ഒരു ഹാസ്യ താരമായി സിനിമയിലെത്തി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുള്ള നടനാണ് ജഗദീഷ്. 1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.
ജഗദീഷ് അഭിനയിച്ച് 2000ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു സത്യം ശിവം സുന്ദരം. റാഫി – മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ എത്തിയ ആ സിനിമയില്‍ പങ്കജാക്ഷനായി ജഗദീഷ് എത്തിയപ്പോള്‍ സുഹൃത്തായ ചന്ദ്രഹാസന്‍ എന്ന ചന്ദ്രുവായി അഭിനയിച്ചത് കുഞ്ചാക്കോ ബോബന്‍ ആയിരുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറവും ജഗദീഷിനെയും കുഞ്ചാക്കോ ബോബനെയും ഒരുമിച്ച് കാണുമ്പോള്‍ മലയാളികള്‍ ഓര്‍ക്കുക പങ്കജാക്ഷനെയും ചന്ദ്രുവിനെയുമാണ്. ഇപ്പോള്‍ ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബനെ കുറിച്ച് പറയുകയാണ് ജഗദീഷ്.
താനും കുഞ്ചാക്കോയും തമ്മില്‍ കോമണായ കുറേ കാര്യങ്ങളുണ്ടെന്നും തങ്ങള്‍ അനാവശ്യമായ ഗോസിപ്പിനോ അനാവശ്യമായ ഇടപ്പെടലിനോയൊന്നും തന്നെ പോകാറില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ലിമിറ്റ് വിട്ടിട്ടുള്ള ഒരു കാര്യത്തിനും കുഞ്ചാക്കോ ബോബനെയും തന്നെയും കിട്ടില്ലെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.
‘ആളുകള്‍ക്ക് എന്നെയും ചാക്കോച്ചനെയും കാണുമ്പോള്‍ സത്യം ശിവം സുന്ദരം എന്ന സിനിമയാണ് ഓര്‍മ വരിക. പക്ഷെ ആദ്യമായി ഞങ്ങള്‍ ഒന്നിക്കുന്നത് നക്ഷത്രതാരാട്ട് എന്ന സിനിമയിലാണ്. ചാക്കോച്ചന്റെ രണ്ടാമത്തെ സിനിമയായിരുന്നു നക്ഷത്രതാരാട്ട്.
പിന്നെ ഞാനും ചാക്കോച്ചനും തമ്മില്‍ കോമണായ കുറേ കാര്യങ്ങളുണ്ട്. ഞങ്ങള്‍ അനാവശ്യമായ ഗോസിപ്പിനോ അനാവശ്യമായ ഇടപ്പെടലിനോ ഒന്നും തന്നെ പോകാറില്ല (ചിരി). പകരം രണ്ടുപേരും നമ്മുടെ കാര്യങ്ങള്‍ മാത്രം നോക്കാറാണ്.
അഭിനയിക്കുക, പിന്നെ അത്യാവശ്യമൊക്കെ സൊസൈറ്റിയുടെ ഭാഗമെന്ന നിലയിലുള്ള ഇന്‍ട്രാക്ഷന്‍സുമുണ്ട്. അത്രയൊക്കെയേയുള്ളൂ. ലിമിറ്റ് വിട്ടിട്ടുള്ള ഒരു കാര്യത്തിനും എന്നെയും കിട്ടില്ല ചാക്കോച്ചനെയും കിട്ടില്ല,’ ജഗദീഷ് പറഞ്ഞു.
Content Highlight: Jagadish Talks About Kunchacko Boban