വിദേശാധിപത്യത്തില്‍നിന്ന് ഇന്ത്യയെ മോചിപ്പിക്കാന്‍ മഹാഭൂരിപക്ഷം ജനങ്ങള്‍ പൊരുതിയ നാളുകളില്‍ വിദേശികളുടെ ചാരന്മാരായി പ്രവര്‍ത്തിച്ച ഹിന്ദു മഹാസഭയുടെയും ആര്‍.എസ്.എസിന്റെയും പിന്‍ഗാമികളായ മോദി-അമിത് ഷാമാര്‍ വീണ്ടും രാജ്യത്തിന്റെ ഒറ്റുകാരായി മാറിയിരിക്കുന്നു.
ഈ ഒറ്റുകാര്‍ ഇന്ത്യയിലെ ജനങ്ങളോട് ആവശ്യപ്പെടുകയാണ്, ‘നിങ്ങള്‍ ഇന്ത്യക്കാരാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍’. മുസ്ലിങ്ങളെ ഒറ്റപ്പെടുത്തി അവര്‍ക്കുമേല്‍ ‘വിദേശികള്‍’ എന്ന മുദ്ര ചാര്‍ത്തിക്കൊണ്ട്, സവര്‍ണ-അവര്‍ണ-ദളിത് ജാതികളെ ‘ഹിന്ദു’ എന്ന പേരില്‍ ഒന്നിപ്പിക്കുകയായിരുന്നു, പൗരത്വ ഭേദഗതി ബില്ലിന്റെ ഗൂഢലക്ഷ്യം.
പക്ഷേ, പൗരത്വം തെളിയിക്കുന്ന രേഖകള്‍ ആര്‍ക്കാണുണ്ടാവുക? ഇന്ത്യയിലെ അവര്‍ണ ജാതികളിലും ദളിതരിലും പെട്ട ഭൂരിപക്ഷമാളുകളും സ്വന്തം പേരില്‍ ഭൂമിയോ വീടോ ഇല്ലാത്തവരാണ്.
വലിയൊരു വിഭാഗവും സ്ഥിരമായ തൊഴില്‍ ഇല്ലാത്തവരും. പൗരത്വ പട്ടികയില്‍നിന്നും പുറത്താവുന്നത് മുസ്‌ലിങ്ങള്‍ മാത്രമല്ല, താഴ്ന്ന ജാതിക്കാരുമാണ്. പൗരത്വ പട്ടികയും പൗരത്വ ഭേദഗതി ബില്ലും രണ്ടുതരം വിവേചനമാണ് നടപ്പാക്കുന്നത്.
സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥികളോ വിദേശികളോ അനധികൃത കുടിയേറ്റക്കാരോ ആകുമോ എന്ന ഭയം വേട്ടയാടുന്നത് മുസ്‌ലിങ്ങളെ മാത്രമല്ല. ഭൂവുടമസ്ഥത ഉള്‍പ്പെടെയുള്ള പൗരത്വ രേഖകളില്ലാത്ത അവര്‍ണ-ദളിത്-ആദിവാസി ജനതകളെയും ഇന്ന് ഈ ഭയം വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു.
അസമിലെ പൗരത്വപട്ടികയില്‍ നിന്നും പുറത്തായ ‘ഹിന്ദുക്കള്‍’ യഥാര്‍ത്ഥത്തില്‍ ആരാണ്? അവര്‍ക്ക് പൗരത്വപട്ടികയില്‍ ഇടംപിടിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? കിഴക്കന്‍ ബംഗാളില്‍നിന്ന് പല ഘട്ടങ്ങളില്‍ കുടിയേറിയ ‘നാമശൂദ്രര്‍’ എന്ന ജാതി വിഭാഗമാണ് അസമിലെ പൗരത്വപട്ടികയില്‍നിന്നും പുറത്തായത്.
ഇവരെ ചണ്ഡാളര്‍ എന്നും തൊട്ടുകൂടാത്തവര്‍ എന്നും അധമര്‍ എന്നുമാണ് ബംഗാളിലെ സവര്‍ണ ഹിന്ദുക്കള്‍ വിശേഷിപ്പിച്ചിരുന്നത്. ‘നാമശൂദ്രര്‍’ പൂര്‍ണമായും ഭൂരഹിതരാണ്. കൂലിപ്പണി അന്വേഷിച്ചാണ് ഇവര്‍ അസമിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും കുടിയേറിയത്. പുറമ്പോക്കുകളിലെ കുടിലുകളിലാണ് ഇവര്‍ താമസിക്കുന്നത്.
സ്വന്തം പേരില്‍ ഭൂമിയില്ലാത്തതുകൊണ്ടുതന്നെ, സര്‍ക്കാര്‍ ആവശ്യപ്പെടുന്ന പൗരത്വ രേഖകള്‍ ഹാജരാക്കാന്‍ ഈ മനുഷ്യര്‍ക്ക് കഴിഞ്ഞില്ല. അതുകൊണ്ടാണ് അവര്‍ പൗരത്വ പട്ടികയില്‍നിന്ന് പുറത്തായതും അനധികൃത കുടിയേറ്റക്കാരായതും.
ഇനി അവരെ കാത്തിരിക്കുന്നത് തടങ്കല്‍ പാളയങ്ങളാണ്. ഹിന്ദു വോട്ടുബാങ്കുകളിലേക്ക് ആകര്‍ഷിക്കാനായി മോദി-അമിത് ഷാമാര്‍ ആസൂത്രണം ചെയ്ത പദ്ധതികള്‍ ‘നാമശൂദ്രര്‍’ എന്ന ഹിന്ദുക്കളെ എത്തിക്കുന്നത് തടങ്കല്‍ പാളയങ്ങളിലാണ്. സ്വാതന്ത്ര്യ സമരനാളുകളില്‍ ഇന്ത്യക്കാരെ ഒറ്റുകൊടുത്തവര്‍ അപ്പോള്‍ ഇന്ത്യക്കാരെ തടങ്കല്‍ പാളയങ്ങളിലടയ്ക്കുന്നു.