ഏത് തരത്തിലുള്ള റോളുകളും ചെയ്യാന്‍ കഴിയുന്ന അഭിനേതാക്കള്‍, അതാണ് മലയാള സിനിമ മേഖലയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പ്രത്യേകത. കോമഡി, സെന്റി, ക്യാരക്ടര്‍ റോളുകള്‍ ഒരേ പോലെ വഴങ്ങുന്ന നിരവധി താരങ്ങള്‍ മലയാളത്തില്‍ വന്നുപോയിട്ടുണ്ട്.
സിനിമകളിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ പേരെടുത്തവരും നിരവധിയാണ്. ഇതേ വില്ലന്മാര്‍ കരിയറിന്റെ ഒരു ഘട്ടത്തില്‍ കോമഡി റോളുകളിലേക്ക് എത്തുകയും വളരെ മനോഹരമായി തങ്ങളുടെ റോളുകള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇത്തരത്തില്‍ വില്ലന്‍ റോളുകളില്‍ എത്തി, പിന്നീട് കരിയറിന്റെ ഒരുഘട്ടത്തില്‍ കോമഡി റോളുകളിലേക്ക് മാറിയ അഞ്ച് മലയാള നടന്മാരെ പരിചയപ്പെടാം.
അഭിനയത്തിന് മുമ്പ് വിവിധ ജോലികള്‍ ചെയ്തിരുന്ന ജനാര്‍ദ്ദനന്‍ കുടുംബാസൂത്രണത്തെപ്പറ്റി നിര്‍മ്മിച്ച ‘പ്രതിസന്ധി’ എന്ന ഡോക്യുമെന്ററിയില്‍ നാഷണല്‍ സാമ്പിള്‍ സര്‍വ്വേയിലെ ഉദ്യോഗസ്ഥനായി അഭിനയിച്ചാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്.
പിന്നീട് 1977 ല്‍ അടൂര്‍ ഭാസി സംവിധാനം ചെയ്ത അച്ചാരം അമ്മിണി ഓശാരം ഓമന എന്ന ചിത്രത്തിലൂടെയാണ് സിനിമ അഭിനയ രംഗത്തേക്ക് അദ്ദേഹം എത്തുന്നത്. പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ‘ഗായത്രി’യിലെ മഹാദേവന്‍ എന്ന കഥാപാത്രമാണ് കരിയറില്‍ ജനാര്‍ദ്ദനന് ബ്രേക്ക് ആവുന്നത്.
പിന്നീട് നിരവധി സിനിമകളില്‍ വില്ലനായി എത്തിയ ജനാര്‍ദ്ദനന്‍ 1987 ല്‍ പുറത്തിറങ്ങിയ സി.ബി.ഐ സീരിസിലെ ആദ്യചിത്രമായ ഒരു സി.ബി.ഐ ഡയറികുറിപ്പിലൂടെയാണ് കോമഡി റോളിലേക്ക് ചുവടുവെയ്ക്കുന്നത്.
തുടര്‍ന്നങ്ങോട്ട് നിരവധി കോമഡി കഥാപാത്രങ്ങളെ അദ്ദേഹത്തിന് ലഭിച്ചു. ജനാര്‍ദ്ദനന്റെ എക്കാലത്തെയും ഹിറ്റ് കഥാപാത്രമാണ് മാന്നാര്‍ മത്തായി സ്പീക്കിംഗ് എന്ന ചിത്രത്തിലെ ഗര്‍വാസീസ് ആശാന്‍. കഥാനായകന്‍ എന്ന ചിത്രത്തില്‍ ആദ്യമായി സിനിമയില്‍ അദ്ദേഹം ഗാനമാലപിക്കുകയും ചെയ്തു.
രാജന്‍ പി. ദേവ്
നാടകത്തില്‍ നിന്ന് സിനിമയിലെത്തിയ രാജന്‍ പി.ദേവ് സഞ്ചാരി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മോഹന്‍ലാല്‍ ചിത്രമായ ഇന്ദ്രജാലത്തിലെ വില്ലന്‍ കഥാപാത്രമാണ് അദ്ദേഹത്തിന്റെ കരിയറിലെ ബ്രേക്ക് ആവുന്നത്. പിന്നീട് വില്ലന്‍ – കോമഡി കഥാപാത്രങ്ങള്‍ ഇടകലര്‍ത്തി അദ്ദേഹത്തിന് ലഭിച്ചു.
