ആ കഥാപാത്രത്തിന് വേണ്ടി ലാലേട്ടന്‍ എന്നോടായിരുന്നു സജഷന്‍ ചോദിച്ചിരുന്നത്: ജിസ് ജോയ്
Entertainment
ആ കഥാപാത്രത്തിന് വേണ്ടി ലാലേട്ടന്‍ എന്നോടായിരുന്നു സജഷന്‍ ചോദിച്ചിരുന്നത്: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 31st May 2024, 5:53 pm

സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചയാളാണ് ജിസ് ജോയ്. ഒരുപാട് പരസ്യ ചിത്രങ്ങളും ജിസ് ജോയ് സംവിധാനം ചെയ്തിട്ടുണ്ട്. നിറപറയുടെ പരസ്യത്തിന് വേണ്ടി ആദ്യമായി മോഹന്‍ലാലിനെ കണ്ടപ്പോഴുള്ള അനുഭവം ജിസ് പങ്കുവെച്ചു. കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിനിടയിലാണ് ആദ്യമായി മോഹന്‍ലാലിനെ കണ്ടതെന്ന് ജിസ് ജോയ് പറഞ്ഞു. പുതിയ ചിത്രമായ തലവന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് വണ്ടര്‍ വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ജിസ് ഇക്കാര്യം പറഞ്ഞത്.

പരസ്യവുമായി ബന്ധപ്പെട്ട് മോഹന്‍ലാലുമായി ഡിസ്‌കഷന്‍ നടത്തിയ ശേഷം അദ്ദേഹം കായംകുളം കൊച്ചുണ്ണിയുടെ കാര്യം പറഞ്ഞെന്നും അത് കേട്ട് താന്‍ കൊച്ചുണ്ണി സീരിയലിന് വേണ്ടി 1000 എപ്പിസോഡ് ഡബ്ബ് ചെയ്ത കാര്യം പറഞ്ഞെന്നും ജിസ് ജോയ് പറഞ്ഞു. അത് കേട്ടപ്പോള്‍ ഇത്തിക്കരപക്കി എന്ന കഥാപാത്രം എങ്ങനെയായിരുന്നുവെന്ന് തന്നോട് സജഷന്‍ ചോദിച്ചെന്നും ഷൂട്ട് കണ്ട് എങ്ങനെയുണ്ടെന്ന് അഭിപ്രായം പറയണമെന്ന പറഞ്ഞേല്‍പ്പിക്കുകയും ചെയ്‌തെന്ന് ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു.

‘സണ്‍ഡേ ഹോളിഡേ ചെയ്തു നില്‍ക്കുന്ന സമയത്താണ് നിറപറയുടെ ഒരു പരസ്യം ചെയ്യാന്‍ എന്നെ വിളിക്കുന്നത്. ലാലേട്ടനെ വെച്ച് ചെയ്യാനായിരുന്നു പ്ലാന്‍. അപ്പോള്‍ അതിന്റെ കാര്യം സംസാരിക്കാന്‍ മംഗലാപുരത്തേക്ക് ചെല്ലാന്‍ പറഞ്ഞു. അവിടെയായിരുന്നു ഷൂട്ട്. രാവിലെ ഹോട്ടലിലെത്തി ലാലേട്ടനെ കണ്ടു. സെറ്റിലേക്ക് പോകുന്ന വഴിക്ക് സംസാരിക്കാമെന്ന് ലാലേട്ടന്‍ പറഞ്ഞു. ഞാനും ലാലേട്ടനും വണ്ടിയില്‍ കയറി 20 മിനിറ്റ് കൊണ്ട് ഞാന്‍ ആ പരസ്യത്തിന്റെ കാര്യം പറഞ്ഞു തീര്‍ത്തു.

അത് കഴിഞ്ഞപ്പോള്‍ പുള്ളി എന്നോട് കായംകുളം കൊച്ചുണ്ണി സിനിമയുടെ കാര്യം പറഞ്ഞു. ആ സമയത്ത് ഞാന്‍ കായംകുളം കൊച്ചുണ്ണി സീരിയലിന്റെ 1000 എപ്പിസോഡിന് ഡബ്ബ് ചെയ്തിട്ടുണ്ടെന്നുള്ള കാര്യം പറഞ്ഞു. അത് കേട്ടപ്പോള്‍ പുള്ളി ചോദിച്ചത്, ‘ഇത്തിക്കര പക്കി എങ്ങനെയാണ് കഥയിലുള്ളത്’ എന്നായിരുന്നു.

ആ ക്യാരക്ടരിന് എന്തെങ്കിലും സജഷന്‍ തരാനുണ്ടോ എന്നറിയാന്‍ വേണ്ടി എന്നോട് സെറ്റിലേക്ക് വരാന്‍ പറഞ്ഞു. സെറ്റിലെത്തിയിട്ട് വേഷം മാറി വരാമെന്ന് പറഞ്ഞ് അദ്ദേഹം ക്യാരവനിലേക്ക് പോയി. ഷോട്ട് എടുക്കാന്‍ സമയമായപ്പോള്‍ ലാലേട്ടന്‍ വന്നു. നിവിന്‍ പോളിയെ ആദ്യമായിട്ട് കാണുന്ന സീനായിരുന്നു എടുത്തത്. ഷോട്ട് എടുത്ത ശേഷം എന്നെ അടുത്തേക്ക് വിളിച്ച് നിര്‍ത്തിയിട്ട് ഇങ്ങനെ പോരെ എന്ന് ചോദിച്ചു. ഓക്കെയാണെന്ന് ഞാന്‍ പറഞ്ഞു, മറക്കാന്‍ പറ്റാത്ത അനുഭവമായിരുന്നു അത്,’ ജിസ് ജോയ് പറഞ്ഞു.

Content Highlight: Jis Joy saying Mohanlal asks suggestion for his character in Kayamkulam Kochunni movie