എന്നെ നായകനാക്കാനും പറ്റുമെന്ന് തെളിയിച്ചത് ആ സിനിമയുടെ വിജയമാണ്: ജഗദീഷ്
Entertainment
എന്നെ നായകനാക്കാനും പറ്റുമെന്ന് തെളിയിച്ചത് ആ സിനിമയുടെ വിജയമാണ്: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 13th September 2024, 6:31 pm

ഇന്ത്യയിലെ ആദ്യ ത്രീ.ഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെ സിനിമാരംഗത്തേക്ക് പ്രവേശിച്ച നടനാണ് ജഗദീഷ്. 40 വര്‍ഷത്തോളമായി സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന ജഗദീഷ് കൊമേഡിയനായും നായകനായും സഹനടനായും കരിയറിന്റെ ആദ്യകാലങ്ങളില്‍ കഴിവ് തെളിയിച്ചു. 2015ല്‍ റിലീസായ ലീലയിലൂടെ ജഗദീഷ് ട്രാക്ക് മാറ്റി. അതുവരെ കാണാത്ത തരത്തിലുള്ള വേഷത്തില്‍ ജഗദീഷ് ഞെട്ടിച്ചു. പിന്നീടിങ്ങോട്ട് പുതിയൊരു ജഗദീഷിനെയാണ് മലയാളികള്‍ കണ്ടത്.

ആദ്യകാലങ്ങളില്‍ കോമഡി റോളുകളില്‍ മാത്രം ഒതുങ്ങി നിന്ന ജഗദീഷ് 90കളുടെ തുടക്കത്തില്‍ നിരവധി സിനിമകളില്‍ നായകനായി. ഭാര്യ, സ്ത്രീധനം, സിംഹവാലന്‍ മേനോന്‍ തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ ജഗദീഷ് നായകനായി. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ 1990ല്‍ റിലീസായ ഇന്‍ ഹരിഹര്‍ നഗര്‍ വിജയമായതിന് ശേഷമാണ് തനിക്ക് നായകവേഷങ്ങള്‍ കിട്ടിയതെന്ന് ജഗദീഷ് പറഞ്ഞു. താന്‍ നായകനായാല്‍ സിനിമ ഹിറ്റാകുമെന്ന് ഹരിഹര്‍ നഗറിന്റെ വിജയത്തിന് ശേഷം പല നിര്‍മാതാക്കള്‍ക്കും മനസിലായെന്ന് ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

ഭാര്യ, സ്ത്രീധനം പോലുള്ള ഹിറ്റുകള്‍ അങ്ങനെയാണ് ഉണ്ടായതെന്നും എന്നാല്‍ ഒരു സൂപ്പര്‍സ്റ്റാറാകാന്‍ തനിക്ക് കഴിയില്ലായിരുന്നെന്ന് ബോധ്യമുണ്ടായിരുന്നെന്നും ജഗദീഷ് പറഞ്ഞു. 2000ത്തിന് ശേഷം ക്യാരക്ടര്‍ റോളുകള്‍ ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്നും അത്തരം വേഷങ്ങള്‍ തേടി വരാത്തതിനാലാണ് ടെലിവിഷന്‍ രംഗത്ത് ശ്രദ്ധ കൊടുത്തതെന്നും ലീല തന്റെ കരിയറിലെ ടേണിങ് പോയിന്റായെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആദ്യകാലങ്ങളില്‍ വെറും കൊമേഡിയന്‍ റോളില്‍ മാത്രമായിരുന്നു ഞാന്‍. ഒരു സൂപ്പര്‍സ്റ്റാറാകണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. വര്‍ഷത്തില്‍ രണ്ടോ മൂന്നോ സിനിമകള്‍ ചെയ്യുക, അതിന്റെ കൂടെ ജോലിയും കൊണ്ടുപോവുക എന്നായിരുന്നു പ്ലാന്‍. ഇന്‍ ഹരിഹര്‍ നഗര്‍ ഹിറ്റായപ്പോള്‍ പല നിര്‍മാതാക്കള്‍ക്കും തോന്നിക്കാണും, ഇയാളെ നായകനാക്കിയാല്‍ സിനിമ ഹിറ്റാകുമെന്ന്. അങ്ങനെയാണ് ഭാര്യ, സ്ത്രീധനം പോലുള്ള സിനിമകള്‍ ഉണ്ടായത്.

അന്നൊന്നും മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെപ്പോലെ സൂപ്പര്‍സ്റ്റാറാകണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല. എനിക്കതിന് കഴിയില്ലെന്ന് നല്ല ബോധ്യമുണ്ടായിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് ഒരുപോലുള്ള കഥകള്‍ എന്നെ തേടി വന്നു. എനിക്ക് ക്യാരക്ടര്‍ റോളുകള്‍ ചെയ്യാനായിരുന്നു ആഗ്രഹം. അത്തരത്തിലുള്ള വേഷങ്ങള്‍ എന്നെ തേടി വരാത്തതുകൊണ്ട് ഞാന്‍ ടെലിവിഷന്‍ രംഗത്തേക്ക് ശ്രദ്ധ കൊടുത്തു. പിന്നീട് ലീലയിലൂടെ എന്റെ കരിയര്‍ ഞാന്‍ ആഗ്രഹിച്ചതുപോലെ മാറി,’ ജഗദീഷ് പറഞ്ഞു.

Content Highlight: Jagadeesh about In Harihar Nagar movie