സര്‍ക്കാരും ആരോഗ്യവകുപ്പും ജനങ്ങളെ പൊട്ടന്മാരാക്കുകയാണ്; എലിപ്പനി പ്രതിരോധമരുന്നിനെതിരെ വ്യാജപ്രചരണവുമായി വീണ്ടും വടക്കാഞ്ചേരി
Kerala News
സര്‍ക്കാരും ആരോഗ്യവകുപ്പും ജനങ്ങളെ പൊട്ടന്മാരാക്കുകയാണ്; എലിപ്പനി പ്രതിരോധമരുന്നിനെതിരെ വ്യാജപ്രചരണവുമായി വീണ്ടും വടക്കാഞ്ചേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd September 2018, 6:51 pm

jതിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നുപിടിക്കുന്നതിനിടയില്‍ പ്രതിരോധമരുന്നുകള്‍ക്കെതിരെ തെറ്റിദ്ധാരണ പരത്തുന്ന വീഡിയോയുമായി ജനാരോഗ്യ പ്രസ്ഥാനം ചെയര്‍മാന്‍ ജേക്കബ് വടക്കാഞ്ചേരി. ആരോഗ്യവകുപ്പ് എലിപ്പനി പ്രതിരോധത്തിനായി കഴിക്കാന്‍ നിര്‍ദ്ദേശിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഡോക്‌സിസൈക്ലിനെതിരെയാണ് വടക്കാഞ്ചേരിയുടെ പ്രചരണം.

ഡോക്‌സിസൈക്ലിന്റെ ഡോസുകള്‍ സന്നദ്ധപ്രവര്‍ത്തകര്‍ നിര്‍ബന്ധമായും എടുത്തിരിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ ചികിത്സാ പ്രോട്ടോക്കോളിലും നിര്‍ദ്ദേശമുണ്ട്.

ഡോക്‌സിസൈക്ലിന്‍ ആന്റിബയോട്ടിക് മരുന്നാണെന്നും, ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുതെന്നാണ് ലോകാരോഗ്യസംഘടനയടക്കം നിര്‍ദ്ദേശിക്കുന്നതെന്നും വടക്കാഞ്ചേരി ലൈവ് വീഡിയോയില്‍ പറയുന്നു. മറ്റു കെമിക്കലുകളും ഭക്ഷ്യവസ്തുക്കളുമായി ഡോക്‌സിസൈക്ലിന്‍ പ്രതിപ്രവര്‍ത്തനം നടത്തുകയും, ഇന്നല്ലെങ്കില്‍ നാളെ അതിന്റെ ദൂഷ്യവശങ്ങള്‍ മരുന്നു കഴിക്കുന്നയാളെ രോഗിയാക്കി മാറ്റുമെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

 

Also Read:എലിപ്പനി: ഇന്ന് അഞ്ചു മരണം: സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം

 

സര്‍ക്കാരുകളും ആരോഗ്യവകുപ്പും ചേര്‍ന്ന് നടത്തുന്ന പ്രചരണ പരിപാടിയിലൂടെ ജനങ്ങളെ പൊട്ടന്മാരാക്കുകയാണ്. പ്രതിരോധമരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ ആരും വിശദീകരിച്ചു നല്‍കുന്നില്ല. ആയുര്‍വേദ ചികിത്സയില്‍ എലിപ്പനിക്കുള്ള പ്രതിവിധികള്‍ എന്താണെന്ന് അന്വേഷിക്കൂ എന്നും വടക്കാഞ്ചേരി ആവശ്യപ്പെടുന്നുണ്ട്.

ആയുര്‍വേദത്തിലും പ്രകൃതി ചികിത്സയിലും പ്രതിരോധത്തിനു വഴികളുണ്ടെങ്കിലും ആരോഗ്യവകുപ്പിന്റെ അനിഷ്ടവും കേസുകളും ഭയന്ന് സംഘടനകളെല്ലാം മിണ്ടാതിരിക്കുകയാണ്. പ്രകൃതി ചികിത്സകര്‍ എന്തെങ്കിലും പറഞ്ഞാന്‍ കേസ് കൊടുക്കാന്‍ ഓടുന്നവരുണ്ടെന്നും വടക്കാഞ്ചേരി വീഡിയോയില്‍ പറയുന്നു.

 

Also Read: Fact Check- പ്രളയ ദുരിതത്തില്‍ കേന്ദ്രത്തിന്റെ സഹായങ്ങള്‍; പ്രചരണങ്ങളും യാഥാര്‍ത്ഥ്യങ്ങളും

 

ഡാമുകള്‍ തുറന്നുവിട്ടതാണ് പ്രളയത്തിനു കാരണമെന്നു പറയുന്ന വടക്കാഞ്ചേരി, മാലിന്യങ്ങളും ചെളിയും കണ്ട് ഭയക്കേണ്ടെന്നും പ്രളയബാധിതരെ ഉപദേശിക്കുന്നുണ്ട്. കക്കൂസിലെ മാലിന്യങ്ങള്‍ കണ്ടു ഭയക്കേണ്ടതില്ല, അതില്‍ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രമല്ലേയുള്ളൂ, വയറ്റിലും അതു തന്നെയല്ലേയുള്ളതെന്നും വടക്കാഞ്ചേരി ചോദിക്കുന്നുണ്ട്.

വടക്കാഞ്ചേരിയുടെ ലൈവ് വീഡിയോയ്ക്കു കീഴില്‍ വലിയ വിമര്‍ശനങ്ങളാണ് കമന്റുകളായി വരുന്നത്. സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായ വീഡിയോയ്ക്കു താഴെ പലരും ആരോഗ്യവകുപ്പു മന്ത്രിയെയും കേരള പൊലീസിനെയും മെന്‍ഷന്‍ ചെയ്യുന്നുമുണ്ട്. നേരത്തേ നിപാ വൈറസ് ബാധയുമായി ബന്ധപ്പെട്ട വ്യാജപ്രചരണത്തിന്റെ പേരില്‍ ജേക്കബ് വടക്കാഞ്ചേരിക്കെതിരെ കേസെടുത്തിരുന്നു.