അഞ്ച് മെയ്ഡന്‍ ആറ് വിക്കറ്റ്, ബുംറക്ക് മുന്നില്‍ തലകുനിച്ച് ഇംഗ്ലണ്ട്
Sports News
അഞ്ച് മെയ്ഡന്‍ ആറ് വിക്കറ്റ്, ബുംറക്ക് മുന്നില്‍ തലകുനിച്ച് ഇംഗ്ലണ്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 3rd February 2024, 7:37 pm

വിശാഖപട്ടണത്തില്‍ നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിച്ചിരിക്കുകയാണ്. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 396 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ യുവ ഓപ്പണര്‍ യശ്വസി ജയ്സ്വാളിന്റെ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയിലാണ് ഇന്ത്യ തല ഉയര്‍ത്തിയത്. തുടര്‍ന്ന് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 253 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

ഇന്ത്യയുടെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തില്‍ നിലം പതിക്കുകയായിരുന്നു ഇംഗ്ലണ്ട്. ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ ആറ് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 15.5 ഓവറില്‍ അഞ്ച് മെയ്ഡന്‍ അടക്കം 45 റണ്‍സ് വിട്ടുകൊടുത്താണ് താരം ആറ് വിക്കറ്റ് നേടിയത്. 2.84 എന്ന മിന്നും ഇക്കണോമിയിലാണ് ബുംറ പന്തെറിഞ്ഞത്.

ബുംറയെ കൂടാതെ സ്പിന്‍ മാന്ത്രികന്‍ കുല്‍ദീപ് യാദവിന് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ സാധിച്ചു. 17 ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 71 റണ്‍സ് വിട്ടുകൊടുത്താണ് യാദവ് മൂന്ന് വിക്കറ്റ് നേടിയത്. അക്‌സര്‍ പട്ടേലിന് ഒരു വിക്കറ്റ് സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. അതേസമയം രവിചന്ദ്രന്‍ അശ്വിന് വിക്കറ്റുകള്‍ ഒന്നും നേടാന്‍ സാധിച്ചില്ല.

ഒല്ലീ പോപ് 23 (55), ജോ റൂട്ട് 5 (10), ജോണി ബെയര്‍‌സ്റ്റോ 25 (39), ബെന്‍ സ്റ്റോക്‌സ് 47 (54), ടോം ഹര്‍ട്‌ലി 21 (24), ജെയിംസ് ആന്‍ഡേഴ്‌സണ്‍ 6 (19) എന്നിവരുടെ വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയത്. ബെന്‍ ഡക്കറ്റ് 21 (17), ബെന്‍ ഫോക്‌സ് 6 (10), രെഹാന്‍ അഹമ്മദ് 6 (15) എന്നിവരെ കുല്‍ദീവ് യാദവും പറഞ്ഞയച്ചു. ഓപ്പണര്‍ സാക്ക് ക്രോളി 78 പന്തില്‍ നിന്ന് രണ്ട് സിക്‌സറും 11 ബൗണ്ടറിയും അടക്കം 76 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. അകസര്‍ പട്ടേലാണ് ക്രോളിയുടെ വിക്കറ്റ് നേടിയത്.

 

Content Highlight: Jasprit Bumrah Stunning Performance Against England