ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി. ചിത്രത്തിലെ ഒരു സീനിന് ലഭിച്ച മോശം കമന്റിനെക്കുറിച്ച് സംസാരിക്കുകയാണ് ജീത്തു ജോസഫ്. ഹരീഷ് പേരടി മകൻ നാട് വിട്ടു പോകുമ്പോഴുള്ള സമയത്ത് പറയുന്ന കോമഡി ഓവർ ആക്ടിങ് ആണെന്ന് ഒരു സിനിമാ നിരൂപകൻ പറഞ്ഞെന്ന് ജീത്തു ജോസഫ് പറഞ്ഞു.
ആ സീൻ സാധാരണക്കാരന് വരെ വർക്ക് ആയിരുന്നെന്നും ജീത്തു പറഞ്ഞു. ഇത്രയും കാലം തമാശ പറയാത്ത ഒരച്ഛൻ സങ്കടം മറക്കാൻ വേണ്ടി പറയുമ്പോൾ അത് ഓവർ ആക്ടിങ് ആകുമെന്നും മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ജീത്തു ജോസഫ് പറയുന്നുണ്ട്.
‘എനിക്ക് അതിൽ ഏറ്റവും സങ്കടം എന്തെന്ന് വെച്ചാൽ മലയാളത്തിലെ വലിയൊരു നിരൂപകൻ വന്നിട്ട് എന്നോട് പറഞ്ഞു ഹരീഷ് പേരടി അതിൽ ഭയങ്കര ഓവർ ആക്ടിങ് ആയിരുന്നു എന്ന്. ഏത് സീനാണെന്ന് ചോദിച്ചപ്പോൾ ഇന്റർവെൽ ബ്ലോക്ക് സീനിൽ അദ്ദേഹം അഭിനയിച്ചത് എന്ന് പറഞ്ഞു. ആ മനുഷ്യന് അത് മനസിലായില്ല.
ഇയാളാണോ നിരൂപണം ചെയ്യുന്നത്, ബാക്കി സാധാരണ ആളുകൾക്ക് വരെ മനസിലായി എന്നെനിക്ക് തോന്നി. ഞാൻ പറഞ്ഞത് അത് ആർട്ടിഫിഷ്യൽ ആവണം എന്നതാണ്. ഇന്നേവരെ ഇങ്ങനെ ഒരു ജോക്ക് അടിക്കാത്ത ഒരാൾ മകൻ പോകുന്ന വിഷമത്തിൽ ഉള്ളിൽ കരയുകയാണ്. ആ സങ്കടം അവനെ അറിയിക്കരുത് എന്നുണ്ട്. അയാൾ തമാശ പറയാൻ ശ്രമിക്കുകയാണ്, അത് വലിയ തമാശ ഒന്നുമല്ല. ഞാൻ അങ്ങനെത്തന്നെയാണ് ഹരീഷ് ചേട്ടനോട് പറഞ്ഞത്.
ചേട്ടൻ വന്നിട്ട് ഒരു തമാശ പറയുകയാണ് ‘കാറിൽ പെട്രോൾ ഒക്കെ ഉണ്ടോയെന്ന് നോക്കണം കേട്ടോ’ വലിയ ജോക്കാണെന്ന രീതിയിലാണ് പറയുന്നത്. പുള്ളിക്ക് അത് പറയാനും അറിയില്ല എന്നിട്ട് പുള്ളി തന്നെ ചിരിക്കുകയാണ്. അത് ആർട്ടിഫിഷ്യൽ ആകും. അത് ആ ആൾക്ക് മനസ്സിലായില്ല പക്ഷെ നല്ലൊരു ശതമാനം മലയാളി പ്രേക്ഷകർക്കും മനസ്സിലായി. എനിക്ക് ജീവിതത്തിൽ സങ്കടം തോന്നിയ ചില നിമിഷങ്ങളിൽ ഒന്നാണത്. അതൊരു സാധാരണ പ്രേക്ഷകൻ പറഞ്ഞാൽ എനിക്ക് കുഴപ്പമില്ല ഒരു സിനിമ നിരൂപകനാണ് എന്നോട് അത് പറയുന്നത്,’ ജീത്തു ജോസഫ് പറഞ്ഞു.
Content Highlight: Jeethu joseph about hareesh pisharadi