ജാര്‍ഖണ്ഡ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം; ബി.ജെ.പി. ഗൂഢാലോചനയെന്ന് ആരോപണം, മൂന്ന് പേര്‍ അറസ്റ്റില്‍
national news
ജാര്‍ഖണ്ഡ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം; ബി.ജെ.പി. ഗൂഢാലോചനയെന്ന് ആരോപണം, മൂന്ന് പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th July 2021, 9:38 pm

റാഞ്ചി: ജാര്‍ഖണ്ഡിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് മൂന്ന് പേര്‍ അറസ്റ്റില്‍. ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.

റാഞ്ചിയിലെ ഒരു ഹോട്ടലില്‍ നിന്ന് ജാര്‍ഖണ്ഡ് സ്‌പെഷ്യല്‍ ബ്രാഞ്ചാണ് അഭിഷേക് ദുബൈ, അമിത് സിങ്, നിവാരണ്‍പ്രസാദ് മഹതോ എന്നിവരെ പിടികൂടിയത്.

ഇവര്‍ ചില കോണ്‍ഗ്രസ് എം.എല്‍.എമാരുമായി ബന്ധപ്പെടുകയും ജെ.എം.എം-കോണ്‍ഗ്രസ്-ആര്‍.ജെ.ഡി. സഖ്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പദ്ധതിയിട്ടെന്നുമാണ് ആരോപണം.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ രണ്ട് പേര്‍ പിടിയിലായവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പിടിയിലായവരില്‍ നിന്ന് പണവും ജാര്‍ഖണ്ഡ് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഗൂഢാലോചനക്ക് പിന്നില്‍ ബി.ജെ.പിയാണെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാരിലെ മുഖ്യ പാര്‍ട്ടിയായ ജെ.എം.എം. ആരോപിച്ചു.

കര്‍ണാടകയും മധ്യപ്രദേശും പിടിച്ചെടുത്തത് പോലെ ജാര്‍ഖണ്ഡിലെ ബി.ജെ.പിയുടെ കളി നടക്കില്ലെന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ജനറല്‍ സെക്രട്ടറി സുപ്രിയ ഭട്ടാചാര്യ പറഞ്ഞു.

2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 81 സീറ്റില്‍ 47 ല്‍ ജെ.എം.എം.-കോണ്‍ഗ്രസ്-ആര്‍.ജെ.ഡി. സഖ്യം വിജയിച്ചപ്പോള്‍ ബി.ജെ.പിക്കും മറ്റുള്ളവര്‍ക്കുമായി 25 ഒതുങ്ങിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Jharkhand Police bust plot to overthrow CM Hemant Soren govt, arrest 3 in Ranchi