Entertainment
ജോര്‍ജുകുട്ടിയില്‍ നിന്ന് വ്യത്യസ്തന്‍ ആകണമെന്നത് കമല്‍ സാറിന്റെ ആവശ്യം; അതിനൊരു കാരണവുമുണ്ട്: ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 11, 05:16 pm
Sunday, 11th August 2024, 10:46 pm

ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് 2013ല്‍ പുറത്തിറങ്ങിയ ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നു ദൃശ്യം. മോഹന്‍ലാല്‍, മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, ആശ ശരത്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, നീരജ് മാധവ് തുടങ്ങിയ വന്‍ താരനിരയായിരുന്നു ഈ സിനിമയില്‍ ഒന്നിച്ചത്. വലിയ വിജയമായ ദൃശ്യത്തിന് 2021ല്‍ തുടര്‍ച്ചയെന്നോണം രണ്ടാം ഭാഗവും ഉണ്ടായിരുന്നു.

ജോര്‍ജ്കുട്ടിയായി മോഹന്‍ലാല്‍ വിസ്മയിപ്പിച്ച സിനിമ പിന്നീട് വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. 2015ല്‍ ആയിരുന്നു തമിഴില്‍ പാപനാശം എന്ന പേരില്‍ എത്തിയ ചിത്രത്തില്‍ കമല്‍ ഹാസന്‍ അഭിനയിക്കുന്നത്. സുയമ്പുലിംഗം എന്ന കഥാപാത്രമായാണ് ഉലകനായകന്‍ എത്തിയത്. ഇപ്പോള്‍ ജോര്‍ജ്കുട്ടിയും സുയമ്പുലിംഗവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലാല്‍ സാര്‍ ദൃശ്യത്തില്‍ ഇമോഷനെ ഉള്ളില്‍ ഒതുക്കി പിടിച്ച് സട്ടില്‍ ആയാണ് അഭിനയിച്ചത്. വളരെ കണ്‍ട്രോള്‍ഡായാണ് ജോര്‍ജുക്കുട്ടിക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ അഭിനയം. എന്നാല്‍ പാപനാശത്തില്‍ സുയമ്പുലിംഗത്തിന്റേത് അങ്ങനെ ആയിരുന്നില്ല. അയാള്‍ കുറച്ചു കൂടെ ഇമോഷണലായിരുന്നു. ഇടക്ക് അയാള്‍ വിതുമ്പി പോകുന്നുണ്ട്. അത് ഡിസ്‌ക്കഷന്റെ സമയത്ത് കമല്‍ സാര്‍ തന്നെയായിരുന്നു പറഞ്ഞത്. നമുക്ക് എങ്ങനെ ജോര്‍ജുക്കുട്ടിയില്‍ നിന്ന് സുയമ്പുലിംഗത്തെ വ്യത്യസ്തനാക്കാം എന്ന് അദ്ദേഹം ചിന്തിച്ചിരുന്നു. ഇവിടെ കുറച്ച് ഇമോഷണലായി അഭിനയിക്കുന്നതാണ് നല്ലതെന്ന് കമല്‍ സാര്‍ പറയുകയായിരുന്നു.

അവിടെയുള്ള നാടാര്‍ കമ്മ്യൂണിറ്റിയെ കുറിച്ചും അദ്ദേഹം പറഞ്ഞു തന്നു. അവരുടെ കൈയ്യില്‍ എപ്പോഴും ഒരു മഞ്ഞ കവര്‍ ഉണ്ടാകുമായിരുന്നു. പിശുക്കന്മാരായത് കാരണം സിഗരറ്റ് പായ്ക്കറ്റിന് അകത്ത് അവര്‍ കണക്കെഴുതുമെന്നും അദ്ദേഹം പറഞ്ഞു തന്നു. സുയമ്പുലിംഗം മറ്റുള്ളവര്‍ക്ക് ധൈര്യം കൊടുക്കുമ്പോഴും അറിയാതെ വിതുമ്പി പോകുന്നത് കാണിക്കുന്നുണ്ട്. കാരണം ഇമോഷണലി ജോര്‍ജുക്കുട്ടിയും സുയമ്പുലിംഗവും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു. അതുകൊണ്ടാണ് പാപനാശത്തിന്റെ ക്ലൈമാക്‌സില്‍ ഇമോഷണലി കുറച്ച് കയറ്റിവെക്കാമെന്ന് കമല്‍ സാര്‍ എന്നോട് പറഞ്ഞത്. കൈയ്യൊക്കെ വിറച്ച് വേറെയൊരു രീതിയിലാണ് കമല്‍ സാര്‍ അത് പ്രസന്റ് ചെയ്തത്. ആ കള്‍ച്ചറിന് വേണ്ടിയാണ് കഥാപാത്രത്തില്‍ മാറ്റം വരുത്തിയത്,’ ജീത്തു ജോസഫ് പറഞ്ഞു.


Content Highlight: Jeethu Joseph Talks About Papanasam And Kamal Haasan