പ്രശ്‌നക്കാരനായ അവനെ എന്തിന് സിനിമയിലേക്കെടുത്തുവെന്ന് അന്ന് പലരും ചോദിച്ചു, ഞാൻ അതിൽ വിശ്വസിക്കുന്നില്ല: ജീത്തു ജോസഫ്
Entertainment
പ്രശ്‌നക്കാരനായ അവനെ എന്തിന് സിനിമയിലേക്കെടുത്തുവെന്ന് അന്ന് പലരും ചോദിച്ചു, ഞാൻ അതിൽ വിശ്വസിക്കുന്നില്ല: ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th October 2024, 8:10 am

ത്രില്ലര്‍ സിനിമകളിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ സംവിധായകനാണ് ജീത്തു ജോസഫ്. ആദ്യ സിനിമയായ ‘ഡിറ്റക്റ്റീവ്’ ത്രില്ലര്‍ ഴോണറില്‍ പുറത്തിറങ്ങിയെങ്കിലും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. പിന്നീട് വന്ന ‘മെമ്മറീസ്’ എന്ന സിനിമയിലൂടെയാണ് ത്രില്ലര്‍ ചിത്രങ്ങളുടെ സംവിധായകന്‍ എന്ന പേര് ജീത്തുവിന് ലഭിക്കുന്നത്.

2013ല്‍ മോഹന്‍ലാലിനെ നായകനാക്കി എത്തിയ ദൃശ്യം എന്നൊരൊറ്റ ത്രില്ലര്‍ ചിത്രത്തിലൂടെ ജീത്തു വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. ആ സിനിമയോടെ ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുക്കെട്ടിനും വലിയ ആരാധകരും ഉണ്ടായി.

ടെലിവിഷൻ രംഗത്തെ പല അഭിനേതാക്കൾക്കും തന്റെ സിനിമകളിൽ അവസരം നൽകുന്ന സംവിധായകനാണ് ജീത്തു ജോസഫ്.
എന്നാൽ താൻ അത്തരത്തിൽ സിനിമയിൽ അവസരം നൽകുന്നതിനെ വിമർശിക്കുന്നവർ ഉണ്ടെന്നും പക്ഷെ, എന്ത് ചെയ്യരുതെന്ന് പറയുന്നോ, അത് തന്നെ ചെയ്യാനാണ് തനിക്ക് ഇഷ്ടമെന്നും ജീത്തു പറയുന്നു.

ആദി എന്ന ചിത്രത്തിലേക്ക് ക്യാമറമാനായി സതീഷ് കുറുപ്പിനെ തെരഞ്ഞെടുത്തപ്പോഴും വിമർശിച്ചവർ ഉണ്ടെന്നും എന്നാൽ അതിലൊന്നും തനിക്ക് വിശ്വാസമില്ലെന്നും ജീത്തു പറഞ്ഞു. ദൃശ്യത്തിലേക്ക് ആശ ശരത്തിനെ അഭിനയിക്കാൻ വിളിച്ചപ്പോഴും വിമർശിച്ചവരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫിലിമി ബീറ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്കൊരു സ്വഭാവമുണ്ട്. അത് നല്ലതാണോ ചീത്തയാണോ എന്നെനിക്കറിയില്ല. എന്നോടൊരാൾ അങ്ങനെയൊന്നും ചെയ്യരുതെന്ന് പറഞ്ഞാൽ ഞാൻ അതുതന്നെ ചെയ്യാനാണ് നോക്കുക. അന്നൊക്കെ പറയുമായിരുന്നു ടെലിവിഷനിൽ ഉള്ളവരെ എടുക്കരുത് , അവർ വന്നു കഴിഞ്ഞാൽ സിനിമ നന്നാവില്ലായെന്നൊക്കെ. ഞാൻ ആശ ശരത്തിനെ കാസ്റ്റ് ചെയ്തപ്പോഴും കുറ്റം പറഞ്ഞവരുണ്ട്.

ഞാൻ എന്റെ ഒരു സിനിമയിലേക്ക് ആർട്ട്‌ ഡയറക്ടറെ എടുക്കാൻ നോക്കിയപ്പോൾ ഒരുപാട് പേര് പറഞ്ഞു, അയാൾ പ്രശ്നക്കാരൻ ആണെന്ന്. അങ്ങനെ വന്ന് എന്റെ അടുത്ത് കുറ്റം പറഞ്ഞപ്പോൾ ഞാൻ അവനെ തന്നെ വെച്ചു. കാരണം അവർക്ക് എന്തെങ്കിലും ഒരു ക്വാളിറ്റിയുണ്ടാവും. ഞാൻ അവനെ തന്നെ എന്റെ സിനിമയിൽ വെച്ചു.

എന്റെ സിനിമയിലേക്ക് ക്യാമറമാനാവാൻ സതീഷ് കുറുപ്പിനെ വിളിക്കുമ്പോഴും പലരും ഇങ്ങനെ പറഞ്ഞിരുന്നു. ഒട്ടും ഭാഗ്യമില്ലാത്ത ക്യാമറമാനാണ് സതീഷ് കുറുപ്പെന്ന് അന്ന് കുറെ പേര് പറഞ്ഞു. തമാശ എന്താണെന്ന് വെച്ചാൽ, ഞാനും സതീഷും കൂടെ ആദി എന്ന ചിത്രത്തിന്റെ ഭാഗമായി ബാംഗ്ലൂരിലേക്ക് പോവുമ്പോൾ ഫുഡ്‌ കഴിക്കാൻ വേണ്ടി നിർത്തിയിരുന്നു.

അപ്പോൾ സതീഷ് എന്നോട് ചോദിച്ചു, ചേട്ടൻ സത്യം പറഞ്ഞാൽ എന്തുകൊണ്ടാണ് എന്നെ ഈ സിനിമയിലേക്ക് എടുത്തതെന്ന്. ഞാൻ പറഞ്ഞു, നിങ്ങൾ ഒരു അൺലക്കി ക്യാമറമാനാണെന്ന് ആളുകൾ പറഞ്ഞുവെന്ന്. അപ്പോൾ സതീഷ് ചോദിച്ചു, അപ്പോൾ ചേട്ടന് അത് അറിയാമല്ലേയെന്ന്. എനിക്ക് അതിൽ ഒന്നും വിശ്വാസമില്ല,’ജീത്തു ജോസഫ് പറയുന്നു.

 

Content Highlight: Jeethu Joseph About His Decisions in Films