Entertainment
എനിക്കപ്പോള്‍ ശ്രീനിവാസന്‍ സാര്‍ സണ്‍ഡേ ഹോളിഡേയില്‍ ജോയിന്‍ ചെയ്ത കോണ്‍ഫിഡന്‍സായിരുന്നു: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 18, 11:08 am
Saturday, 18th May 2024, 4:38 pm

മലയാള ചലച്ചിത്ര രംഗത്തെ സംവിധായകനും, ഗാനരചയിതാവും, തിരക്കഥാകൃത്തുമാണ് ജിസ് ജോയ്. ബിജു മേനോനെയും ആസിഫ് അലിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി താരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തലവന്‍. അരുണ്‍ നാരായണന്‍ പ്രൊഡക്ഷന്‍സ് ലണ്ടന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രം മെയ് 24ന് തിയേറ്ററുകളില്‍ റിലീസിനൊരുങ്ങുകയാണ്.

തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ പ്രസ് മീറ്റില്‍ പങ്കുവെക്കുകയാണ് ജിസ് ജോയ്. ബിജു മേനോന്‍ തലവന്‍ എന്ന സിനിമയുടെ കഥ കേട്ട് ഓക്കെ പറഞ്ഞപ്പോള്‍ തനിക്ക് വളരെയധികം കോണ്‍ഫിഡന്‍സായെന്നും, ഈ സിനിമയില്‍ ബിജു മേനോന്‍ അഭിനയിക്കണമെന്ന് ആസിഫിനും ആഗ്രഹമുണ്ടായിരുന്നെന്നും പറയുകയാണ് താരം.

‘ഒരുപാട് സ്ലോ മോഷനും പഞ്ച് പാറ്റേണും ഉള്ള സിനിമയല്ല ഇത്, സെമി റിയലിസ്റ്റിക്ക് ആയിട്ടുള്ള ഒരു സിനിമയാണ്. ആവിശ്യത്തിന് ഡ്രാമയുണ്ട് അതുപോലെ സാങ്കല്‍പികമായ ഒരു സ്ഥലത്ത് നടക്കുന്ന കഥയാണ് സിനിമയില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. അതുപോലെ സാങ്കല്‍പിക പ്രദേശത്ത് നടക്കുന്ന ഇന്‍വെസ്റ്റിഗേഷന്റെ പൊലീസ് പ്രൊസീജിയര്‍ ഉള്ളൊരു സ്റ്റോറിയാണ്. പൊലീസിന്റെ ഹൈറാര്‍ക്കി, ഈഗോ എന്നിങ്ങനെ വിഷയമാക്കിയ ഒരു സിനിമയാണ് ‘തലവന്‍’.

എന്നാല്‍ കൃത്യമായ കഥയും കഥാപാത്രങ്ങളും ആ കഥാപാത്രങ്ങള്‍ക്കൊക്കെ കൃത്യമായ ബയോഡാറ്റയും അതിലുപരി കൃത്യമായ അന്വേഷണവും ഉള്ളൊരു രീതിയിലാണ് ഞാന്‍ ഈ സിനിമ കണ്‍സീവ് ചെയ്തിട്ടുള്ളത്. ഞാന്‍ ഈ കഥ ആദ്യമായി ആസിഫിനോട് പറഞ്ഞപ്പോഴേ അവന് അത് വളരെ ഇഷ്ടപ്പെട്ടു.

അതുപോലെ ബിജു ഏട്ടന്‍ ഈ കാരക്ടര്‍ ചെയ്താല്‍ കൊള്ളാം എന്ന് എനിക്കും ആസിഫിനുമൊക്കെ ഉണ്ടായിരുന്നു. സണ്‍ഡേ ഹോളിഡേയില്‍ ശ്രീനിവാസന്‍ സാര്‍ ജോയിന്‍ ചെയ്തപ്പോഴുണ്ടായ കോണ്‍ഫിഡന്‍സാണ് ഈ സിനിമയില്‍ ബിജു ചേട്ടന്‍ ഓക്കെ പറഞ്ഞപ്പോള്‍ എനിക്ക് തോന്നിയത്,’ ജിസ് ജോയ് പറഞ്ഞു.

ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോന്‍, ആസിഫ് അലി, മിയ ജോര്‍ജ്, അനുശ്രീ, ദിലീഷ് പോത്തന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാവുന്ന പ്രശ്നങ്ങളാണ് സിനിമയുടെ പ്രമേയം.

Content Highlight: Jis Joy Talks About Biju Menon