കൊച്ചി: വാളയാര്‍ കേസില്‍ നിന്നും തന്നെ മാറ്റിയതിന്റെ കാരണമെന്താണെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കണമെന്ന് മുന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍. മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അവര്‍.
‘സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റി ലതാ ജയരാജിനെ നിയമിച്ചത് ആഭ്യന്തര വകുപ്പില്‍ നിന്നും വന്ന ഉത്തരവിന് ശേഷമാണ്. എന്നാല്‍ എന്നെ മാറ്റിയതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. അതിന് ഉത്തരം പറയേണ്ട് ആഭ്യന്തര മന്ത്രാലയമാണ്. അതിനാണ് വാര്‍ത്താ സമ്മേളനം വിളിച്ചത്.
നാചുറല്‍ ജസ്റ്റിസ് എന്ന് പറഞ്ഞ്, ഒരാള്‍ ശിക്ഷിക്കപ്പെടുന്നതിന് മുമ്പ് അയാളുടെ ഭാഗം കേള്‍ക്കാനും അയാള്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് അറിയാനുള്ള അവകാശവുമുണ്ട്. അതെനിക്ക് നിഷേധിക്കപ്പെട്ടു,’ അവര്‍ പറഞ്ഞു.
കഷ്ടിച്ച് മൂന്ന് മാസം പ്രോസിക്യൂട്ടറായി നിന്ന്, യാതൊരു പ്രവര്‍ത്തനവും ചെയ്യാന്‍ കഴിയാത്ത ഒരു സ്ഥിതിയില്‍ നിന്ന് തന്നെ പറഞ്ഞ് വിട്ടിട്ട്, അത് തന്റെ വീഴ്ചയാണെന്ന് പറയുമ്പോള്‍ അതെന്താണെന്ന് തനിക്ക് പറഞ്ഞ് തരാന്‍ അധികൃതര്‍ ബാധ്യസ്ഥരാണെന്നും ജലജ പറഞ്ഞു.
ലതാ ജയരാജ് എന്ത് സ്വാധീനം ചെലുത്തിയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തേക്കെത്തിയതെന്നും അവര്‍ ചോദിച്ചു.
‘എന്നെ മാറ്റുമ്പോള്‍ ലതാ ജയരാജ് സ്വാധീനം ചെലുത്തിയാണ് ആ സ്ഥാനം തിരിച്ച് പിടിച്ചതെന്നായിരുന്നു പറഞ്ഞിരുന്നത്. പാര്‍ട്ടി നോമിനിയായ എന്നെ മറികടന്ന് സ്ഥാനം തിരിച്ച് പിടിക്കാന്‍ ആഭ്യന്ത്രമന്ത്രാലയത്തിന് മേല്‍ ലതാ ജയരാജിനുള്ള സ്വാധീനമെന്താണ്?,’ ജലജ ചോദിച്ചു.
വാളയാര്‍ കേസന്വേഷണത്തിലെ വീഴ്ച മുഖ്യമന്ത്രി മറച്ച് വെക്കുന്നെന്നും അവര്‍ പറഞ്ഞു.
വാളയാര്‍ കേസില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഒരു പ്രതിക്ക് വേണ്ടി ഹാജരാവുകയും അതില്‍ അന്വേഷണം വന്നപ്പോള്‍ സത്യമായി മൊഴി കൊടുത്തതിനു പിറകെയാണ് തന്നെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും അവര്‍ ഫേസ്ബുക്കിലെഴുതിയിരുന്നു.