ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവ് സംവിധാനം ചെയ്ത ആവേശം പ്രേക്ഷകരില്‍ ആവേശം നിറച്ച് മുന്നേറുകയാണ്. മലയാളത്തിലെ യുവാക്കള്‍ മാത്രമല്ല വലിയൊരു വിഭാഗം സിനിമാ പ്രേമികളും ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. ആവേശത്തിന്റെ വിജയത്തെ കുറിച്ചും രംഗണ്ണനെ കുറിച്ചും രംഗന്‍ എന്ന കഥാപാത്രം എഴുതാനുണ്ടായ ഇന്‍സിപിരേഷനെ കുറിച്ചുമൊക്കെയാണ് ജിത്തു സംസാരിക്കുന്നത്.
തൃശൂരിലുള്ള ഒരാളുടെ കഥയില്‍ നിന്നാണ് രംഗനിലേക്ക് താന്‍ എത്തിയതെന്നും എന്നാല്‍ അയാളുമായി അത്ര നല്ല അനുഭവമല്ല തനിക്ക് ഉണ്ടായതെന്നുമാണ് ജിത്തു പറയുന്നത്. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജിത്തു മാധവ്.
‘ രംഗയെ കുറിച്ച് അറിയുന്നതൊക്കെ ആ സിനിമയിലുണ്ട്. കൂടുതല്‍ എന്തെങ്കിലും അറിയണമെങ്കില്‍ കൂടുതല്‍ എഴുതണം. ഇതുപോലെ ഒരാളെ ഞാന്‍ കണ്ടിട്ടുണ്ട്. ഗ്യാങ്‌സ്റ്റര്‍ ആണെന്ന് പറയാന്‍ പറ്റില്ല. ഈ ക്യാരക്ടര്‍ ഉണ്ടാകാന്‍ ഒരു റെഫറന്‍സ് ഉറപ്പായും ഉണ്ട്. ഇതുപോലെ ഒരു കഥാപാത്രത്തെ എനിക്ക് പരിചയമുണ്ട്. അത് ഫഹദിനും അറിയാം.
അതിനെ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല. അത് നമുക്ക് അങ്ങനെ വിടാം. പടം ഹിറ്റായല്ലോ. പുള്ളിയായി എനിക്ക് കോണ്‍ടാക്ട് ഇല്ല. സിനിമയില്‍ കാണുന്ന രംഗണ്ണന്‍ ഒന്നും അല്ല അദ്ദേഹം.
ഈ സിനിമയില്‍ എന്താണ് റിയല്‍ സ്റ്റോറിയെന്നും എന്താണ് ഫിക്ഷനെന്നും ഞാന്‍ വേര്‍തിരിച്ചു പറയുന്നില്ല. കാരണം അതു പറയാതിരിക്കുന്നതാണ് സിനിമയുടെ ഭംഗിയെന്നാണ് തോന്നുന്നത്. രോമാഞ്ചത്തിലെ പോലെയല്ല, ഒരുപാട് ഫിക്ഷന്‍ മിക്‌സ് ചെയ്തിട്ടുണ്ട്. റിയല്‍ ഇന്‍സിഡന്റും ഉണ്ടെന്ന് അറിഞ്ഞാല്‍ മതിയെന്ന് തോന്നി.
ഈ സിനിമയുടെ കഥ പറയാന്‍ പോയപ്പോള്‍ ഫഹദിനോട് ഞാന്‍ ഈ പുള്ളിയുടെ പേര് പറഞ്ഞു. പേര് കേട്ടപ്പോള്‍ തന്നെ ഫഹദിന് അദ്ദേഹത്തെ മനസിലായി. ഫഹദിന് പരിചയം ഉണ്ടാകാന്‍ യാതൊരു ചാന്‍സും ഇല്ലെന്ന രീതിയിലാണ് റിയല്‍ ക്യാരക്ടറിന്റെ പേര് ഞാന്‍ പറയുന്നത്. പേര് പറഞ്ഞ ഉടനെ പുള്ളിയുടെ റൂട്ട് തൃശൂര്‍ അല്ലേ എന്ന് തിരിച്ചു ചോദിച്ചപ്പോള്‍ ഞാന്‍ വിരണ്ടുപോയി.
നമുക്കിത് ഇവിടെ നിര്‍ത്താം. അത് തുടരേണ്ടെന്ന് പറഞ്ഞു. അത് പറയാന്‍ കാരണം ആ പുള്ളിയുമായി എനിക്കുണ്ടായിട്ടുള്ള അനുഭവം അത്ര നല്ലതല്ലാത്തതുകൊണ്ടാണ്. നിങ്ങള്‍ കാണുന്നതുപോലെ അദ്ദേഹം അത്ര നല്ല മനുഷ്യനൊന്നും അല്ല. രംഗണ്ണന്‍ നന്മയൊക്കെയുള്ള തക്കുടുവായ ഒരുമനുഷ്യനാണ്. ശരിക്കുള്ളവര്‍ അതല്ല ടെററര്‍ ആണ്.
അങ്ങനെ ഒരാളില്ല കംപ്ലീറ്റ് ഫിക്ഷനാണ്. ഫിക്ഷന്‍ (ചിരി), അങ്ങനെ കരുതൂ..അതിനെ കുറിച്ച് കൂടുതല്‍ പറയുന്നില്ല, ജിത്തു മാധവ് പറഞ്ഞു.
Content Highlight: Jithu Madhav about Real Rangan and Fahad Comment