ബെംഗളൂരു: കര്‍ണാടക ഭൂപരിഷ്‌കരണ ഭേദഗതി നിയമത്തില്‍ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്ന് ജെ.ഡി.എസ്. നിയമത്തിലെ അപകടകരമായ ഭാഗങ്ങളില്‍ മാറ്റം വരുത്താമെന്ന് ബി.ജെ.പി സമ്മതിച്ചിട്ടുണ്ടെന്നും അതിനാല്‍ തങ്ങള്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നും മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ കുമാരസ്വാമി പറഞ്ഞു.
നേരത്തെ ബില്ലിനെതിരെ ജെ.ഡി.എസ് രംഗത്തെത്തിയിരുന്നു. എന്നാല്‍ നിലവില്‍ സര്‍ക്കാര്‍ തീരുമാനിച്ച മാറ്റത്തിന് കാരണം തങ്ങളാണെന്നും പിതാവും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡയും പിന്തുണയ്ക്ക് സമ്മതം അറിയിച്ചിട്ടുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.
അതേസമയം ജെ.ഡി.എസിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുമായി കൂട്ടുകൂടുന്നതിന്റെ ആദ്യപടിയാണ് നിയമത്തെ പിന്തുണയ്ക്കാനുള്ള ജെ.ഡി.എസ് തീരുമാനമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
നേരത്തെ ബി.ജെ.പിയുമായി ജെ.ഡി.എസ് സഖ്യമുണ്ടാക്കിയിരുന്നെങ്കില്‍ താന്‍ ഇപ്പോഴും മുഖ്യമന്ത്രിയായിരിക്കുമെന്ന് കുമാരസ്വാമി പറഞ്ഞിരുന്നു. താനുണ്ടാക്കിയ സല്‍പ്പേരെല്ലാം കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നതോടെ നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
‘2006-2007 കാലത്ത് ഞാന്‍ നേടിയതെല്ലാം 12 വര്‍ഷത്തിനിടയില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം കാരണം നഷ്ടപ്പെട്ടു. 2006ല്‍ ബി.ജെ.പിയുമായി ഉണ്ടായ അധികാര പ്രശ്നം കാരണം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങുമ്പോഴും ജനങ്ങളുടെ പിന്തുണയുണ്ടായിരുന്നു. 2018ല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതിന് ശേഷം എന്റെ എല്ലാ പ്രശസ്തിയും നശിപ്പിച്ചു. പിതാവ് ദേവഗൗഡ പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാന്‍ ആ കെണിയില്‍ വീണു പോയത്,’ എച്ച്. ഡി കുമാരസ്വാമി പറഞ്ഞു.
മതേതര വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കുന്ന തന്റെ പിതാവ് എച്ച്.ഡി ദേവഗൗഡയെ വേദനിപ്പിക്കേണ്ടാത്തതിനാലാണ് അധികം പറയാത്തതെന്നും അതുകൊണ്ട് മാത്രമാണ് ജെ.ഡി.എസ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യസര്‍ക്കാര്‍ വീണതുമുതല്‍ കുമാര സ്വാമി സിദ്ധരാമയ്യക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
‘സിദ്ധരാമയ്യയും രമേഷ് കുമാറും നേരത്തെ പറഞ്ഞത് തങ്ങള്‍ വിജയിച്ച് കുമാരസ്വാമിയെ തന്നെ മുഖ്യമന്ത്രിയാക്കുമെന്നായിരുന്നു. എന്നാല്‍ ബി.എസ് യെദിയൂരപ്പയെ മുഖ്യമന്ത്രിയാക്കി അദ്ദേഹം ചീത്തപ്പേര് നേടി ആറ് മാസത്തിനുള്ളില്‍ പുറത്താകുകയും എന്നിട്ട് തനിക്ക് മുഖ്യമന്ത്രിയാകാമെന്നുമാണ് സിദ്ധരാമയ്യ ചിന്തിച്ചത്,’ കുമാരസ്വാമി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക