ബൗളര്‍മാരുടെ സമ്മര്‍ദം ഒഴിവാക്കാനാണ് ബാറ്റര്‍ മാര്‍ക്ക് ക്യാപ്റ്റന്‍സി നല്‍കുന്നത്; പ്രസ്താവനയുമായി ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍
Sports News
ബൗളര്‍മാരുടെ സമ്മര്‍ദം ഒഴിവാക്കാനാണ് ബാറ്റര്‍ മാര്‍ക്ക് ക്യാപ്റ്റന്‍സി നല്‍കുന്നത്; പ്രസ്താവനയുമായി ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 26th July 2024, 11:31 am

ഇന്ത്യയുടെ പ്രധാന ബൗളര്‍മാരില്‍ ഒരാളാണ് ജസ്പ്രീത് ബുംറ. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയെ വിജയിപ്പിക്കുന്നതിന് സുപ്രധാന പങ്കാണ് താരം വഹിക്കുന്നത്. 2024 ടി-20 ലോകകപ്പിലും ഇന്ത്യയുടെ വിജയക്കുതിപ്പിന് നിര്‍ണായകമായത് ബുംറ തന്നെയാണ്.

2024 ടി-20 ലോകകപ്പ് ഫൈനലില്‍ സൗത്ത് ആഫ്രിക്കക്കെതിരെ ഒരു ഘട്ടത്തില്‍ ഇന്ത്യ പരാജയപ്പെട്ടു എന്ന നിലയിലായിരുന്നു. എന്നാല്‍ ബുംറ അടക്കമുള്ള ഇന്ത്യയുടെ തകര്‍പ്പന്‍ ബൗളിങ് യൂണിറ്റാണ് മത്സരം തിരിച്ച് പിടിച്ച് ഇന്ത്യക്ക് കിരീടം നേടിക്കൊടുത്തത്.

ഇപ്പോള്‍ ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നുണ്ടോ എന്ന് ചോദ്യത്തിന് ബുംറ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യന്‍ നായകനാകാനുള്ള കഴിവ് തനിക്ക് ഉണ്ടെങ്കിലും അതൊന്നും തന്റെ നിയന്ത്രണത്തില്‍ നില്‍ക്കുന്ന കാര്യമല്ല എന്നാണ് സൂപ്പര്‍ താരം പറയുന്നത്.

‘ഇന്ത്യന്‍ ടീമിനെ നയിക്കുന്നതിനെക്കുറിച്ച് എനിക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല, അത് എന്റെ നിയന്ത്രണത്തില്‍ അല്ല. അതൊക്കെ എന്റെ ശമ്പള ഗ്രേഡിന്റെയും ഒരുപാട് മുകളിലാണ്,’ ബുംറ പറഞ്ഞു.

മാത്രമല്ല ലോകത്തിലെ ഏറ്റവും മികച്ച നായകന്മാര്‍ മികച്ച ഫാസ്റ്റ് ബോളര്‍മാരാണെന്നും താരം വെളിപ്പെടുത്തി.

‘വസീം അക്രവും വഖാര്‍ യൂനിസും ടീമിനെ നയിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കപില്‍ ദേവും ഇമ്രാന്‍ ഖാനും കാറ്റന്മാരായി ലോകകപ്പ് നേടിയിട്ടുണ്ട്. പാറ്റ കമ്മിന്‍സ് മികച്ച പ്രകടനമാണ് നടത്തുന്നത്. ബൗളര്‍മാര്‍ മിക്കവാറും വലിയ സമ്മര്‍ദത്തിലൂടെ കടന്നു പോകുന്നതുകൊണ്ടാണ് ക്യാപ്റ്റന്‍സി മിക്കപ്പോഴും ബാറ്റര്‍ മാര്‍ക്ക് നല്‍കപ്പെടുന്നത് എന്നാണ് ഞാന്‍ കരുതുന്നത്.

ബൗളര്‍മാരുടെ സമ്മര്‍ദം ഒഴിവാക്കാനാണ് ബാറ്റര്‍ മാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വം നല്‍കുന്നത്. ബാറ്റര്‍ മാരും മിടുക്കനാണെന്ന് എന്റെ ചിന്തയില്‍ ഒരു തര്‍ക്കവുമില്ല,’ജസ്പ്രീത് പറഞ്ഞു.

 

 

Content Highlight: Jasprit Bumrah Talking About Captaincy