ന്യൂദല്‍ഹി: ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയെ ഫിറ്റ്‌നസ് ചാലഞ്ചിന് ക്ഷണിച്ച പ്രധാനമന്ത്രിയെ വിമര്‍ശിച്ച ജെ.ഡി.എസ്. കുമാരസ്വാമിയെ അല്ല അദ്ദേഹത്തിന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡയെ വെല്ലുവിളിക്കാന്‍ മോദിയ്ക്ക് ധൈര്യമുണ്ടോയെന്ന് ജെ.ഡി.എസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ചോദിച്ചു.
86 ാം വയസിലും ദേവഗൗഡ ദിവസവും ചെയ്യുന്ന കഠിനവ്യായാമത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയായിരുന്നു ഡാനിഷ് അലിയുടെ വെല്ലുവിളി.
വീട്ടില്‍ ഒരുക്കിയിരിക്കുന്ന ജിമ്മിലാണ് മുന്‍ പ്രധാനമന്ത്രിയുടെ വ്യായാമം. ഉപദേശം നല്‍കാനായി സ്ഥിരമായി ഒരു ഫിറ്റ്‌നസ് ട്രെയിനറുമുണ്ട്. ദിവസവും രാവിലെ ഒരു മണിക്കൂറെങ്കിലും മുടങ്ങാതെ വ്യായാമം ചെയ്യും. ട്രെഡ്മില്ലും ഡംബല്‍സും ഭാരോദ്വഹനവും ഉള്‍പ്പെടെ എല്ലാം അദ്ദേഹത്തിന്റെ വ്യായാമ മുറകളിലുണ്ട്.
മോദിയുടെ ഫിറ്റ്‌നസ് ചാലഞ്ചിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു പുഞ്ചിരിയായിരുന്നു ദേവഗൗഡയുടെ മറുപടി.
കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് തുടങ്ങിവെച്ച ഫിറ്റ്‌നസന് ചാലഞ്ചിന് വലിയ പ്രചാരമാണ് ലഭിക്കുന്നത്. രാഷ്ട്രീയ നേതാക്കളടക്കമുള്ള സെലിബ്രിറ്റികളാണ് ഫിറ്റ്‌നസ് ചാലഞ്ചിലെ താരങ്ങള്‍. എന്നാല്‍ രാജ്യം ഇന്ധനവില വര്‍ധനയും അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളാലും പുകയുമ്പോള്‍ ഭരണാധികാരികള്‍ ചാലഞ്ച് ഏറ്റെടുക്കുന്നതിനും വിമര്‍ശനമുയരന്നുണ്ട്.
ALSO READ: ‘ചുറ്റിക്കറങ്ങലാസനം’; മോദിയുടെ ഫിറ്റ്‌നെസ് ചാലഞ്ചിനെ ട്രോളി ബി.ബി.സി
ദിനംപ്രതി ഇന്ധനവില വര്‍ധിച്ചിരുന്ന സമയത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചാലഞ്ച് ഏറ്റെടുത്തതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. പിന്നാലെ ഇന്ധനവില കുറയ്ക്കാനായി ഫ്യൂവല്‍ ചാലഞ്ചും അദ്ദേഹം മോദിയ്ക്കു മുന്നില്‍വെച്ചു.
WATCH THIS VIDEO: