ഓസ്‌ട്രേലിയക്കെതിരെ ചരിത്ര പ്രസിദ്ധമായ ആഷസ് പരമ്പരക്കൊരുങ്ങുന്ന ഇംഗ്ലണ്ടിന് വന്‍ തിരിച്ചടി. സൂപ്പര്‍ താരം ജാക്ക് ലീച്ച് പരിക്കേറ്റ് പുറത്തായതാണ് ഇംഗ്ലണ്ടിന് തലവേദനയായിരിക്കുന്നത്.
പുറംഭാഗത്തിനേറ്റ പരിക്കാണ് ലീച്ചിനെ പിന്നോട്ട് വലിച്ചിരിക്കുന്നത്. ആഷസിന് ഇത്തവണ ആതിഥേയത്വം വഹിക്കുന്ന ഇംഗ്ലണ്ട് ഇതുവരെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല.
‘ശനിയാഴ്ച അയര്‍ലന്‍ഡിനെതിരായ ടെസ്റ്റ് വിജയത്തിനിടെ സോമര്‍സെറ്റ് സ്ലോ ലെഫ്റ്റ് ആം ബൗളര്‍ക്ക് (ജാക്ക് ലീച്ച്) പുറം വേദനയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. ഞായറാഴ്ച ലണ്ടനില്‍ നടത്തിയ സ്‌കാനിങ്ങില്‍ സ്‌ട്രെസ് ഫ്രാക്ചറുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
ജൂണ്‍ 16ന് എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന പരമ്പരയില്‍ നിന്നും അദ്ദേഹം വിട്ടുനില്‍ക്കേണ്ടി വന്നേക്കും. ആഷസ് പരമ്പരയില്‍ ലീച്ചിന്റെ പകരക്കാരനെ ഇംഗ്ലണ്ട് യഥാസമയം പ്രഖ്യാപിക്കും,’ ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ മികച്ച പ്രകടനമാണ് ലീച്ച് കാഴ്ചവെച്ചത്.
അതേസമയം, ജൂണ്‍ 16ന് ആഷസിന്റെ 73ാം എഡിഷന് തുടക്കമാകും. എഡ്ജ്ബാസ്റ്റണാണ് വേദി. നിലവില്‍ ഓസ്‌ട്രേലിയയാണ് ആഷസ് ചാമ്പ്യന്‍മാര്‍. ആഷസ് ട്രോഫി എന്ത് വിധേനയും നേടിയെടുക്കണമെന്ന വാശിയാണ് മക്കെല്ലത്തിന് കീഴില്‍ ഇറങ്ങുന്ന ഇംഗ്ലണ്ടിനുള്ളത്.