ഗോഡ്ഫാദറും ഇന്‍ ഹരിഹര്‍ നഗറും ഇന്നത്തെ കാലത്ത് റീമേക്ക് ചെയ്താല്‍ ജനം സ്വീകരിച്ചെന്ന് വരില്ല: ജഗദീഷ്
Entertainment
ഗോഡ്ഫാദറും ഇന്‍ ഹരിഹര്‍ നഗറും ഇന്നത്തെ കാലത്ത് റീമേക്ക് ചെയ്താല്‍ ജനം സ്വീകരിച്ചെന്ന് വരില്ല: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 12th December 2024, 4:37 pm

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച വ്യക്തിയാണ് ജഗദീഷ്. മികച്ച ഹാസ്യ കഥാപാത്രങ്ങളുടെ ഭാഗമാവാന്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അപ്പുകുട്ടന്‍, മായിന്‍കുട്ടി തുടങ്ങിയ കഥാപാത്രങ്ങളെല്ലാം അതിന് ഉദാഹരണമാണ്. ഇന്ന് മികച്ച കഥാപാത്രങ്ങള്‍ തേടിപ്പിടിച്ച് ചെയ്യുന്ന നടന്‍ കൂടെയാണ് ജഗദീഷ്.

പഴയ ക്ലാസിക് ചിത്രങ്ങളായ ഗോഡ്ഫാദര്‍, ഇന്‍ ഹരിഹര്‍ നഗര്‍ എന്നിവയെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. ഇന്ന് അത്തരം സിനിമകള്‍ അധികം വരാത്തത് സിനിമയുടെ ടെക്‌നോളജിയടക്കം സകല മേഖലകളും മാറിയതുകൊണ്ടാണെന്ന് ജഗദീഷ് പറഞ്ഞു. ഗോഡ്ഫാഹദറും ഹരിഹര്‍ നഗറും ക്ലാസിക് എന്ന രീതിയില്‍ ഇപ്പോഴും മടുപ്പില്ലാതെ കാണാന്‍ സാധിക്കുമെന്നും എന്നാല്‍ അതൊന്നും റീമേക്ക് ചെയ്യാന്‍ കഴിയില്ലെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

ടെക്‌നോളജിയില്‍ മാറ്റം വന്നത് സിനിമയിലും റിഫ്‌ളക്ട് ചെയ്യുന്നുണ്ടെന്നും അത്തരം കഥകള്‍ ഇനി എടുക്കാന്‍ നിന്നാല്‍ പ്രേക്ഷകര്‍ സ്വീകരിക്കില്ലെന്നും ജഗദീഷ് പറഞ്ഞു. അതെല്ലാം പഴയ രൂപത്തില്‍ വന്നാല്‍ മാത്രമേ നമ്മളെല്ലാവരും സ്വീകരിക്കുള്ളൂവെന്നും പുതിയ കാലത്ത് അത്തരം കഥകള്‍ക്ക് പ്രാധാന്യമില്ലെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

എല്ലാ ഴോണറുകളിലുള്ള സിനിമകളിലും ഈ മാറ്റം കാണാന്‍ സാധിക്കുമെന്നും ഓരോ കാലത്തും സിനിമയുടെ രീതി മാറുന്നതിനോട് പ്രേക്ഷകരും പോസിറ്റീവായ സമീപനമാണ് എടുക്കുന്നതെന്നും ജഗദീഷ് പറഞ്ഞു. ചിത്രം, കിലുക്കം, താളവട്ടം, ഗോഡ്ഫാദര്‍, ഇന്‍ ഹരിഹര്‍ നഗര്‍ എന്നീ സിനിമകള്‍ റീമേക്ക് ചെയ്യേണ്ടതല്ലെന്നും ജഗദീഷ് കട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.

‘ഗോഡ്ഫാദറും ഇന്‍ ഹരിഹര്‍ നഗറുമെല്ലാം അന്ന് വലിയ ഹിറ്റായിരുന്നു. ഇന്നും എല്ലാതരം ആളുകളും ആ സിനിമ ആസ്വദിക്കുന്നുണ്ട്. എപ്പോള്‍ ടി.വിയില്‍ വന്നാലും ആ സിനിമകളൊക്കെ കാണാന്‍ ആളുകളുണ്ട്. എന്നുവെച്ച് അതുപോലുള്ള കഥകള്‍ ഇന്ന് വര്‍ക്കാകണമെന്നില്ല. ആ സിനിമകളിലെ കോമഡിയല്ല ഇന്ന് സിനിമകളില്‍ കാണുന്ന കോമഡി. എല്ലാത്തിലും മാറ്റം വന്നു. അതുമാത്രമല്ല, സകല ടെക്‌നിക്കല്‍ മേഖലകളും വലിയ രീതിയില്‍ അപ്‌ഡേറ്റഡായി.

അത് സിനിമയിലും നല്ല രീതിയില്‍ റിഫ്‌ളക്ട് ചെയ്യുന്നുണ്ട്. ഓഡിയന്‍സ് അത്തരം മാറ്റങ്ങളോട് പോസിറ്റീവായാണ് റെസ്‌പോണ്ട് ചെയ്തത്. അതുമാത്രമല്ല, ഇന്നത്തെ കാലത്ത് അത്തരം കഥകള്‍ക്ക് പ്രാധാന്യം കുറവാണ്. കോമഡി ഴോണര്‍ മാത്രമല്ല, ബാക്കി ഴോണറുകളിലും ഈ മാറ്റം കാണാന്‍ സാധിക്കും. അതുകൊണ്ട് ഗോഡ്ഫാദര്‍, ഹരിഹര്‍ നഗര്‍, ചിത്രം, കിലുക്കം പോലുള്ള ക്ലാസിക്കുകള്‍ അതുപോലെ ഇരിക്കുന്നതാണ് നല്ലത്. അതൊന്നും റീമേക്ക് ചെയ്യേണ്ട ആവശ്യമില്ല,’ ജഗദീഷ് പറഞ്ഞു.

Content Highlight: Jagadish saying that Godfather and In Harihar Nagar cannot remake nowadays