ജോഷി സാറിന്റെ സെറ്റില്‍ മറ്റൊരാളുടെയും ശബ്ദം കേള്‍ക്കില്ല; പക്ഷെ അദ്ദേഹം ഒരു പാവം മനുഷ്യനാണ്: ജിസ് ജോയ്
Entertainment
ജോഷി സാറിന്റെ സെറ്റില്‍ മറ്റൊരാളുടെയും ശബ്ദം കേള്‍ക്കില്ല; പക്ഷെ അദ്ദേഹം ഒരു പാവം മനുഷ്യനാണ്: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 30th June 2024, 9:22 am

ഒരു സിനിമ ചെയ്യുമ്പോള്‍ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുകയെന്നത് സംവിധായകന്റെ ഉത്തരവാദിത്തമാണെന്ന് പറയുകയാണ് ജിസ് ജോയ്. അയാള്‍ ആ സെറ്റില്‍ ഉണ്ടാവുകയെന്നതാണ് കാര്യമെന്നും അദ്ദേഹം പറയുന്നു. സിനിമാപ്രാന്തന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജിസ് ജോയ്. സംവിധായകന്‍ ജോഷിയുടെ സെറ്റില്‍ പോയാല്‍ അവിടെ മറ്റൊരാളുടെയും ശബ്ദം കേള്‍ക്കില്ലെന്നും പക്ഷെ അദ്ദേഹം ആരെയും പറഞ്ഞു പേടിപ്പിക്കുന്ന ആള്‍ അല്ലെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു.

‘ഒരു ആക്ടറിന് ഉറപ്പായും തന്റെ സിനിമ പ്രൊമോട്ട് ചെയ്യണം. എന്റെ പടത്തിന്റെ (തലവന്‍) കാര്യം നോക്കുകയാണെങ്കില്‍, ആസിഫ് ഇപ്പോള്‍ മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിലാണ്. അവിടെ നിന്നാണ് ആസിഫിനെ പ്രൊമോഷന് വേണ്ടി ഓരോ തിയേറ്ററിലേക്കും കൊണ്ടുവരുന്നത്. ബിജു ചേട്ടന്റെ കാര്യവും അങ്ങനെ തന്നെയാണ്. ഡെയിലി വന്നില്ലെങ്കിലും അദ്ദേഹവും ഇടക്ക് വരാറുണ്ട്. പക്ഷെ വേറെ ഒരു ഡയറക്ടര്‍ വിട്ട് തന്നിട്ട് വേണം നമുക്ക് അവരെയും കൊണ്ട് പോകാന്‍. അതിന് ഒരു മ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്‍ഡിങ് വേണം.

എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുക എന്നത് ഡയറക്ടറുടെ ഉത്തരവാദിത്തമാണ്. അയാള്‍ സെറ്റില്‍ ഉണ്ടാവുക എന്നതാണ് കാര്യം. നമ്മള്‍ ഇപ്പോള്‍ ജോഷി സാറിന്റെ സെറ്റില്‍ പോയാല്‍ അവിടെ വേറെ ഒരാളുടെയും ശബ്ദം കേള്‍ക്കില്ല. പക്ഷെ ജോഷി സാര്‍ ആരെയും പറഞ്ഞു പേടിപ്പിക്കുന്ന ആളൊന്നുമല്ല. പുള്ളി ഒരു പാവം മനുഷ്യനാണ്. എന്നിട്ടും അദ്ദേഹത്തിന്റെ സെറ്റില്‍ ആകെ സൈലെന്‍സാകും, നല്ല അച്ചടക്കം ഉണ്ടാകും.

Also Read: അദ്ദേഹത്തിന്റെ ബയോപിക് ചെയ്യാൻ പൃഥ്വിരാജ് ആദ്യം തയ്യാറായില്ല, എന്നാൽ..: കമൽ

പിന്നെ സിബി സാറിന്റെയും കമല്‍ സാറിന്റെയുമൊക്കെ ലൊക്കേഷനിലും ഇങ്ങനെയൊക്കെ തന്നെ ആണെന്നാണ് കേട്ടിട്ടുള്ളത്. എല്ലാവര്‍ക്കും അവരുടേതായ ക്യാരക്ടര്‍ ഉണ്ടാകും. അത് സെറ്റില്‍ വ്യക്തമായി റിഫ്‌ളക്റ്റ് ചെയ്യും. വളരെ അടിപൊളിയായി നടക്കുന്ന ഡയറക്ടര്‍ ആണെങ്കില്‍ ആ സെറ്റും അങ്ങനെയാകും. അത്തരത്തില്‍ സിനിമ ചെയ്യുന്നവരുമുണ്ട്,’ ജിസ് ജോയ് പറഞ്ഞു.


Content Highlight: Jis Joy Talks About Director Joshiy