ഒരു റണ്‍സ് പോലും നേടാന്‍ കഴിയാത്ത ബാറ്റര്‍മാര്‍, പേടി സ്വപ്‌നമായി ഒരേയൊരു ബൗളര്‍!
Sports News
ഒരു റണ്‍സ് പോലും നേടാന്‍ കഴിയാത്ത ബാറ്റര്‍മാര്‍, പേടി സ്വപ്‌നമായി ഒരേയൊരു ബൗളര്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th July 2024, 5:09 pm

വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സും വിന്‍ഡീസ് വമ്പന്‍ ബാറ്റിങ് തകര്‍ച്ചയിലാണ് അവസാനിപ്പിച്ചത്. ഇതോടെ ആദ്യ ടെസ്റ്റില്‍ 114 റണ്‍സ് വമ്പന്‍ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് അവസാനിച്ചപ്പോള്‍ 371 റണ്‍സാണ് വിന്‍ഡീസിനെതിരെ ഇംഗ്ലണ്ട് അടിച്ചെടുത്തത്. ഇതോടെ ആദ്യ ഇന്നിങ്‌സില്‍ 121 റണ്‍സ് നേടിയ വിന്‍ഡീസിനെതിരെ 250 റണ്‍സിന്റെ പടുകൂറ്റന്‍ ലീഡാണ് ഇംഗ്ലണ്ട് ഉയര്‍ത്തിയത്.

 

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിനെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ പിഴിതെറിയുകയായിരുന്നു. വിന്‍ഡീസിന്റെ നാല് ബാറ്റര്‍മാര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. അതില്‍ 31 റണ്‍സ് നേടിയ ഗുടകേഷ് മോട്ടിയാണ് ടീമിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത്.

ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് രണ്ട് വിക്കറ്റും ഗസ് ആറ്റ്കിന്‍സണ്‍ അഞ്ച് വിക്കറ്റും നേടിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നേടിയ ആറ്റ്കിന്‍സണ്‍ രണ്ടാം ഇന്നിങ്‌സിലും ഫൈഫര്‍ സ്വന്തമാക്കി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. 16 ഓവര്‍ പൂര്‍ത്തിയാക്കിയാക്കി ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഏഴ് മെയ്ഡന്‍ അടക്കം 32 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് സ്വന്തമാക്കിയത്.

കരീബിയന്‍സിന്റെ ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത് വൈറ്റിനെയും (4) അലിക് അത്തനാസയെയും (22) ജോഷ്വാ ഡാ സില്‍വയെയും (9) മാസ്റ്റര്‍ ബൗളര്‍ ആന്‍ഡേഴ്സനാണ് പുറത്താക്കിയത്. ആദ്യ ഇന്നിങ്‌സില്‍ ജെയ്ഡന്‍ സീല്‍സിന്റെ വിക്കറ്റ് മാത്രമായിരുന്നു ആന്‍ഡേഴ്‌സണ്‍ നേടിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 704* വിക്കറ്റുകളാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

എന്നാല്‍ താരത്തിന്റെ വിക്കറ്റ് വേട്ടയില്‍ അമ്പരപ്പിക്കുന്ന ഒരു നേട്ടവുമുണ്ട്. 704 വിക്കറ്റുകളില്‍ 115 വിക്കറ്റുകള്‍ ബാറ്റര്‍മാരെ ഡക്ക് ആക്കിയാണ് ആന്‍ഡേഴ്‌സന്‍ നേടിയത്. നിലവില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ ഡക്കിലൂടെ നേടുന്ന താരമാണ് ആന്‍ഡേഴ്‌സണ്‍.  ഇതോടെ തന്റെ ടെസ്റ്റ് കരിയറിന് വിടപറയുകയാണ് ക്രിക്കറ്റിലെ ഇതിഹാസതാരം ജെയിംസ്.

 

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ ഡക്കിലൂടെ നേടുന്ന താരം, ഡക്ക് വിക്കറ്റ്

ജെയിംസ് ആന്‍ഡേഴ്‌സണ്‍ – 115*

ഗ്ലെന്‍ മഗ്രാത്ത് – 104

ഷെയ്ന്‍ വോണ്‍ – 102

മുത്തയ്യ മുരളീധരന്‍ – 102

സ്റ്റുവര്‍ട്ട് ബ്രോഡ് – 87

 

Content Highlight: James Anderson Have Great Record In Test Cricket