മമ്മൂക്ക ഭയങ്കര സിനിമാ ഭ്രാന്തനാണ്, അഭിനയിക്കാത്ത സിനിമകളുടെ കാര്യവും അന്വേഷിക്കും: ജീത്തു ജോസഫ്
Film News
മമ്മൂക്ക ഭയങ്കര സിനിമാ ഭ്രാന്തനാണ്, അഭിനയിക്കാത്ത സിനിമകളുടെ കാര്യവും അന്വേഷിക്കും: ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 20th December 2023, 2:47 pm

മറ്റുള്ളവരുടെ സിനിമകള്‍ വിജയിക്കുന്നതില്‍ മമ്മൂട്ടിക്ക് വലിയ സന്തോഷമാണെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. തുടക്കക്കാരനെന്ന പോലെ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഇന്നും സിനിമയോട് ഫയറുണ്ടെന്നും എല്ലാവര്‍ക്കും അങ്ങനെ പറ്റില്ലെന്നും ജീത്തു ജോസഫ് പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അദ്ദേഹം ഭയങ്കര സിനിമാ പ്രാന്തുള്ള മനുഷ്യനാണ്. ലാലേട്ടനും മമ്മൂക്കയും നല്ല സുഹൃത്തുക്കളാണ്. കാണുമ്പോള്‍ സിനിമയുടെ കഥയൊക്കെ ചോദിക്കും. അദ്ദേഹത്തിന് അറിയാനുള്ള ആഗ്രഹമുണ്ട്. അതാണ് മമ്മൂക്കയുടേയും ലാലേട്ടന്റേയും ഒരു പ്രത്യേകത. ഇന്നും അവര്‍ക്ക് ആ ഫയറുണ്ട്, ഒരു തുടക്കക്കാരനെന്ന നിലയിലാണ് അവര്‍ക്ക് ആ ഫയറുള്ളത്. അത് നമ്മള്‍ ബഹുമാനിക്കേണ്ട കാര്യമാണ്. എല്ലാവര്‍ക്കും അങ്ങനെ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല,’ ജീത്തു ജോസഫ് പറഞ്ഞു.

അടുത്തിടെ വന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍ പരാജയപ്പെട്ടതിനെ പറ്റിയും ജീത്തു ജോസഫ് സംസാരിച്ചു. ‘അതിനെ പറ്റി അദ്ദേഹം ചിന്തിക്കാറില്ല. നേര് എന്ന സിനിമ കഴിയുമ്പോള്‍ അത് വിട്ടിട്ട് അടുത്ത പടത്തിന്റെ പരിപാടിയിലാണ് അദ്ദേഹം. റിലീസ് ചെയ്ത പടം ഓടിയാല്‍ സന്തോഷം. പടം ഓടിയില്ലെങ്കിലും ഓക്കെയാണ്, എന്തു പറ്റിയെന്ന് ചോദിക്കും. അത്രയേ ഉള്ളൂ. അത് തലയില്‍ ചുമന്ന് നടക്കുന്നതെന്തിനാണ്?

സിനിമയില്‍ വിജയ പരാജയങ്ങളുള്ളതാണ്. ഒരു പടം ഓടിയില്ലെങ്കില്‍ അതും പറഞ്ഞ് കരഞ്ഞോണ്ടിരുന്നിട്ട് കാര്യമില്ല. ജീവിതം മുന്നോട്ട് പോകണം. ലാല്‍ സാര്‍ അങ്ങനെയാണ്. കഴിഞ്ഞതിനെ പറ്റി ഓര്‍ത്തുകൊണ്ടിരിക്കുന്നത് സമയം കളയലാണ്. ആരോഗ്യത്തിനും ചീത്തയാണത്. പക്ഷേ ഞാനടക്കം അതിനെ പറ്റി ആലോചിക്കും,’ ജീത്തു ജോസഫ് പറഞ്ഞു.

അതേസമയം ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന നേര് ഡിസംബര്‍ 21ന് റിലീസിന് ഒരുങ്ങുകയാണ്. പ്രിയ മണി, സിദ്ദീഖ്, അനശ്വര രാജന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹനായിട്ടാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിടുന്നത്. നേരിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പും സംഗീതം വിഷ്ണു ശ്യാമുമാണ്. തിരക്കഥ എഴുതിയിരിക്കുന്നത് ശാന്തി മായാദേവിയാണ്. സൗണ്ട് ഡിസൈന്‍ സിനോയ് ജോസഫ്.

Content Highlight: Jeethu Joseph about mammootty’s passion for cinema