മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കെ.പി.എ.സി ലളിത. സംവിധായകന്‍ ജിസ് ജോയ്‌യോടൊപ്പം താരം അഞ്ച് സിനിമകള്‍ ചെയ്തിരുന്നു. ഇപ്പോള്‍ കെ.പി.എ.സി ലളിതയെ കുറിച്ച് പറയുകയാണ് ജിസ് ജോയ്. തന്റെ ഏറ്റവും പുതിയ ചിത്രമായ തലവന്റെ ഭാഗമായി ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്നലെ വരെയെന്ന സിനിമയുടെ ഷൂട്ടിങ്ങ് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുകയായിരുന്നു. ആ സമയത്ത് ഒരു നമ്പറില്‍ നിന്ന് എനിക്ക് കോള്‍ വന്നു. ഞാന്‍ ഫോണെടുത്ത് ആരാണെന്ന് ചോദിച്ചപ്പോള്‍ ലളിതയാണെന്ന് പറഞ്ഞു. എന്താണ് ചേച്ചി, ഒരു വിവരവും ഇല്ലല്ലോയെന്ന് ഞാന്‍ ചോദിച്ചു.
‘ഞാന്‍ ഹോസ്പിറ്റലില്‍ ആയിരുന്നു, അറിഞ്ഞില്ലായിരുന്നോ’യെന്ന് എന്നോട് തിരികെ ചോദിച്ചു. ‘ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജായി വന്ന് കയറിയതേയുള്ളൂ. അതുകൊണ്ട് ജിസിനെ വിളിച്ചതാണ് ഞാന്‍. ഒരു സിനിമ ഇപ്പോള്‍ കഴിഞ്ഞെന്ന് അറിഞ്ഞു. അതില്‍ ഞാന്‍ ഇല്ലാതിരുന്നത് ആശുപത്രിയില്‍ കിടക്കുന്നത് കൊണ്ടാണെന്ന് മനസിലാക്കുന്നു. പക്ഷെ അടുത്ത പടത്തില്‍ അങ്ങനെയല്ല’ എന്നൊക്കെ പറഞ്ഞു.
ലളിത ചേച്ചി മരിച്ചതിന്റെ പിറ്റേന്ന് ഞാന്‍ ഇന്‍സ്റ്റഗ്രാമിലിട്ട ഒരു വീഡിയോയുണ്ട്. ഞാന്‍ വളരെ വിഷമത്തോടെയാണ് ആ വീഡിയോയിട്ടത്. അങ്ങനെ ചെയ്യാതിരിക്കാന്‍ എനിക്ക് തോന്നിയില്ല. ചേച്ചിയുടെ പ്രായം എന്തുമായിക്കോട്ടെ. ഒരു ജോലിയോട് അവര് കാണിക്കുന്ന ആത്മാര്‍ത്ഥയുണ്ട്.
എന്റെ പടത്തില്‍ അഭിനയിച്ചിട്ട് വേണോ ചേച്ചിക്ക് ഇനി മുന്നോട്ട് പോകാന്‍. ഏതെങ്കിലും അര്‍ത്ഥത്തില്‍ അതിന്റെ ആവശ്യമുണ്ടോ. അതായത് ഫിനാന്‍ഷ്യലിയോ ക്രിയേറ്റീവ്‌ലിയോ ഇമേജ് വൈസോ അതിന്റെ ആവശ്യമുണ്ടാകുമോ. ഒരിക്കലും ഉണ്ടാകില്ല. സത്യന്‍ മാഷിന്റെ കൂടെ അഭിനയിച്ചു വന്നിരിക്കുന്ന ആളാണ്.
മതിലുകള്‍ എന്ന സിനിമയില്‍ നാരായണിയെന്ന കഥാപാത്രത്തിലൂടെ വെറുതെ ശബ്ദം കൊണ്ട് നമ്മളെ കരയിപ്പിച്ച ആളാണ്. ആ ചേച്ചിക്ക് ജിസ് ജോയ് എന്ന് പറയുന്ന ഇത്രയും ചെറിയ ആളെ വിളിച്ച് അടുത്ത പടത്തില്‍ ഞാനും ഉണ്ടാകുമെന്ന് പറയേണ്ട ആവശ്യമില്ല,’ ജിസ് ജോയ് പറഞ്ഞു.
Content Highlight: Jis Joy Talks About KPAC Lalitha