Sports News
ഓസീസ് താണ്ഡവം അവസാനിപ്പിച്ച് ഇടിമിന്നലായി ബുംറ; സ്വന്തമാക്കിയത് ടെസ്റ്റ് കരിയറിലെ തകര്‍പ്പന്‍ നേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
2024 Dec 15, 07:21 am
Sunday, 15th December 2024, 12:51 pm

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ഗാബയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ 91 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സാണ് ഓസ്‌ട്രേലിയ നേടിയത്. കങ്കാരുക്കള്‍ക്ക് വേണ്ടി മിന്നും പ്രകടനമാണ് ട്രാവിസ് ഹെഡും സ്റ്റീവ് സ്മിത്തും കാഴ്ചവെച്ചത്. ഇരുവരും സെഞ്ച്വറി നേടിയാണ് തിളങ്ങിയത്.

സ്റ്റീവ് സ്മിത് 190 പന്തില്‍ 12 ഫോര്‍ ഉള്‍പ്പെടെ 101 റണ്‍സ് നേടിയാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ തന്റെ 33ാം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കാനും സ്മിത്തിന് സാധിച്ചു.

ബാക് ടു ബാക് സെഞ്ച്വറി നേടിയാണ് ഓസീസ് സൂപ്പര്‍ താരം ട്രാവിസ് ഹെഡ് ഇന്ത്യയ്ക്ക് തലവേദനയായത്. 160 പന്തില്‍ നിന്ന് 18 ഫോര്‍ ഉള്‍പ്പെടെ 152 റണ്‍സ് നേടാനാണ് താരത്തിന് സാധിച്ചത്.

തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഇരുവരുടേയും വിക്കറ്റ് പിഴിതെറിയാന്‍ മറ്റ് ബൗളര്‍മാര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് നടന്നില്ല. ഒടുക്കം ഇന്ത്യന്‍ പേസ് മാസ്റ്റര്‍ ബുംറ തന്നെയാണ് താരങ്ങളുടെ വിക്കറ്റ് നേടി പുറത്താക്കിയത്. ഇതോട ഫൈഫര്‍ നേടാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ടെസ്റ്റ് കരിയറില്‍ തന്റെ 12ാം ഫൈഫര്‍ നേട്ടമാണിത്. ഈ നേട്ടത്തിന് പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിരിക്കുകയാണ്.

ഒരു ഇന്ത്യന്‍ പേസര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ഫൈഫര്‍ നേടുന്ന രണ്ടാമത്തെ താരമാകാനാണ് ബുംറയ്ക്ക് സാധിച്ചത്.

ഒരു ഇന്ത്യന്‍ പേസര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ഫൈഫര്‍ നേടുന്ന രണ്ടാമത്തെ താരം, ഫൈഫര്‍

കപില്‍ ദേവ് – 23

ജസ്പ്രീത് ബുംറ – 12*

സഹീര്‍ ഖാന്‍ – 11

ഇശാന്ത് ശര്‍മ – 11

ജവഗള്‍ ശ്രീനാഥ് – 10

സ്മിത്തിനെ ജസ്പ്രീത് ബുംറ രോഹിത്തിന്റെ കയ്യില്‍ എത്തിച്ച് പുറത്താക്കുകയായിരുന്നു. ട്രാവിസ് ഹെഡിനെ കീപ്പര്‍ ക്യാച്ചില്‍ കുരുക്കാനും താരത്തിന് സാധിച്ചു. എന്നിരുന്നാലും ഇന്ത്യയ്‌ക്കെതിരെ ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന കൂട്ട് കെട്ട് നേടുന്ന താരങ്ങളായിട്ടാണ് ഇരുവരും കളം വിട്ടത്.

ആദ്യ ദിനം മഴ മൂലം നിര്‍ത്തിവെച്ച മത്സരത്തിലെ രണ്ടാം ദിനവും ഇന്ത്യയ്ക്ക് മോശം അവസ്ഥയാണ് നല്‍കിയത്. എന്നിരുന്നാലും ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജ (21), നഥാന്‍ മെക്സ്വീനി (9) എന്നിവരെ പുറത്താക്കി ജസ്പ്രീത് ബുംറ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. പിന്നീട് മാര്‍നസ് ലബുഷാന്‍ (12) നിതീഷ് കുമാര്‍ റെഡ്ഡിയുടെ പന്തിലും കൂടാരം കയറി.

 

Content Highlight: Jasprit Bumrah In Great Achievement In Test Cricket