ന്യൂദല്‍ഹി: ദല്‍ഹി ചലോ മാര്‍ച്ചിന്റെ ഭാഗമായി നഗരത്തിലേക്ക് പ്രവേശിക്കുന്ന കര്‍ഷകരെ തടങ്കലിലാക്കാന്‍ ഒമ്പത് സ്റ്റേഡിയങ്ങള്‍ വിട്ടുതരണമെന്ന ദല്‍ഹി പൊലീസിന്റെ ആവശ്യം നിരാകരിച്ചിരിക്കുകയാണ് ആം ആദ്മി സര്‍ക്കാര്‍. കര്‍ഷകരെ കസ്റ്റഡിയില്‍ വെക്കാന്‍ സ്റ്റേഡിയം വിട്ടുതരാനാവില്ലെന്ന് സര്‍ക്കാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.
‘കര്‍ഷകരുടെ ആവശ്യങ്ങള്‍ നീതീകരിക്കപ്പെടുന്നതാണ്. നിയമത്തിന് എതിരുമല്ല. അവരെ ജയിലിലടയ്ക്കുന്നത് പ്രശ്നത്തിന് പരിഹാരമല്ല. അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം,’ എന്നാണ് ദല്‍ഹി ആഭ്യന്തരമന്ത്രി സത്യേന്ദ്ര ജെയ്ന്‍ പറഞ്ഞത്.
ഈ പ്രതിഷേധം അഹിംസാ മാര്‍ഗത്തിലൂടെയാണ്. അഹിംസാ പ്രതിഷേധം ഓരോ ഇന്ത്യക്കാരന്റെയും അവകാശമാണ്. അതുകൊണ്ട് തന്നെ ദല്‍ഹി പൊലീസിന്റെ ആവശ്യം സര്‍ക്കാര്‍ നിരസിക്കുകയാണെന്നും ജെയ്ന്‍ പറഞ്ഞു.
പ്രതിഷേധിക്കുന്ന കര്‍ഷകരെ പാര്‍പ്പിക്കാന്‍ നഗരത്തിലെ ഒമ്പത് സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലുകളായി ഉപയോഗിക്കാന്‍ ദല്‍ഹി പൊലീസ് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. എന്നാല്‍ ഒരുകാരണവശാലും ഇങ്ങനെയാരു അനുമതി നല്‍കരുതെന്ന് ആം ആദ്മി നേതാക്കള്‍ തന്നെ ആവശ്യപ്പെട്ടിരുന്നു.
പാര്‍ട്ടിയുടെ ദേശീയ വക്താവും ആം ആദ്മി എം.എല്‍.എയുമായ രാഘവ് ചദ്ദ പ്രതിഷേധിക്കാനുള്ള കര്‍ഷകരെ അവകാശത്തെ ന്യായീകരിച്ചിരിക്കുന്നു. പ്രതിഷേധിക്കുന്ന കര്‍ഷര്‍ തീവ്രവാദികളോ കുറ്റവാളികളോ അല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
സ്റ്റേഡിയങ്ങള്‍ തടങ്കല്‍ കേന്ദ്രങ്ങളാക്കാന്‍ വിട്ടുകൊടുത്താല്‍ തങ്ങള്‍ ചെയ്യുന്ന ഏറ്റവും മനുഷ്യത്വ രഹിതമായ പ്രവൃത്തിയായി അതുമാറുമെന്നായിരുന്നു ആം ആദ്മി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞത്. ഒരു കാരണവശാലും അത് സര്‍ക്കാര്‍ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ആരംഭിച്ച ദല്‍ഹി ചലോ കര്‍ഷക പ്രതിഷേധ മാര്‍ച്ചിനെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ്
ദല്‍ഹിയിലെ 9 സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലാക്കി മാറ്റുന്നതിനുള്ള അനുമതി ദല്‍ഹി സര്‍ക്കാരിനോട് പൊലീസ് ചോദിച്ചിരിക്കുന്നത്. എന്നാല്‍ സ്റ്റേഡിയം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷക സംഘത്തിന് നേരെയുള്ള പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തില്‍ എതിര്‍പ്പുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു.
‘കേന്ദ്രത്തിന്റെ മൂന്ന് നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത് . ഈ നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് പകരം സമാധാനപരമായി പ്രതിഷേധിക്കുന്നവരെ തടയുകയാണ്, ജലപീരങ്കികള്‍ ഉപയോഗിക്കുകയാണ്. കര്‍ഷകരോട് ഇത്തരം അനീതികള്‍ ന്യായമല്ല. സമാധാനപരമായ പ്രതിഷേധം അവരുടെ ഭരണഘടനാപരമായ അവകാശമാണ്,’ എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.
ദല്‍ഹിയുടെ അതിര്‍ത്തി പ്രദേശമായ അംബാലയില്‍ വെച്ചാണ് പൊലീസ് കര്‍ഷകര്‍ക്കെതിരെ ജലപീരങ്കികളും, കണ്ണീര്‍ വാതക ഷെല്ലുകളും പ്രയോഗിച്ചത്. പൊലീസിന്റെ ശക്തമായ പ്രതിരോധത്തെ അവഗണിച്ചുകൊണ്ടാണ് വിവിധ ഭാഗങ്ങളില്‍ നിന്നും കര്‍ഷകര്‍ ദല്‍ഹിയിലേക്ക് പോകുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക