Sports News
യു.പിയെ മലര്‍ത്തിയടിച്ച് ദല്‍ഹി ക്യാപിറ്റല്‍സ്; പക്ഷെ ദല്‍ഹിക്കാരി ചെന്നെത്തിയത് നാണംകെട്ട റെക്കോഡില്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 20, 03:39 am
Thursday, 20th February 2025, 9:09 am

ഡബ്ല്യു.പി.എല്ലില്‍ യു.പി വാറിയേഴ്‌സിനെതിരെ ദല്‍ഹി ക്യാപിറ്റല്‍സിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. വഡോദര ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി വാറിയേഴ്‌സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് യു.പിക്ക് നേടാന്‍ സാധിച്ചത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ക്യാപിറ്റല്‍സ് ഒരു പന്ത് അവശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ക്യാപിറ്റല്‍സിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ മെഗ് ലാന്നിങ് ആണ്.

49 പന്തില്‍ നിന്ന് 12 ഫോറും ഉള്‍പ്പെടെ 69 റണ്‍സുമാണ് താരം നേടിയത്. കൂടാതെ അനബല്‍ സതര്‍ലാന്‍ഡ് 35 പന്തില്‍ നിന്ന് നാല് ബൗണ്ടറികള്‍ ഉള്‍പ്പെടെ 41 റണ്‍സ് നേടി പുറത്താകാതെ നിന്നു. അവസാനഘട്ടത്തില്‍ മരിസാനി കപ്പ് 29 റണ്‍ നേടി അനബല്ലിന് കൂട്ടുനിന്നു.

വിജയം സ്വന്തമാക്കിയെങ്കിലും ക്യാപിറ്റല്‍സിന്റെ വണ്‍ ഡൗണ്‍ ബാറ്റര്‍ ജമീമ റോഡ്രിഗസ് പൂജ്യം റണ്‍സിനാണ് പുറത്തായത്. ഇതോടെ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഒരു മോശം റെക്കോഡിലേക്കാണ് താരം കൂപ്പു കുത്തിയിരിക്കുന്നത്. ഡബ്ല്യു.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ പൂജ്യം റണ്‍സിന് പുറത്തായ താരങ്ങളുടെ പട്ടികയിലാണ് ജമീമ ഇടം നേടിയത്.

ഡബ്ല്യു.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ പൂജ്യം റണ്‍സിന് പുറത്തായ താരങ്ങള്‍, എണ്ണം

ഹെയ്‌ലി മാത്യൂസ് – 3

ആഷ്ലി ഗാര്‍ഡ്ണര്‍ – 3

ജമീമ റോഡ്രിഗസ് – 3

ആലിസ് ക്യാപ്‌സി – 3

ദിഷ കസത്ത് – 3

യു.പിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ കിരണ്‍ നവ്ഗിരിയാണ്. 27 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 51 റണ്‍സ് നേടിയാണ് താരം പുറത്തായത്. ശ്വേത സെഹ്‌റാവത്ത് മധ്യ നിരയില്‍ 37 നേടിയിരുന്നു. ചിനെല്ലി ഹെന്റി 33 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ദല്‍ഹിക്ക് വേണ്ടി അനബല്‍ രണ്ടു വിക്കറ്റുകള്‍ നേടിയപ്പോള്‍ മരിസാനി, ജസ് ജോണ്‍സണ്‍, അരുന്ധതി റെഡ്ഡി, മിന്നു മണി എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി. വാരിയെഴ്‌സിന് വേണ്ടി സോഫി എക്കലസ്റ്റോണ്‍, ക്യാപ്റ്റന്‍ ശര്‍മ ഗ്രേസ് ഹാരിസ് എന്നിവര്‍ വിറ്റുകളും നേടിയിരുന്നു.

Content Highlight: Jamima Rodrigues In Unwanted Record Achievement In W.P.L