ലെന്ന് ഉറപ്പുണ്ടായിരുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. അത് കളയേണ്ടി വന്നതില്‍ വിഷമമുണ്ട്. പക്ഷേ ഒട്ടും മനസലിവില്ലാത്ത ഒരാളാണ് എഡിറ്റ് ചെയ്യാനിരുന്ന വിവേക് ഹര്‍ഷന്‍. ഇത് കളയാം എന്ന് പറയുക പോലും ചെയ്യാതെയാണ് ഓരോ സീനും കട്ട് ചെയ്യുന്നത്. എന്തിനാ ഇതൊക്കെ ആവശ്യമില്ലാതെ എന്ന് ചോദിച്ചാണ് എല്ലാം വെട്ടിക്കളയുന്നത്.
ഏതെങ്കിലുമൊരു സീന്‍ തിരിച്ച് വെപ്പിക്കണമെങ്കില്‍ നമ്മള്‍ കാല് പിടിക്കണം. എന്നാലേ മനസലിവ് തോന്നി തിരിച്ച് വെക്കുള്ളൂ. ഒരു കണക്കിന് നോക്കിയാല്‍ അതൊക്കെ നല്ലതാണ്. കാരണം സിനിമയുടെ ഫ്‌ളോ പോവാന്‍ പാടില്ലല്ലോ. അത് കൃത്യമായി അറിയാവുന്നത് കൊണ്ടാണ് ആ സീനൊക്കെ ഡിലീറ്റ് ചെയ്യുന്നത്. കരുണയില്ലാത്ത എഡിറ്റര്‍മാരാണ് മലയാളസിനിമയുടെ ഐശ്വര്യം,’ ജിത്തു പറഞ്ഞു.
Content Highlight: Jithu Madhavan about the deleted scene in Aavesham