പതിവ് തെറ്റിച്ചില്ല, ഇത്തവണയും സ്റ്റേഡിയം വൃത്തിയാക്കി ജപ്പാന്‍ ആരാധകര്‍; ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഇങ്ങനെയും ചിലര്‍
2022 Qatar World Cup
പതിവ് തെറ്റിച്ചില്ല, ഇത്തവണയും സ്റ്റേഡിയം വൃത്തിയാക്കി ജപ്പാന്‍ ആരാധകര്‍; ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഇങ്ങനെയും ചിലര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 23rd November 2022, 10:01 pm

ലോകകപ്പ് ഗ്രൂപ്പ് ഇയിലെ ജപ്പാന്‍ – ജര്‍മനി മത്സരത്തിന് പിന്നാലെ ജപ്പാന്റെ ആരാധകരാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. എപ്പോഴെത്തേതുമെന്ന പോലെ ഇത്തവണയും മത്സരശേഷം സ്‌റ്റേഡിയം വൃത്തിയാക്കിയാണ് ഇവര്‍ വ്യത്യസ്തരാവുന്നത്.

സ്‌റ്റേഡിയത്തില്‍ അവശേഷിച്ചിരുന്ന കുപ്പികളും സോഫ്റ്റ് ഡ്രിങ്ക് ബോട്ടിലുകളും ഭക്ഷണാവശിഷ്ടങ്ങളുമെല്ലാം തന്നെ പെറുക്കിയെടുത്താണ് ഇവര്‍ സ്റ്റേഡിയം ഒന്നാകെ വൃത്തിയാക്കുന്നത്.

ഫുട്‌ബോള്‍ കാണുന്നതിനും തങ്ങളുടെ ടീമിനെ സപ്പോര്‍ട്ട് ചെയ്യുന്നതിനുമൊപ്പം തന്നെ ഇത് തങ്ങളുടെ കടമയാണെന്ന് വിശ്വസിച്ചുകൊണ്ടാണ് ഇവര്‍ എല്ലാ തവണയും ഇത്തരത്തില്‍ സ്റ്റേഡിയം വൃത്തിയാക്കാറുള്ളത്.

ദോഹയിലെ അല്‍ ബൈത്ത് സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന ഖത്തര്‍ – ഇക്വഡോര്‍ ഉദ്ഘാടന മത്സരത്തിന് ശേഷവും ഇവര്‍ ഇത്തരത്തില്‍ സ്‌റ്റേഡിയമൊന്നാകെ വൃത്തിയാക്കിയിരുന്നു.

അതേസമയം, ഗ്രൂപ്പ് ഇയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ജര്‍മനിയെ തോല്‍പിച്ച് ജപ്പാന്‍ വിജയം സ്വന്തമാക്കി. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഡോയിച്ച്‌ലാന്‍ഡിനെ സാമുറായ് ബ്ലൂസ് തകര്‍ത്തെറിഞ്ഞത്.

മത്സരത്തിലെ സമഗ്രാധിപത്യം ജര്‍മനിക്കായിരുന്നെങ്കിലും ജപ്പാന്റെ പോരാട്ട വീര്യത്തെ മറികടക്കാന്‍ മുന്‍ ചാമ്പ്യന്‍മാര്‍ക്ക് സാധിച്ചിരുന്നില്ല.

മത്സരത്തിന്റെ 33ാം മിനിട്ടില്‍ ഗുണ്ടോഗാനിലൂടെ മുന്നിലെത്തിയ ജര്‍മനി ഫസ്റ്റ് ഹാഫിലും സെക്കന്‍ഡ് ഹാഫിലും മുന്നിട്ട് നിന്നിരുന്നു. എന്നാല്‍ ജര്‍മനിയുടെ കോട്ടമതില്‍ പൊളിച്ച് 75ാം മിനിട്ടില്‍ ജപ്പാന്‍ ഗോള്‍ നേടുകയായിരുന്നു.

റിറ്റ്‌സു ഡോവാനിലൂടെയായിരുന്നു ജപ്പാന്‍ തങ്ങളുടെ ആദ്യ ഗോള്‍ കണ്ടെത്തിയത്. ആദ്യ ഗോള്‍ പിറന്ന് കൃത്യം എട്ട് മിനിട്ടിന് ശേഷം താകുമാ അസാനോയിലൂടെ ജപ്പാന്‍ വീണ്ടും ഗോള്‍നേട്ടം ആവര്‍ത്തിച്ചതോടെ ജര്‍മനി നിലതെറ്റി വീണു.

ഗ്രൂപ്പ് ഇയില്‍ കോസ്റ്റാറിക്കക്കെതിരെയാണ് ജപ്പാന്റെ അടുത്ത മത്സരം. നവംബര്‍ 27ന് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ വെച്ച് നടുന്ന മത്സരത്തില്‍ ടിക്കോസിനെയും പരാജയപ്പെടുത്തി നോക്ക് ഔട്ട് ഉറപ്പിക്കാന്‍ തന്നെയാകും ജപ്പാന്‍ ഇറങ്ങുന്നത്.

 

Content Highlight: Japan Fans cleans the stadium after Japan vs Germany match