'പോപ്പുലര്‍ ഫ്രണ്ടിന് തങ്ങളുടെ അണികളെ നിയന്ത്രിക്കാനുള്ള ബാധ്യതയുണ്ട്'; ഹര്‍ത്താലിലുണ്ടായ അക്രമങ്ങളെ അപലപിച്ച് ജമാഅത്തെ ഇസ്‌ലാമി
Kerala News
'പോപ്പുലര്‍ ഫ്രണ്ടിന് തങ്ങളുടെ അണികളെ നിയന്ത്രിക്കാനുള്ള ബാധ്യതയുണ്ട്'; ഹര്‍ത്താലിലുണ്ടായ അക്രമങ്ങളെ അപലപിച്ച് ജമാഅത്തെ ഇസ്‌ലാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th September 2022, 1:36 pm

കോഴിക്കോട്: ഹര്‍ത്താലിനേത്തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ വിമര്‍ശനവുമായി ജമാ അത്തെ ഇസ്‌ലാമി. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത് അപലപനീയമാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീര്‍ എം.ഐ. അബ്ദുള്‍ അസീസ് പറഞ്ഞു.

‘സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. വിശേഷിച്ചും സംഘപരിവാര്‍ നേതൃത്വത്തില്‍ രാജ്യത്തുടനീളം പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരെ വ്യാപകമായ തോതില്‍ വിവേചനപരമായ നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രതിഷേധങ്ങള്‍ സ്വാഭാവികമാണ്.

പക്ഷെ അവ പൊതു മുതല്‍ നശിപ്പിച്ചും ജനങ്ങളുടെ സൈ്വര്യ ജീവിതത്തെ തടസ്സപ്പെടുത്തിയുമാകരുതെന്നത് ജനാധിപത്യത്തിന്റെ പ്രാഥമിക പാഠമാണ്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ക്ക് തന്നെ തങ്ങളുടെ അണികളെ നിയന്ത്രിക്കാനുള്ള ബാധ്യതയുണ്ട്. നിയമം കയ്യിലെടുക്കാനുള്ള അവകാശം ആര്‍ക്കുമില്ല,’ അബ്ദുള്‍ അസീസ് പറഞ്ഞു.

രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍.ഐ.എ നടത്തിയ റെയ്ഡിലും തുടര്‍ന്നുണ്ടായ അറസ്റ്റിലും പ്രതിഷേധിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തിയത്.

ഹര്‍ത്താലുമായി ബന്ധപ്പെട്ട് 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 237 പേരെയാണ് അറസ്റ്റ് ചെയ്യ്തതെന്നും 384 പേരെ കരുതല്‍ തടവിലാക്കുകയും ചെയ്തിട്ടുണ്ടെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചു.

ഹര്‍ത്താലിനിടെയുണ്ടായ ആക്രമണങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍, കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍, യാത്രക്കാര്‍ തുടങ്ങിയവര്‍ക്ക് പരുക്കേറ്റിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ് 70 കെ.എസ്.ആര്‍.ടി.സി ബസുകളാണ് സംസ്ഥാനത്ത് തകര്‍ന്നത്.

അതേസമയം, ദേശീയ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം ശക്തമാക്കിയതോടെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാക്കള്‍ ഒളിവില്‍. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി, എ. അബ്ദുള്‍ സത്താര്‍, സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് എന്നിവരാണ് ഒളിവില്‍ പോയത്. ഹര്‍ത്താല്‍ ആക്രമണത്തില്‍ കേരള പൊലീസും മറ്റു കേസുകളില്‍ ദേശീയ ഏജന്‍സികളും അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് ഒളിവില്‍ പോയതെന്നാണ് വിവരം.

ഹര്‍ത്താലില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ടാണ് പൊലീസ് അന്വേഷിക്കുന്നത്. കേരളത്തിലെ ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ നിരവധി പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്റ്റിലായി.

അതേസമയം, വ്യഴാഴ്ച എന്‍.ഐ.എ അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ ഇ. അബൂബക്കര്‍ ഉള്‍പ്പെടെയുളള 18 പേര്‍ക്കെതിരെ യു.എ.പി.എ വകുപ്പുകള്‍ ചുമത്തി. ഇവരെ എന്‍.ഐ.എ ചോദ്യം ചെയ്ത് വരികയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകരുടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ അറിയിച്ചു.

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട 19 കേസുകളാണ് എന്‍.ഐ.എ അന്വേഷിക്കുന്നത്. കേസന്വേഷണവുമായി ബന്ധപ്പെട്ട വിശദ റിപ്പോര്‍ട്ട് എന്‍.ഐ.എ ഡയറക്ടര്‍ ദിന്‍കര്‍ ഗുപ്ത കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും.

പൊതുമുതല്‍ നശിപ്പിക്കല്‍, പ്രൊഫ. ടി. ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം, മറ്റു മതവിഭാഗങ്ങള്‍ക്ക് നേരെയുളള ആക്രമണങ്ങള്‍ തുടങ്ങിയ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തികള്‍ ജനമനസില്‍ ഭീതി പടര്‍ത്തി. സാമൂഹ്യമാധ്യമങ്ങളിലൂടെ സ്പര്‍ധ വളര്‍ത്താനും ഇവര്‍ ശ്രമിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കളെ സജ്ജരാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ യാസര്‍ ഹസനും മറ്റ് പ്രവര്‍ത്തകരും ആയുധ പരിശീലന ക്യാംപുകള്‍ സംഘടിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്‍.ഐ.എ മുന്നോട്ടുവെക്കുന്നത്.

Content Highlight: Jamaat e islami Criticizing popular Front party Hartal