മോഹൻലാൽ കുടിച്ചിട്ട് വരുമ്പോൾ മമ്മൂട്ടിക്ക് പോടായെന്ന് പറയാനാവില്ല, ആ ചിത്രത്തിൽ മറ്റൊരു കഥാപാത്രമാണെങ്കിൽ പറ്റും: ജഗദീഷ്
Entertainment
മോഹൻലാൽ കുടിച്ചിട്ട് വരുമ്പോൾ മമ്മൂട്ടിക്ക് പോടായെന്ന് പറയാനാവില്ല, ആ ചിത്രത്തിൽ മറ്റൊരു കഥാപാത്രമാണെങ്കിൽ പറ്റും: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th December 2024, 1:53 pm

മലയാളത്തിലെ ഹിറ്റ് മേക്കർ സംവിധായകനാണ് ജോഷി. എഴുപതുകളുടെ അവസാനങ്ങളിൽ തന്റെ സിനിമ ജീവിതം ആരംഭിച്ച അദ്ദേഹം ഇന്നും സിനിമയിൽ സജീവമാണ്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ നടന്മാരുടെ താരപരിവേഷം ഉയർത്തുന്നതിൽ വലിയ പങ്കുവഹിച്ച സംവിധായകനാണ് അദ്ദേഹം.

ജോഷി – ഡെന്നീസ് ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ മൾട്ടിസ്റ്റാർ ചിത്രമായിരുന്നു നമ്പർ 20 മദ്രാസ് മെയിൽ. മോഹൻലാൽ, മമ്മൂട്ടി, സോമൻ, അശോകൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു. ചിത്രത്തിൽ മമ്മൂട്ടി എന്ന നടൻ തന്നെയായാണ് മമ്മൂട്ടി അഭിനയിച്ചിട്ടുള്ളത്.

ഒരു നടൻ എന്ന നിലയിൽ സ്വന്തം വ്യക്തിത്വം അഭിനയിക്കുന്നത് വളരെ പ്രയാസമുള്ള കാര്യമാണെന്നും എന്നാൽ മമ്മൂട്ടി അത് മികച്ചതാക്കിയെന്നും ജഗദീഷ് പറയുന്നു. ജഗദീഷും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

‘ഏത് റോൾ ചെയ്യുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് സ്വന്തം വ്യക്തിത്വത്തിൽ അഭിനയിക്കുന്നത്. ആ കാര്യത്തിൽ ശരിക്കും മമ്മൂക്കയ്ക്ക് ക്രെഡിറ്റ് കൊടുക്കണം. നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിൽ അദ്ദേഹം മമ്മൂട്ടി ആയിട്ട് തന്നെയാണ് അഭിനയിക്കുന്നത്. മമ്മൂക്കയെന്ന സെൽഫായി, പ്രേക്ഷകർക്കറിയുന്ന മമ്മൂട്ടി ആയിട്ട് മാത്രമേ ആ സിനിമയിൽ അഭിനയിക്കാൻ കഴിയുകയുള്ളൂ.

ഇപ്പോൾ വേറൊരു ആക്ടറായിട്ടാണ് ആ സിനിമയിൽ വരുന്നതെങ്കിൽ മോഹൻലാൽ കുടിച്ചിട്ട് വരുമ്പോൾ പോടായെന്ന് പറയാൻ പറ്റും. പക്ഷെ മമ്മൂക്കയ്ക്ക് അങ്ങനെ ചെയ്യാൻ പറ്റില്ല. കാരണം മമ്മൂക്ക റിയൽ ലൈഫിൽ അങ്ങനെ ചെയ്യുന്ന ഒരാളല്ല. അതുകൊണ്ട് ഫ്രെയിം ടു ഫ്രെയിം മമ്മൂക്കയായി തന്നെ അദ്ദേഹം അഭിനയിക്കേണ്ടി വരും. അത് അദ്ദേഹം ഭംഗിയായി ചെയ്തു,’ജഗദീഷ് പറയുന്നു.

അതേസമയം ബസൂക്കയാണ് മമ്മൂട്ടിയുടേതായി അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്‌സ് , മമ്മൂട്ടി – വിനായകൻ ചിത്രം, മഹേഷ് നാരായണൻ ചിത്രം തുടങ്ങി ഒരുപിടി മികച്ച സിനിമകൾ മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുണ്ട്.

 

Content Highlight: Jagadhish About Number 20 Madras Mail Movie