മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്ന് മനസ്സിലായി, അതാണ് സഹായത്തിന് പ്രതിപക്ഷത്തെ വിളിക്കുന്നത്; മമതയെ ലക്ഷ്യമിട്ട് ജെ.പി നദ്ദ
national news
മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്ന് മനസ്സിലായി, അതാണ് സഹായത്തിന് പ്രതിപക്ഷത്തെ വിളിക്കുന്നത്; മമതയെ ലക്ഷ്യമിട്ട് ജെ.പി നദ്ദ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st March 2021, 10:42 pm

കൊല്‍ക്കത്ത: ബംഗാളില്‍ ഒരു മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിലാണ് തന്റെ യാത്രയെന്ന് മമത ബാനര്‍ജിയ്ക്ക് മനസ്സിലായെന്നും അതുകൊണ്ടാണ് സഹായത്തിനായി പ്രതിപക്ഷ പാര്‍ട്ടികളെ വിളിക്കുന്നതെന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ.

ബി.ജെ.പിയ്‌ക്കെതിരെ പ്രവര്‍ത്തിക്കാന്‍ സഹായമാവശ്യപ്പെട്ട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കത്തെഴുതിയ പശ്ചാത്തലത്തിലായിരുന്നു നദ്ദയുടെ വിമര്‍ശനം.

രാജ്യത്തെ ബി.ജെ.പി സ്വാധീനം അവസാനിപ്പിക്കാനും ഭരണഘടനയെ സംരക്ഷിക്കാനുമായി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ഉള്‍പ്പടെയുള്ള ബി.ജെ.പി ഇതര നേതാക്കള്‍ക്കാണ് മമത ബാനര്‍ജി കത്തയച്ചത്.

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ക്കാണ് മമത കത്തയച്ചത്.

‘ബി.ജെ.പി ആക്രമണങ്ങള്‍ക്കെതിരെ പോരാടാനും ഭരണഘടനയെ സംരക്ഷിക്കാനുമായി ഒന്നിച്ചുപ്രവര്‍ത്തിക്കേണ്ട സമയമായെന്ന് എനിക്ക് തോന്നുന്നു,’ എന്ന് മമത ട്വിറ്ററിലെഴുതി.

അതേസമയം മമതയുടെ കത്തിന് മറുപടിയുമായി എന്‍.സി.പി നേതാവ് നവാബ് മാലിക് രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ മമതയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഏപ്രില്‍ ഒന്ന് മുതല്‍ 3 വരെയുള്ള തിയതികളില്‍ ബംഗാളില്‍ മമതയ്ക്കായി ശരദ് പവാര്‍ പ്രചാരണം നടത്താനിരിക്കുകയായിരുന്നുവെന്നും അതിനിടയിലാണ് അദ്ദേഹത്തെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും നവാബ് പറഞ്ഞു.

മാര്‍ച്ച് 27 നാണ് ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്നത്. 70 ശതമാനത്തിലേറെ പോളിംഗാണ് ഒന്നാംഘട്ടത്തില്‍ രേഖപ്പെടുത്തിയത്.

ഞായറാഴ്ച മുതല്‍ മമത നന്ദിഗ്രാമില്‍ ക്യാംപ് ചെയ്യുകയാണ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണം അവസാനിപ്പിക്കേണ്ട അവസാന ദിവസം മാര്‍ച്ച് 30 ആയിരുന്നു. 39 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: J P Nadda Slams Mamatha Banerjee’s Letter To Opposition