മഹാമാരിയില്‍ ബി.ജെ.പിയെ കരകയറ്റിയ 'നിശബ്ദനായ സംഘാടകന്‍' പൊതുതെരഞ്ഞെടുപ്പിലും കരുത്താകുമോ?
national news
മഹാമാരിയില്‍ ബി.ജെ.പിയെ കരകയറ്റിയ 'നിശബ്ദനായ സംഘാടകന്‍' പൊതുതെരഞ്ഞെടുപ്പിലും കരുത്താകുമോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th January 2023, 5:27 pm

ന്യൂദല്‍ഹി: ജഗ്ത് പ്രകാശ് നദ്ദ എന്ന ജെ.പി. നദ്ദയെ 2024 പൊതുതെരഞ്ഞെടുപ്പ് വരെ ദേശീയ അധ്യക്ഷനായി നിലനിര്‍ത്താനുള്ള തീരുമാനമെടുത്തിലെത്തിയിരിക്കുകയാണ് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗം.

ദേശീയ നിര്‍വാഹക സമിതി യോഗം ഐകകണ്‌ഠ്യേനയെടുത്ത തീരുമാനം ബി.ജെ.പിയുടെ മുന്‍ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായാണ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ജെ.പി. നദ്ദയുടെയും നേതൃത്വത്തില്‍ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 2019ലേതിനേക്കാള്‍ മികച്ച വിജയം നേടുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അമിത് ഷാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊവിഡ് മഹാമാരി കാലത്ത് അടക്കം സംഘടനയെ മികച്ച രീതിയില്‍ നദ്ദ മുന്നോട്ട് കൊണ്ടുപോയെന്നതും. നദ്ദയുടെ കീഴില്‍ ബംഗാളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചുവെന്നും അമിത് ഷാ പറഞ്ഞു.

ഈ വര്‍ഷം കര്‍ണാടകയും രാജസ്ഥാനും മധ്യപ്രദേശും ഉള്‍പ്പെടെ ഒമ്പത് സംസ്ഥാന തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. കൂടാതെ അടുത്ത വര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് കൂടി ചുക്കാന്‍ പിടിക്കാന്‍ കരുത്തുറ്റ നേതൃത്വം വേണമെന്നതിന്റെ അടിസ്ഥാനത്തിലാണ് നദ്ദയുടെ കാലാവധി നീട്ടി നല്‍കുന്നത്.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മോദിയുടെ തട്ടകമായ ഗുജറാത്തില്‍ ബി.ജെ.പിക്ക് വന്‍ മുന്നേറ്റം കാഴ്ചവെക്കാന്‍ സാധിച്ചെങ്കിലും നദ്ദയുടെ തട്ടകമായ ഹിമാചലില്‍ വന്‍ പരാജയമാണ് പാര്‍ട്ടിക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. ഇത് ദേശീയ അധ്യക്ഷന്‍ എന്ന നിലയില്‍ നദ്ദക്കൊരു അടിയായി.

പക്ഷേ ഇതൊന്നും കണ്ടല്ല 2020 ജനുവരി 20 മുതല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടരുന്ന ബി.ജെ.പി നദ്ദയെ പാര്‍ട്ടി നേതൃത്വം നിലനിര്‍ത്തിയത്. കൊവിഡ് പ്രതിസന്ധി നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിനും വീഴ്ചയുണ്ടായെന്ന വ്യാപക വിമര്‍ശനത്തെ മറികടക്കാന്‍ വന്‍ സേവന പദ്ധതികളാണ് നദ്ദയുടെ നേതൃത്വത്തില്‍ നടപ്പാക്കിയത്.

കൊവിഡ് വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കുക, ബോധവല്‍ക്കരണം നടത്തുക, രോഗം ബാധിച്ച ആളുകളെ സഹായിക്കുക എന്നീ ലക്ഷ്യങ്ങളോടെ രാജ്യവ്യാപകമായി സന്നദ്ധ സേവന പരിപാടികള്‍ നടത്തിയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ വീഴ്ച മറച്ചുവെച്ചത്.

ഒന്നാം മോദി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്നു നദ്ദ. പിന്നാലെ അമിത് ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ നദ്ദയെ വര്‍ക്കിങ് പ്രസിഡന്റായി നിയമിക്കുകയായിരുന്നു.

തുടര്‍ന്ന് നദ്ദ അധ്യക്ഷനായെങ്കിലും ബി.ജെ.പി.യുടെ നയങ്ങളിലോ നിലപാടുകളിലോ മാറ്റമുണ്ടായില്ല. മോദി-ഷാ കൂട്ടുകെട്ടിന്റെ ഭാഗമായ നദ്ദ ‘നിശബ്ദനായ സംഘാടകന്‍’ എന്നാണ് പാര്‍ട്ടിക്കുള്ളില്‍ അറിയപ്പെടുന്നത്.

Content Highlight: J P Nadda gets extension, to continue as BJP chief till June 2024