അഹമ്മദാബാദ്: ശക്തമായ ബി.ജെ.പി കൊടുങ്കാറ്റില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് തറപറ്റിയെങ്കിലും സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
2017ല്‍ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി നിന്ന് വിജയിച്ച് സംവരണ മണ്ഡലമായ വദ്ഗാമില്‍ നിന്ന് തന്നെയാണ് രണ്ടാം തവണയും മേവാനി നിയമസഭയിലെത്തുന്നത്.
ബി.ജെ.പിയുടെ മണിഭായ് ജേതാഭായ് വഗേലയെയും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ദല്‍പത്ഭായ് ദഹ്യാഭായ് ഭാട്ടിയയെയും പരാജയപ്പെടുത്തിയാണ് മേവാനി നേരിയ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സീറ്റ് നിലനിര്‍ത്തിയത്.
ജിഗ്‌നേഷ് മേവാനി 92,567 വോട്ടുകള്‍ നേടിയപ്പോള്‍ മണിഭായ് ജേതാഭായ് വഗേല 88,710 വോട്ടുകള്‍ നേടി. ഇരുവരും ഇഞ്ചോടിഞ്ച് പോരാടിയപ്പോള്‍ ആം ആദ്മി സ്ഥാനാര്‍ത്ഥി ദല്‍പത്ഭായ് ദഹ്യാഭായ് ഭാട്ടിയക്ക് വെറും 4315 വോട്ടുകള്‍ മാത്രമാണ് പോള്‍ ചെയ്തത്.
വോട്ടെണ്ണലിന്റെ തുടക്കം മുതലെ ലീഡ് നില മാറി മറിഞ്ഞ വദ്ഗാമില്‍ ജിഗ്‌നേഷ് മേവാനി മണിഭായി ജേതാഭായ് വഗേലയെ 3857 വോട്ടുകള്‍ക്ക് ആണ് പരാജയപ്പെടുത്തിയത്.
സംസ്ഥാനത്തെ 182 നിയോജക മണ്ഡലങ്ങളില്‍ എസ്.സി വിഭാഗത്തിന് സംവരണം ചെയ്ത മണ്ഡലമാണ് വദ്ഗാം. ആകെ 2,70,000 വോട്ടര്‍മാരില്‍ 40,000 ത്തോളം പട്ടികജാതി വോട്ടര്‍മാരും പതിനായിരത്തോളം പട്ടികവര്‍ഗ വോട്ടര്‍മാരുമാണ് മണ്ഡലത്തിലുള്ളള്ളത്.
2017ലും മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ കോണ്‍ഗ്രസ് ജിഗ്‌നേഷ് മേവാനിക്ക് ഇവിടെ പിന്തുണ കൊടുക്കുകയായിരുന്നു. 2021ലാണ് മേവാനി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.