കലാപകാരികളെ രാജ്യസ്‌നേഹികളെന്ന് വിളിച്ച് ഇവാങ്ക; കാര്യങ്ങള്‍ കൈവിട്ടപ്പോള്‍ ട്വീറ്റ് മുക്കി
World News
കലാപകാരികളെ രാജ്യസ്‌നേഹികളെന്ന് വിളിച്ച് ഇവാങ്ക; കാര്യങ്ങള്‍ കൈവിട്ടപ്പോള്‍ ട്വീറ്റ് മുക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th January 2021, 9:35 am

വാഷിംഗ്ടണ്‍: ക്യാപിറ്റോള്‍ മന്ദിരത്തില്‍ ആക്രമണം അഴിച്ചുവിട്ട ട്രംപ് അനുകൂലികളെ രാജ്യസ്‌നേഹികള്‍ എന്ന് വിളിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപ്. ട്വിറ്ററിലായിരുന്നു ഇവാങ്ക ട്രംപിന്റെ പ്രതികരണം.

” അമേരിക്കന്‍ രാജ്യസ്‌നേഹികളെ- സുരക്ഷാ വീഴ്ചകളും ക്രമസമാധാന പാലനത്തില്‍ തടസം നില്‍ക്കുന്നതും അംഗീകരിക്കാന്‍ കഴിയാത്തതാണ്” എന്നായിരുന്നു ഇവാങ്ക ട്വീറ്റ് ചെയ്തത്. അക്രമം അവസാനിപ്പിക്കണമെന്നും സമാധാനപരമായി നില്‍ക്കണമെന്നും ഇവാങ്ക പറഞ്ഞിരുന്നു.

ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടക്കുന്ന ആക്രമണങ്ങളെ ഇവാങ്ക അപലപിച്ചെങ്കിലും ട്രംപ് അനുകൂല മുദ്രാവാക്യം വിളിച്ച് ക്യാപിറ്റോളിലെത്തി കലാപം അഴിച്ചുവിട്ടവരെ രാജ്യസ്‌നേഹികള്‍ എന്ന് വിളിച്ചത് വലിയ വിവാദമാകുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ഇവാങ്ക ട്വീറ്റ് ഡിലീറ്റ് ചെയ്തത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തെറ്റിദ്ധരിപ്പിക്കുന്നതും അക്രമത്തിന് ആഹ്വാനം ചെയ്യന്നതുമായ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ട്വിറ്റര്‍ ട്രംപിന്റെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു.

ക്യാപിറ്റോള്‍ മന്ദിരത്തില്‍ ട്രംപ് അനുകൂലികള്‍ തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ വന്‍ പ്രതിഷേധം നടത്തുന്നതിനിടെ ട്രംപ് പോസ്റ്റ് ചെയ്ത വീഡിയോയാണ് ട്വിറ്ററില്‍ നിന്നും കടുത്ത നടപടിക്ക് കാരണമായത്.

ഈ പ്രതിഷേധക്കാരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള മൂന്ന് ട്വീറ്റുകള്‍ നീക്കം ചെയ്യാനും ട്വിറ്റര്‍ ട്രംപിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ നീക്കം ചെയ്ത 12 മണിക്കൂറിന് ശേഷമേ അക്കൗണ്ട് പുനസ്ഥാപിക്കൂ. ഈ ട്വീറ്റുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് അക്കൗണ്ട് മരവിപ്പിക്കുമെന്നും ഇനിയും ഇത്തരം ചട്ടലംഘനങ്ങള്‍ ഉണ്ടായാല്‍ ട്രംപിന്റെ അക്കൗണ്ട് എക്കാലത്തേക്കുമായി നീക്കം ചെയ്യുമെന്നും ട്വിറ്റര്‍ അറിയിച്ചിട്ടുണ്ട്.

ട്വിറ്ററിന് പിന്നാലെ ട്രംപിനെതിരെ നടപടി സ്വീകരിച്ച് മറ്റു സമൂഹമാധ്യമങ്ങളും രംഗത്തെത്തിയിട്ടുണ്ട്. അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ട്രംപിന്റെ പുതിയ വീഡിയോ യൂട്യൂബും ഫേസ്ബുക്കും നീക്കം ചെയ്തിട്ടുണ്ട്.

പുതിയ പ്രസിഡന്റായി ജോ ബൈഡനെ പ്രഖ്യാപിക്കുന്നതിനുള്ള യു.എസ് കോണ്‍ഗ്രസ്-സെനറ്റ് സംയുക്ത യോഗം നടക്കുന്നതിനിടെ ട്രംപ് അനുകൂലികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഘര്‍ഷത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു.

വാഷിംഗ്ടണിലേക്ക് മാര്‍ച്ച് നടത്താനും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതിരിക്കാനും നേരത്തെ ട്രംപ് ആഹ്വാനം ചെയ്തിരുന്നു. അമേരിക്കന്‍ ചരിത്രത്തിലാധ്യമായാണ് വാഷിംഗ്ടണ്‍ ഡി.സിയില്‍ ഇത്ര ഗൗരവമായ സുരക്ഷാ ലംഘനങ്ങള്‍ നടക്കുന്നത്.

ജോ ബൈഡന്റെ വിജയം സ്ഥിരീകരിക്കുന്നത് തടയാന്‍ അക്രമികള്‍ ഇലക്ട്രല്‍ കോളേജ് വോട്ടെണ്ണുന്നത് തടയുകയാണ്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനേയും മറ്റ് കോണ്‍ഗ്രസ് അംഗങ്ങളേയും സുരക്ഷ കണക്കിലെടുത്ത് സ്ഥലത്തു നിന്ന് മാറ്റി.

ഇത് വിയോജിപ്പിനുള്ള അവകാശമല്ല കലാപം സൃഷ്ടിക്കലാണെന്ന് ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന ആക്രമണത്തില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ പറഞ്ഞു.

അമേരിക്കന്‍ ജനാധിപത്യത്തിന്റെ പ്രതീകമായി കാണുന്ന ക്യാപിറ്റോള്‍ മന്ദിരത്തിനു നേരെയുള്ള അക്രമം ലിബറല്‍ ജനാധിപത്യത്തിന് പേരുകേട്ട അമേരിക്കയുടെ പ്രശസ്തിക്ക് വലിയ പ്രഹരമാണ് ഏല്‍പ്പിച്ചത്.

നേരത്തെ തന്നെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കവുമായി ട്രംപ് മുന്നോട്ട് വന്നിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയം സമ്മതിക്കാന്‍ ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ivanka Trump calls rioters “patriots,” then deletes tweet