ക്രിക്കറ്റിന്റെ സ്വഭാവവും കാലഘട്ടവും മാറുന്നത് അനുസരിച്ച് താരങ്ങളുടെ മുന്‍ഗണനകളും മാറും. അങ്ങനെ വരുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും താരങ്ങളുടെ കൊഴിഞ്ഞുപോക്ക് കാണാന്‍ സാധിക്കും.
ട്വന്റി-20 ലീഗുകള്‍ വര്‍ധിച്ചുവരുന്ന കാലഘട്ടത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നാല്‍പത് വയസുവരെ കളിക്കാന്‍ ആഗ്രഹിക്കുന്ന താരങ്ങള്‍ ഉണ്ടാകില്ല എന്നാണ് ഇംഗ്ലണ്ടിന്റെ ഇതിഹാസ താരമായ ജെയിംസ് ആന്‍ഡേഴ്‌സണിന്റെ അഭിപ്രായം.
കഴിഞ്ഞ മാസം 40 വയസ് തികഞ്ഞ കളിക്കാരനാണ് ആന്‍ഡേഴ്‌സണ്‍. 2003ല്‍ സിംബാബ്‌വേക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ അദ്ദേഹം 172 മത്സരങ്ങളില്‍ നിന്ന് 657 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ലോര്‍ഡ്സില്‍ ബുധനാഴ്ച ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ആക്രമണത്തെ നയിക്കാന്‍ അദ്ദേഹം കാണും. ഈ നാല്‍പതാം വയസിലും ടീമിലെ ഏറ്റവും മികച്ച ബൗളറാകാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.
ഓപ്പണിങ് ബാറ്ററായ ഗ്രഹാം ഗൂച്ചാണ് ആന്‍ഡേഴ്‌സണ് മുമ്പ് 40 വയസിന് ശേഷം ടെസ്റ്റ് കളിച്ച താരം. 1994ല്‍ തന്റെ 41ാം വയസിലാണ് അദ്ദേഹം അവസാനത്തെ ടെസ്റ്റ് കളിച്ചത്.
40 വയസിന് ശേഷം ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച അവസാന സീമര്‍ ലെസ് ജാക്സണ്‍ ആയിരുന്നു. 40ാം വയസില്‍ അദ്ദേഹം രണ്ട് ടെസ്റ്റ് മത്സരം ഇംഗ്ലണ്ടിനായി കളിച്ചിട്ടുണ്ട്.
എന്നാല്‍ ഇനിയുള്ള കാലത്ത് താരങ്ങള്‍ 40 വയസുവരെയൊക്കെ ടെസ്റ്റ് കളിക്കാന്‍ മാത്രം വിഡ്ഢികളായിരിക്കില്ല എന്നാണ് അദ്ദേഹം പറയുന്നത്.
ആ പ്രായപരിധിയില്‍ ചേരുന്ന അടുത്ത കളിക്കാരന്‍ ആരായിരിക്കുമെന്ന കാര്യത്തില്‍, ആന്‍ഡേഴ്‌സണ്‍ തന്റെ ദീര്‍ഘകാല പങ്കാളിയായ ബ്രോഡിനെ നിര്‍ദേശിച്ചു. അയാള്‍ക്ക് ഇതിനകം 36 വയസ്സുണ്ട്. അതിന് ശേഷം ആരും ഉണ്ടാകില്ലെന്നും എല്ലാവരും ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ പിറകെയാണെന്നും അദ്ദേഹം പറഞ്ഞു.
‘ബ്രോഡിന് ശേഷം ആരും ഉണ്ടാകില്ല, കാരണം ആരും അത്രയും വിഡ്ഢികളാകില്ല. ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ പിറകെയാണ് എല്ലാവരും. ഹണ്ട്രഡ് ലീഗ്, ട്വന്റി-20 ക്രിക്കറ്റ് ലീഗുകള്‍ എന്നിവയുടെ പിറകെ. ഇത്രയും കാലം ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളെ എനിക്ക് കാണാന്‍ കഴിയില്ല,’ ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ഇപ്പോള്‍ കളിക്കുന്ന താരങ്ങള്‍ ശ്രമിക്കണമെന്നും അദ്ദേഹം പറയുന്നു. അതോടൊപ്പം ന്യൂസിലാന്‍ഡ് ബൗളര്‍ ട്രെന്റ് ബോള്‍ട്ട് വിരമിച്ചതില്‍ വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.