കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയ മികച്ച സിനിമകളിലൊന്നാണ് കാതല്‍ ദി കോര്‍. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. മമ്മൂട്ടി സ്വവര്‍ഗാനുരാഗിയായി വേഷമിട്ട ചിത്രം വലിയ വിജയമായി മാറി. മലയാളം ഇന്‍ഡസ്ട്രിക്ക് പുറത്തും കാതല്‍ എന്ന സിനിമയും മമ്മൂട്ടിയുടെ പെര്‍ഫോമന്‍സും വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡില്‍ മികച്ച ചിത്രത്തിനുള്‍പ്പെടെ നാല് അവാര്‍ഡുകള്‍ ലഭിച്ചു.
ചിത്രം നിര്‍മിച്ചത് മമ്മൂട്ടി തന്നെയായിരുന്നു. കാതല്‍ എന്ന സിനിമയുടെ കഥ പറയാന്‍ മമ്മൂട്ടിയുടെ അടുത്തേക്ക് പോയപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ ജിയോ ബേബി. മമ്മൂട്ടി ആ കഥാപാത്രം ചെയ്യുമോയെന്ന് അതിന്റെ എഴുത്തുകാര്‍ക്ക് സംശയമായിരുന്നെന്നും തനിക്ക് ആ സംശയമില്ലായിരുന്നെന്നും ജിയോ ബേബി പറഞ്ഞു. കാതലിന്റെ ആദ്യ ഡ്രാഫ്റ്റില്‍ മമ്മൂട്ടിയുടെ കഥാപാത്രം ഒരു പൊലീസ് ഓഫീസറായിരുന്നുവെന്നും പിന്നീടാണ് അത് മാറ്റിയതെന്നും ജിയോ ബേബി കൂട്ടിച്ചേര്‍ത്തു.
കഥ കേട്ടപ്പോള്‍ തന്നെ മമ്മൂട്ടി യെസ് പറഞ്ഞെന്നും പിന്നീട് അദ്ദേഹം തന്നെ അത് നിര്‍മിക്കാമെന്ന് സമ്മതിക്കുകയും ചെയ്‌തെന്ന് ജിയോ ബേബി പറഞ്ഞു. ആ സമയത്ത് മമ്മൂട്ടി ചെയ്യേണ്ടിയിരുന്ന സിനിമയായിരുന്നു കണ്ണൂര്‍ സ്‌ക്വാഡെന്നും എന്നാല്‍ അത് മാറ്റിവെച്ചിട്ടാണ് അദ്ദേഹം കാതല്‍ ചെയ്യാന്‍ തീരുമാനിച്ചതെന്നും ജിയോ ബേബി കൂട്ടിച്ചേര്‍ത്തു. സമകാലികമലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കാതലിന്റെ സ്‌ക്രിപ്റ്റ് കേട്ടിട്ട് മമ്മൂക്ക അത് ചെയ്യുമോ എന്ന് ഏതൊരു മലയാളിയും ചിന്തിക്കുന്നതുപോലെ ഞാനും ചിന്തിച്ചിരുന്നു. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടാല്‍ ചെയ്‌തേക്കുമെന്നുള്ള ചെറിയ വിശ്വാസം എനിക്കുണ്ടായിരുന്നു. പക്ഷേ അതിന്റെ റൈറ്റേഴ്‌സായ ആദര്‍ശിനും പോള്‍സണും വലിയ ടെന്‍ഷനായിരുന്നു. ഇപ്പോള്‍ കാണുന്നതുപോലെയായിരുന്നില്ല കാതലിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ്. അതില്‍ മമ്മൂക്കയുടെ ക്യാരക്ടര്‍ പൊലീസ് ഓഫീസറായിരുന്നു. പിന്നീട് ഞാനും അവരും കൂടിയിരുന്ന് ഒരുപാട് കറക്ഷന്‍സ് വരുത്തി.
എന്നിട്ടാണ് മമ്മൂക്കയുടെ അടുത്ത് കഥ പറയാന്‍ പോയത്. കേട്ടപ്പോള്‍ തന്നെ പുള്ളി യെസ് പറഞ്ഞു. വളരെ പെട്ടെന്ന് തന്നെ ഓണ്‍ ആയ സിനിമയാണ് കാതല്‍. എന്തെങ്കിലും മാറ്റം വരുത്തണമെന്ന് പുള്ളി പറയുമെന്നൊക്കെ ചിന്തിച്ചു. അതൊന്നും ഉണ്ടായില്ല. പിന്നീട് അദ്ദേഹം അത് പ്രൊഡ്യൂസ് ചെയ്യാമെന്ന് കൂടി പറഞ്ഞു. ആ സമയത്ത് അദ്ദേഹം ചെയ്യാനിരുന്ന കണ്ണൂര്‍ സ്‌ക്വാഡ് ഹോള്‍ഡ് ചെയ്തിട്ടാണ് കാതല്‍ ചെയ്യുന്നത്’ ജിയോ ബേബി പറഞ്ഞു.
Content Highlight: Jeo Baby saying that Mammooty hold Kannur Squad for Kaathal movie