കമ്മീഷ്ണര്‍, ക്രൈം ഫയല്‍ പോലുള്ള സിനിമയില്‍ ഒരേസമയം വില്ലനായും അതേസമയം കോമഡിയും ചെയ്ത് അദ്ദേഹം തിളങ്ങി. ചോട്ടാ മുംബൈ എന്ന ചിത്രത്തിലെ മുഴു കുടിയന്റെ റോളില്‍ അദ്ദേഹം തിളങ്ങിയിരുന്നു. ഈ പട്ടണത്തില്‍ ഭൂതം എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
കൊച്ചിന്‍ ഹനീഫ
മിമിക്രി കലാകാരനായി കലാ ജീവിതം ആരംഭിച്ച കൊച്ചിന്‍ ഹനീഫ 1970 കളിലാണ് സിനിമയില്‍ എത്തുന്നത്. അഴിമുഖമാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. വില്ലനായി തിളങ്ങിയ കൊച്ചിന്‍ ഹനിഫ. പിന്നീട് തമിഴില്‍ വി.എം.സി ഹനീഫ എന്ന പേരില്‍ സംവിധായകനും തിരക്കഥാകൃത്തുമായി തിളങ്ങി. ഇടവേളക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരികെയെത്തിയ ശേഷമാണ് അദ്ദേഹം കോമഡി റോളിലേക്ക് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
വില്ലന്‍ വേഷങ്ങളില്‍ തുടങ്ങിയ അദ്ദേഹത്തിന്റെ കരിയറില്‍ കോമഡി വേഷങ്ങള്‍ക്ക് ബ്രേക്ക് ആവുന്നത് കിരീടം സിനിമയിലെ ഹൈദ്രോസ് കഥാപാത്രമാണ്. 2010 ല്‍ അഭിനയിച്ച ബോഡിഗാര്‍ഡ് ആണ് കൊച്ചിന്‍ ഹനീഫയുടെ അവസാന ചിത്രം.
ഭീമന്‍ രഘു
90 കളിലെ ക്രൂരനായ വില്ലനായി തിളങ്ങിയ നടനാണ് ഭീമന്‍ രഘു. തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ എസ്.ഐ ആയിരുന്ന രഘു പിന്നെയും പൂക്കുന്ന കാലം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.
തുടര്‍ന്ന് സംവിധായകന്‍ ഹസന്റെ സംവിധാനത്തില്‍ ഭീമന്‍ എന്ന ചിത്രത്തില്‍ നായകനായി അദ്ദേഹം അഭിനയിച്ചു. ഇതോടെയാണ് ഭീമന്‍ രഘു എന്ന പേര് അദ്ദേഹത്തിന് ലഭിച്ചത്.
നിരവധി ചിത്രങ്ങളില്‍ വില്ലനായി തിളങ്ങിയ ഭീമന്‍ രഘു 1999 ല്‍ റിലീസ് ചെയ്ത ജെയിംസ് ബോണ്ട് എന്ന ചിത്രത്തിലാണ് ഒരു കോമഡി റോളില്‍ എത്തുന്നത്. പിന്നീട് 2005 ല്‍ മോഹന്‍ലാല്‍ നായകനായ നരന്‍ എന്ന ചിത്രത്തിലെ കീരി വാസു, മമ്മൂട്ടി നായകനായ രാജമാണിക്യം എന്ന ചിത്രത്തിലെ ക്വിന്റല്‍ വര്‍ക്കി എന്നീ കഥാപാത്രങ്ങളിലൂടെ ഹാസ്യ വേഷങ്ങളിലേക്ക് തിരിയുകയായിരുന്നു.
പിന്നീട് റോമിയോ എന്ന ചിത്രത്തില്‍ പൂര്‍ണ കോമഡി കഥാപാത്രമായി അദ്ദേഹം എത്തി. സീരിയലുകളിലും അദ്ദേഹം കഥാപാത്രങ്ങളെ ചെയ്തിരുന്നു.
ബാബുരാജ്
മലയാള സിനിമയില്‍ വില്ലനായി എത്തി, പിന്നീട് തിരക്കഥാകൃത്തും സംവിധായകനുമായി മാറി ഒടുവില്‍ കോമഡി റോളുകളില്‍ തിളങ്ങിയ നടനാണ് ബാബുരാജ്.
1993ല്‍ റിലീസ് ചെയ്ത ‘ഭീഷ്മാചാര്യ’ എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു ബാബുരാജ് സിനിമയില്‍ എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ വില്ലനായി അഭിനയിച്ച അദ്ദേഹം 2011 ല്‍ റിലീസ് ചെയ്ത സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന സിനിമയില്‍ കുക്ക്ബാബു കഥാപാത്രത്തിലൂടെയാണ് കോമഡി റോളുകളിലേക്ക് എത്തുന്നത്.
കുദാശ എന്ന ചിത്രത്തിലെ ബാബുരാജിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2020 ല്‍ പുറത്തിറങ്ങിയ ജോജിയിലെ കഥാപാത്രത്തിലൂടെ ക്യാരക്ടര്‍ റോളിലും തനിക്ക് തിളങ്ങാനാവുമെന്ന് അദ്ദേഹം തെളിയിച്ചു.